കയ്യൂരിന്റെ കനലെരിയുന്നുണ്ട് ഇൗ കൊടിമരത്തിൽ

കയ്യൂർ
ലോകചരിത്രങ്ങളിലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിൽ ഇന്നും മായാതെ കിടക്കുന്നുണ്ട് കയ്യൂർ സമരം. ജൻമി സാമ്രാജ്യത്വ വിരുദ്ധ പേരാട്ടങ്ങളുടെ ഭാഗമായി തൂക്കുമരം വരിച്ച കർഷക പോരാളികളുടെ രക്തംകൊണ്ട് ചുവപ്പിച്ച മണ്ണാണ് കയ്യൂർ. കമ്യൂണിസ്‌റ്റ് പാർടിയുടെ നട്ടെല്ലായ കർഷക പ്രവർത്തകരും വിപ്ലവ നേതാക്കളും ഒത്തുചേർന്ന് രൂപപ്പെടുത്തിയ കർഷകസംഘമായിരുന്നു പോരാട്ടങ്ങളുടെ തീച്ചൂ ട്ടേന്തിയത്. കർഷകസംഘത്തിന്റെ 28–ാം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ചേരുമ്പോൾ പൊതുസമ്മേളന നഗരിയായ വി എസ് അച്ചുതാനന്ദൻ നഗറിൽ ഉയർത്താനുള്ള കൊടിമരം കയ്യൂർ രക്തസാക്ഷി മന്ദിരത്തിൽ ഒരുങ്ങുകയാണ്. ബുധനാഴ്‌ച കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും കൊടിമര ജാഥ യാത്രയാരംഭിക്കും. പ്രകാശൻ വെള്ളച്ചാലാണ് കൊടിമരം രൂപകൽപനചെയ്‌ത് ഉറങ്ങാത്ത ഓർമകളെ കൊടിമരത്തിൽ ചാലിച്ചത്. കയ്യൂർ പോരാട്ട ചരിത്രവും രക്തസാക്ഷികളായ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്‌ഠൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ എന്നീ വിപ്ലവകാരികളുടെ പോരാട്ടവും കയ്യൂർ സമര ചിത്രവും രക്തസാക്ഷി മണ്ഡപവും ആലേഖനംചെയ്‌താണ് കൊടിമരം നിർമിച്ചിരിക്കുന്നത്. പുതിയകാല പോരാട്ടത്തിനുള്ള ആഹ്വാനവും കൊടിമരത്തിൽ രൂപപ്പെടുത്തിയിട്ടുണ്ട്. സിപിഐ എം പാർടി കോൺഗ്രസ് അടക്കമുള്ള നിരവധി വേദികളിലേക്ക് കൊടിമരം എത്തിച്ച ചരിത്രമുള്ള കയ്യൂരിൽനിന്നും കർഷകസംഘം സംസ്ഥാന സമ്മേളനത്തിലേക്കുള്ള കൊടിമര യാത്രയും പുത്തൻ അധ്യായമായി മാറും. സിപിഐ എം മൊടോന്തടം ബ്രാഞ്ച് സെക്രട്ടറിയും കർഷക സംഘം കയ്യൂർ വില്ലേജ് കമ്മിറ്റി അംഗവുമായ എ ലക്ഷ്മണനാണ് കൊടിമരം നിർമിക്കാനായി തവിടിമരം നൽകിയത്. പ്രകാശൻ വെള്ളച്ചാലിനൊപ്പം സുനിൽകുമാർ കാരിയിൽ, പവിത്രൻ ചീറ്റക്കാവ്, സുനിൽ കാരിയിൽ, അനേഷ് മാണിയാട്ട് എന്നിവരും കൊടിമരം തയ്യാറാക്കാൻ ഒപ്പമുണ്ട്. കർഷകസംഘം നേതാക്കളായ എം രാജീവൻ, പി ലക്ഷ്‌മണൻ എന്നിവരുടെ നേതൃത്വത്തിലാണ് കൊടിമരം തയ്യാറാക്കുന്നത്.










0 comments