ബിർസ മുണ്ട അൺസങ് ഹീറോസ് പുരസ്കാരം ലിജിന സജേഷിന്

ഭീമനടി മലവേട്ടുവ ഭാഷയിൽ കവിതകളെഴുതി ഗോത്ര സമൂഹത്തിന്റെ ജീവിതവും സംസ്കാരവും ഭാഷയുടെ തനിമയും അക്ഷരങ്ങളിലൂടെ അടയാളപ്പെടുത്തുന്ന ലിജിന സജേഷിന് ജൻ ജാതിയ ഗൗരവ് ദിവസ് 2026ന്റെ ഭാഗമായി ബിർസ മുണ്ട അൺസങ് ഹീറോസ് പുരസ്‌കാരം. കോഴിക്കോട് കിർത്താഡ്സിൽ നടന്ന ചടങ്ങിൽ അസി. പൊലീസ് കമീഷണർ പി പ്രമോദ് പുരസ്‌കാരം നൽകി.10000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ലിജിനയുടെ എല്ലാ രചനകളും ഗോത്ര ജീവിതവുമായി ബന്ധപ്പെട്ടതാണ്. പരവനടുക്കം എംആർഎസ്സിൽനിന്ന് ഹയർസെക്കൻഡറി പഠനം കഴിഞ്ഞ ലിജിന മുന്നാട് പീപ്പിൾസിൽനിന്ന് ജെഡിസി പൂർത്തിയാക്കിയിട്ടുണ്ട്. നാലാം ക്ലാസിൽ പഠിക്കുമ്പോഴേ ചെറുകഥകളും കവിതകളും എഴുതിതുടങ്ങി. ലോക്ഡൗൺ കാലത്താണ് ഗോത്ര കവിത എഴുതിത്തുടങ്ങിയത്. ഗോത്ര ഭാഷയിലെ ആദ്യ കവിത 'കൊറോണ' ആണ്. മയിലരസം, ഡിസി ബുക്‌സ് കവിതാസമാഹാരത്തിലെ 5 കവിത, ഗോത്ര പെൺകവിത സമാഹാരത്തിലെ 5 കവിത തുടങ്ങി നിരവധി കവിതകൾ പുറത്തിറങ്ങി. ‘പട്ടയക്കള്ളാത്ത്’ എന്ന കവിത തമിഴ് എഴുത്തുകാരൻ നിർമ്മാല്യമണി പഴംകുടി കവിതകൾ എന്ന തമിഴ് സമാഹാരത്തിലേക്ക് മൊഴിമാറ്റി. ഇംഗ്ലീഷിൽ പുറത്തിറക്കിയ 60 ഗോത്ര കവിതകളിൽ 4 എണ്ണം ലിജിനയുടേത്. ഹിന്ദി കവിതാ സമാഹാരത്തിലും 4 കവിത സ്ഥാനം പിടിച്ചു. ലിജിനയുടെ പട്ടയക്കള്ളാസ് എന്ന കവിത കേരള സർവകലാശാലയുടെ ബി എ മലയാളം സിലബസിലും ഇടംപിടിച്ചിട്ടുണ്ട്. ഗോത്ര സ്വാതന്ത്ര്യസമരസേനാനി ബിർസ മുണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തുന്ന ജൻ ജാതീയ ഗൗരവ് ദിവസ് 2026 ആഘോഷങ്ങളുടെ ഭാഗമായി പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള വിശിഷ്ട വ്യക്തിത്വങ്ങൾക്ക് നൽകുന്നതാണ് ബിർസ മുണ്ട അൺസങ് ഹീറോ അവാർഡ്. കടുമേനി സർക്കാരിയ ഉന്നതിയിലെ കർഷകതൊഴിലാളിയായ കുഞ്ഞിരാമന്റെയും എം കെ ലക്ഷ്മിയുടെയും മകളായ ലിജിന ഭർത്താവ് സജേഷിനൊപ്പം പ്ലാച്ചിക്കര നരമ്പച്ചേരിയിലാണ് താമസം. സഹോദരൻ ലിഗേഷ്.









0 comments