മാധ്യമ വാർത്തകൾ സത്യവിരുദ്ധം
പൊലിയംതുരുത്ത് ഇക്കോ ടൂറിസം വില്ലേജ് പ്രവർത്തിക്കുന്നത് നിയമവിധേയമായി

കാസർകോട്
സർക്കാരിന്റെ എല്ലാ മാനദണ്ഡവും പാലിച്ചും തികച്ചും നിയമവിധേയവുമായാണ് പൊലിയംതുരുത്ത് ഇക്കോ ടൂറിസം വില്ലേജ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചില മാധ്യമങ്ങളിൽ ടൂറിസം വില്ലേജിനെതിരെ വന്ന വാർത്ത തികച്ചും വാസ്‌തവ വിരുദ്ധമാണ്. ചന്ദ്രഗിരി ഇക്കോ ടൂറിസം ഡവലപ്മെന്റ് സഹകരണ സൊസൈറ്റിയുടെ കീഴിലുള്ള സ്ഥാപനം സർക്കാരിന്റെ ഒരു ഫണ്ടും ഇന്നേവരെ വാങ്ങിയിട്ടില്ല. ചട്ടവിരുദ്ധമായി ഒന്നും ഇവിടെ നടന്നിട്ടില്ല. സർക്കാർ ഭൂമി കൈയേറിയിട്ടില്ല. സ്വകാര്യ വ്യക്തികളിൽനിന്ന് 30 വർഷത്തേക്ക് സ്ഥലം പാട്ടത്തിനെടുത്താണ് ടൂറിസം വില്ലേജ് പ്രവർത്തിക്കുന്നത്. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽ പ്രദേശം ഉൾപ്പെടുന്നില്ല. അഗ്നിരക്ഷാസേനയുടെ അനുമതിയും ആവശ്യമില്ല. 30 ലക്ഷം രൂപ ചെലവഴിച്ച് മലിനീകരണ നിയന്ത്രണ ശുദ്ധജല പ്ലാന്റ് ഇവിടെ നിർമിച്ചിട്ടുണ്ട്. ജില്ലയിലെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്താനും അതുവഴി തൊഴിൽ സാധ്യത വർധിപ്പിക്കാനുമാണ് പൊലിയംതുരുത്ത് ദ്വീപിൽ ടൂറിസം പദ്ധതി ആരംഭിച്ചത്. രാഷ്‌ട്രീയത്തിനതീതമായി പ്രവാസികൾ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുള്ളവരും ഇതിൽ അംഗങ്ങളാണ്. ഇവരിൽനിന്ന് ഓഹരി സമാഹരിച്ചാണ് സംരംഭം തുടങ്ങിയത്. നിലവിൽ 486 അംഗങ്ങൾ സൊസൈറ്റിയിലുണ്ട്. ചട്ടം പാലിച്ചാണ് വില്ലേജ് പ്രവർത്തിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പുവരുത്തിയതാണ്. 2022 മുതൽ 27 വരെ നിയമപരമായി പ്രവർത്തിക്കാനുള്ള കെ സിഫ്‌റ്റ് ലൈസൻസ് ടൂറിസം വില്ലേജിനുണ്ട്. വില്ലേജിലേക്കുള്ള കവാടമായ തൂക്കുപാലം നിർമിച്ച ശേഷം പഞ്ചായത്ത് രാജ് നിയമപ്രകാരം വന്ന മാറ്റം കാരണമാണ് കെട്ടിടത്തിന് അനുമതി ലഭ്യമാവുന്നതിന് തടസം നേരിട്ടത്. പ്രശ്നം ക്രമപ്പെടുത്താൻ ബോട്ട് ജെട്ടി നിർമിച്ചാൽ അനുമതി ലഭ്യമാക്കാമെന്ന് ഗവ. സെക്രട്ടറി പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവ് നൽകിയിട്ടുമുണ്ട്. ഇതിന് 2027 ഒക്‌ടോബർ വരെ സമയവുമുണ്ട്. വാർത്താസമ്മേളനത്തിൽ സൊസൈറ്റി പ്രസിഡന്റ് സിജിമാത്യു, ബി കെ നാരായണൻ, വി വിജയൻ, കെ നാസർ, ലിഗേഷ് എന്നിവർ പങ്കെടുത്തു.









0 comments