ad
Deshabhimani

ഒന്നാംവിള താളംതെറ്റി

മഴക്കനിവ്‌ കാത്ത്‌ നെൽകർഷകർ

മഴ നിലച്ചതിനാൽ വരണ്ടുണങ്ങുന്ന കിനാനൂരിലെ പാടശേഖരം

മഴ നിലച്ചതിനാൽ വരണ്ടുണങ്ങുന്ന കിനാനൂരിലെ പാടശേഖരം

avatar
പി പ്രകാശൻ ​

Published on Jun 23, 2026, 02:00 AM | 2 min read

നീലേശ്വരം

തൊഴിലാളിക്ഷാമവും രാസവള വിലവർധനയുംകാരണം പ്രതിസന്ധിയിലായ നെൽകർഷകർക്ക്‌ തിരിച്ചടിയായി മഴക്കുറവും. നല്ല മഴ ലഭിക്കേണ്ട ജൂണിൽ പലയിടത്തും തുള്ളി മഴയില്ലാതെ ആഴ്‌ച പിന്നിട്ടു. ഇതുകാരണം ഒന്നാംവിള നെൽകൃഷി താളം തെറ്റി. ഉഴതുമറിച്ചതും അല്ലാത്തതുമായ വയലുകൾ പലയിടത്തും വരണ്ടുണങ്ങിത്തുടങ്ങി. പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിലെ ഏറ്റവും വലിയ നെൽവയലായ കിണാവൂർ പാടശേഖരത്തിൽ മുപ്പത്‌ ശതമാനത്തിൽതാഴെ കർഷകർമാത്രമാണ്‌ ഇതുവരെ ഞാറുനടീൽ പൂർത്തിയാക്കിയത്‌. മഴ നന്നായി ലഭിച്ച ജൂൺ ആദ്യവാരത്തിലാണ്‌ കൃഷിപ്പണി തുടങ്ങിയത്‌. ഒരാഴ്‌ചയായി മഴ മാറി നിന്നതോടെ വയലുകളിൽ വെള്ളം വറ്റിത്തുടങ്ങി. ഇതോടെ ടില്ലറുകൾ ഉപയോഗിച്ച്‌ നിലമൊരുക്കാനോ പാകമായ ഞാറ്‌ പറിച്ചുനടാനോ സാധിക്കാത്ത അവസ്ഥയായി. നിലമൊരുക്കിയവർക്കാവട്ടെ വെള്ളല്ലാത്തതിനാൽ ഞാറ്‌ പറിച്ചുനടാൻ പറ്റാത്ത സ്ഥിതി. സാധാരണ 25–30 ദിവസമെത്തിയാൽ ഞാറ്‌ പാകമാവും. കൃഷി നടത്താൻ ബാക്കിയുള്ള പലരുടെയും പാകിയ ഞാറ്‌ മൂപ്പെത്തിക്കഴിഞ്ഞു. ഇവ വൈകാതെ പറിച്ചുനട്ടില്ലെങ്കിൽ ഉപയോഗശൂന്യമാകും. ഉടൻ മഴ വീണ്ടും ശക്തമാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പിലാണ്‌ ഇപ്പോൾ കർഷകരുടെ പ്രതീക്ഷ. അടുത്ത കാലത്തുണ്ടായ രാസവള വിലവർധന നെൽകർഷകരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്‌. ​വിത്തിന്റെ ചെലവ്, നിലമുഴുന്നതിന്റെയും കൊയ്‌ത്തുയന്ത്രത്തിന്റെയും കൂലി, തൊഴിലാളികളുടെ കൂലി തുടങ്ങിയവ കർഷകർക്ക്‌ വലിയ സാമ്പത്തികബാധ്യത വരുത്തുന്നുണ്ട്‌. തൊഴിലാളി ക്ഷാമമാണ്‌ മറ്റൊരു പ്രതിസന്ധി. തദ്ദേശീയരായ തൊഴിലാളികൾ കൃഷിപ്പണിയിൽ എത്തുന്നത്‌ കുറഞ്ഞതോടെ ഇതര സംസ്ഥാനക്കാരാണ്‌ ഏതാനും വർഷങ്ങളായി കൃഷിപ്പണി ചെയ്യുന്നത്‌. ​40 ഏക്കർ വിസ്‌തൃതിയുള്ള കിനാനൂർ പാടശേഖരത്തിൽ 120 കൃഷിക്കാരുണ്ട്‌. ഇതിൽ 43 പേർ മാത്രമാണ്‌ നിലവിൽ കൃഷി നടത്തുന്നത്‌. രണ്ടാംവിള നടത്തുന്നതാകട്ടെ ആറ്‌ പേരും. നാല്‌ വർഷമായി ഇതരസംസ്ഥാന തൊഴിലാളികളാണ്‌ ഇവിടെ കൃഷിപ്പണിക്കെത്തുന്നത്‌. തമിഴ്‌നാട്‌, ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്‌ ഇവർ. ഇ‍ൗ വർഷം ബംഗാളിൽനിന്നുള്ള 13 പേരാണ്‌ എത്തിയത്‌. ഇവർക്ക്‌ ഏക്കറിന്‌ 7000 രൂപയാണ്‌ കൂലി. കുറച്ചുപേരുടെ കൃഷിപ്പണി പൂർത്തിയായപ്പോൾ മഴ നിലച്ചു. കൃഷിപ്പണി മുടങ്ങിയതോടെ തൊഴിലാളികൾ മടങ്ങി.

