ad
Deshabhimani

കുട്ടികൾ ഉൾപ്പെടെ രക്ഷപ്പെട്ടത്‌ തലനാരിഴയ്ക്ക്

പുലിപ്പേടിയിൽ ഇരിയണ്ണിക്കാർ

പുലി
വെബ് ഡെസ്ക്

Published on Sep 15, 2026, 02:00 AM | 2 min read

​ഇരിയണ്ണി

മുളിയാർ പഞ്ചായത്തിലെ ഇരിയണ്ണിയും സമീപപ്രദേശങ്ങളും കടുത്ത പുലിഭീതിയിൽ. ജനവാസ മേഖലകളിലും റോഡുകളിലും പട്ടാപ്പകലും സന്ധ്യാസമയങ്ങളിലും പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവായതോടെ, കുട്ടികളെ സ്‌കൂളിൽ വിടാനും പുറത്തിറങ്ങാനുംപോലും ഭയക്കുകയാണ് നാട്ടുകാർ. തൊട്ടുമുന്നിൽ പുലിയെ കണ്ട് കുട്ടികളും സ്ത്രീകളും തലനാരിഴയ്ക്കാണ് പലയിടങ്ങളിലും രക്ഷപ്പെടുന്നത്. ​ കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ഇരിയണ്ണി-തീയ്യടുക്കം റോഡിൽ യുവതിയും മക്കളും സഞ്ചരിച്ച സ്കൂട്ടറിന് തൊട്ടുമുന്നിലൂടെയാണ്, റോഡ് മുറിച്ചുകടന്ന വളർത്തുനായയെ പിന്തുടർന്ന് പുലി പാഞ്ഞടുത്തത്. തീയ്യടുക്കത്തെ ശിവപ്രിയയും മക്കളായ ഇവ്‌ലിൻ, ഇഷ എന്നിവരുമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അസുഖബാധിതയായ മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങവേയായിരുന്നു സംഭവം. മുൻ മുളിയാർ പഞ്ചായത്ത് അംഗം സി. നാരായണിക്കുട്ടിയുടെ വളർത്തുനായയെ ഇവരുടെ കൺമുന്നിൽവെച്ചാണ് പുലി കടിച്ചുകൊണ്ടുപോയത്. ഒന്നര വർഷം മുൻപും ഇവരുടെ നായയെ പുലി പിടികൂടിയിരുന്നു. ​ കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന ബേപ്പ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി എ വൈദേവ് കുറ്റിയടുക്കത്തുവെച്ച് പുലിയുടെ മുന്നിൽപ്പെട്ടു. ഭയന്നുവിറച്ച വിദ്യാർഥി, സമീപത്ത് കുട്ടികൾ ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന ഗ്രൗണ്ടിലേക്ക് ഓടിയാണ് രക്ഷപ്പെട്ടത്. പാണൂർ ബാലനടുക്കത്തും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ​ വളർത്തുനായ്ക്കൾ ലക്ഷ്യം ​പ്രദേശത്തെ വളർത്തുനായ്ക്കളെ ലക്ഷ്യമിട്ടാണ് പുലി പ്രധാനമായും എത്തുന്നത്. തീയ്യടുക്കത്തെ സി സുകുമാരൻ നായരുടെ വീടിന് മുന്നിലെത്തിയ പുലി, ഇരുമ്പുകൂടിന് മറയായി കെട്ടിയിരുന്ന പ്ലാസ്റ്റിക് ഷീറ്റ് തകർത്ത് നായയെ പിടികൂടാൻ ശ്രമം നടത്തിയിരുന്നു. ​അധികൃതരുടെ 
നിസ്സംഗതയിൽ 
പ്രതിഷേധം ​അടുത്തടുത്ത ദിവസങ്ങളിൽ പുലിയുടെ സാന്നിധ്യവും ആക്രമണങ്ങളും ഉണ്ടായിട്ടും വനംവകുപ്പും മുളിയാർ പഞ്ചായത്ത് ഭരണസമിതിയും ആവശ്യമായ ജാഗ്രതയോ നടപടികളോ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇരിയണ്ണിയിലും പരിസരങ്ങളിലും അടിയന്തരമായി കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്ന് പഞ്ചായത്തംഗം ഇ മോഹനനും നാട്ടുകാരും ആവശ്യപ്പെട്ടു. ​നടപടി വേണം: 
കർഷകസംഘം ​പുലിഭീതി മൂലം നാട്ടിൽ ആളുകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയുണ്ടായിട്ടും നടപടി സ്വീകരിക്കാത്ത വനംവകുപ്പിന്റെ നിലപാടിൽ കർഷകസംഘം കാറഡുക്ക ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. ജനങ്ങളുടെ ഭീതി അകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും, കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാൻ ഉദ്യോഗസ്ഥതല ഇടപെടൽ ഉണ്ടാകണമെന്നും ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home