Deshabhimani

കാലാവധി കഴിഞ്ഞ മരുന്ന് വിതരണം

കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ വീണ്ടും പരാതി

ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന്‌ ബായിക്കട്ട സ്വദേശി അവാമ്മയ്‌ക്ക്‌ 
നൽകിയ കാലാവധി കഴിഞ്ഞ മരുന്ന്‌
വെബ് ഡെസ്ക്

Published on Sep 29, 2026, 02:00 AM | 1 min read

പൈവളിഗെ

കാലാവധി കഴിഞ്ഞ മരുന്ന്‌ നൽകിയെന്ന്‌ ആരോപിച്ച്‌ ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ ഒരാൾ കൂടി രംഗത്ത്‌. ബായിക്കട്ട സ്വദേശി അവ്വമ്മ(45)യാണ്‌ കാലാവധി കഴിഞ്ഞ മരുന്ന്‌ നൽകിയെന്ന്‌ ആരോപിച്ച്‌ ജില്ലാ മെഡിക്കൽ ഓഫീസർക്കും പൈവളിഗെ പഞ്ചായത്ത്‌ സെക്രട്ടറിക്കും പരാതി നൽകിയത്‌. 19ന് അലർജിക്കുള്ള ചികിത്സയ്‌ക്കാണ്‌ അവ്വമ്മ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയത്‌. ഡോക്ടറെ കണ്ടശേഷം നൽകിയ കുറിപ്പടി പ്രകാരം മരുന്നു വാങ്ങി വീട്ടിലെത്തി. ഏഴ്‌ ദിവസത്തോളം കഴിച്ചു. പിന്നീടാണ്‌ പതിനഞ്ചുകാരന്‌ കാലാവധി കഴിഞ്ഞ മരുന്ന്‌ നൽകിയെന്ന വാർത്ത ശ്രദ്ധയിൽപെടുന്നത്‌. തുടർന്ന് പരിശോധിച്ചപ്പോഴാണ്‌ കാലാവധി കഴിഞ്ഞ മരുന്നാണ്‌ നൽകിയതെന്ന കാര്യം ശ്രദ്ധയിൽപെട്ടത്‌. ജൂലൈയിൽ കാലാവധി കഴിഞ്ഞ മരുന്നാണ്‌ ഇവർക്കും നൽകിയത്‌. കാൽ വിരലിന്‌ മുറിവും പനിയുമായി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ പതിനഞ്ചുകാരനാണ്‌ കാലാവധി കഴിഞ്ഞ മരുന്ന്‌ നൽകിയെന്ന പരാതിയുമായി ആദ്യമെത്തിയത്‌. 16നാണ് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയത്‌. മരുന്ന്‌ മൂന്ന് ദിവസം കഴിച്ചശേഷമാണ്‌ കാലാവധി കഴിഞ്ഞ കാര്യം ശ്രദ്ധയിൽപെടുന്നത്‌. തുടർന്ന്‌ പഞ്ചായത്ത്‌ അധികൃതർക്കും ഡിഎംഒയ്‌ക്കും പരാതി നൽകി. പരാതി ഉന്നയിച്ചതിനെതുടർന്ന്‌ പഞ്ചായത്ത്‌ അധികൃതർ അപകീർത്തികരമായ പ്രചാരണം നടത്തുകയാണെന്ന്‌ ആരോപിച്ച്‌ പതിനഞ്ചുകാരന്റെ കുടുംബം വാർത്താസമ്മേളനം നടത്തിയിരുന്നു. ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം ആരോഗ്യ വകുപ്പ്‌ അധികൃതർ ഇതുവരെ നടത്തിയിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home