ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവിൽ വയോധിക മരിച്ച സംഭവം
പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്


സ്വന്തം ലേഖകൻ
Published on Nov 28, 2026, 01:30 AM | 1 min read
കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവുമൂലം വയോധിക മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ പ്രതികാര നടപടി. ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. 41 പേർക്കെതിരെയാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്. ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്‌ക്ക് വിധേയായ ചീമേനി ചെമ്പ്രകാനത്തെ വി വി മാധവി (71) കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് മരിച്ചത്. ശസ്‌ത്രക്രിയ പൂർത്തിയാക്കി മണിക്കൂറുകൾ പിന്നിട്ടിട്ടും മാധവിയെക്കുറിച്ച് വിവരമൊന്നുമില്ലാതിരുന്നതിനെതുടർന്ന് ബന്ധുക്കൾ അന്വേഷിച്ചു. ജീവനക്കാർ കൃത്യമായ മറുപടി നൽകിയില്ല. പകൽ രണ്ടോടെ മാധവിയെ ഓപ്പറേഷൻ തിയറ്ററിൽനിന്ന് പുറത്തുകൊണ്ടുവന്നപ്പോൾ മരവിച്ച നിലയിലായിരുന്നു. എന്നാൽ തിടുക്കത്തിൽ ഐസിയുവിലേക്ക് കൊണ്ടുപോവുകുകയായിരുന്നുവെന്നും മരണവിവരം ഏറെനേരം മറച്ചുവെച്ചുവെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു. കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം നടത്താത്തതിൽ പ്രതിഷേധിച്ചാണ് ചൊവ്വ വൈകീട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിലെത്തി പ്രതിഷേധിച്ചത്. ജില്ലാ സെക്രട്ടറി എം വി രതീഷ്, പ്രസിഡന്റ് വി ഗിനീഷ്, ശ്രീജിത്ത് രവീന്ദ്രൻ, ഡോ. സെറീന സലാം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇതിനെതിരെയാണ് ആശുപത്രി സംരക്ഷണ നിയമം പ്രകാരം ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തത്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ സംഭവത്തിൽ അന്വേഷണം നടത്താൻ ഡിഎംഒ ഡെപ്യൂട്ടി ഡിഎംഒയെ ചുമതലപ്പെടുത്തിയിരുന്നു, ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ നടത്തിയ പ്രതിഷേധത്തിനെതിരായ പ്രതികാര നടപടിയാണെന്നിതെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം വി രതീഷ് പറഞ്ഞു.









0 comments