കർഷകർ പ്രതിസന്ധിയിൽ

മഴ മാറി നിന്നത്‌ നെൽകൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌. വെള്ളമില്ലാത്തതിനാൽ വയലുകൾ ഉണങ്ങിത്തുടങ്ങി. തൊഴിലാളി ക്ഷാമവും കുറച്ചുകാലമായി കൃഷിയെ ബാധിക്കുന്നുണ്ട്‌. നാല്‌ വർഷമായി ഇതര സംസ്ഥാന തൊഴിലാളികളാണ്‌ കൃഷിപ്പണിക്കെത്തുന്നത്‌. ഇത്തവണ ബംഗാളിൽനിന്നുള്ളവരാണ്‌ എത്തിയത്‌. ഉദ്‌പാദന ചെലവ്‌ വർധിച്ചതുകാരണം നഷ്ടം സഹിച്ചാണ്‌ പല കർഷകരും നെൽകൃഷി നടത്തുന്നത്‌. വളത്തിന്‌ ലഭിച്ചിരുന്ന സബ്‌സിഡിയും ഇപ്പോഴില്ല.

എം സി നാരായണൻ, കർഷകൻ, കിനാനൂർ ​

നെൽകൃഷിക്ക്‌ സംരക്ഷണം വേണം

പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമാണ്‌ കിനാനൂരിലേത്‌. 1993 ലാണ്‌ പാടശേഖര സമിതി രൂപീകരിച്ചത്‌. തൊഴിലാളി ക്ഷാമവും ഉദ്‌പാദന ചെലവ്‌ വർധിച്ചതും കാലാവസ്ഥയിലുണ്ടാവുന്ന മാറ്റവും കാരണം ഏതാനും വർഷങ്ങളായി നെൽകൃഷി പ്രതിസന്ധിയിലാണ്‌. 2020 ൽ സുഭിക്ഷ കേരളം പദ്ധതിയിൽ പാടശേഖരത്തിലെ മുഴുവൻ കർഷകരും കൃഷി നടത്തിയിരുന്നു. സജീവമായി നടക്കേണ്ട കൃഷിയാണ്‌ മഴയില്ലാത്തതുകാരണം നിലച്ചത്‌. മഴ നീണ്ടാൽ മോട്ടോർ ഉപയോഗിച്ച്‌ വെള്ളം എത്തിക്കേണ്ട അവസ്ഥയാണ്‌.

കെ കൃപേഷ്‌, സെക്രട്ടറി​, കിനാനൂർ പാടശേഖര സമിതി



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home