ചരിത്രത്തിനും വർത്തമാനത്തിനും മീതേ "റ' പാലം

കരിവെള്ളൂർ പലിയേരിയെയും കൊടക്കാട് ഓലാട്ടിനെയും ബന്ധിപ്പിക്കുന്ന പഴയ ആർച്ച് പാലം
കെ വി രഞ്‌ജിത്
Published on Jun 02, 2025, 02:30 AM | 1 min read
കൊടക്കാട്
തലമുറകളുടെ ജീവിതയാത്രകൾക്ക് സാക്ഷിയായി രണ്ട് മഹാപ്രളയങ്ങളെ അതിജീവിച്ചൊരു പാലമുണ്ട് ഈ ദേശത്ത്. കരിവെള്ളൂർ പലിയേരി തോടിന് കുറുകെയുള്ള കൊച്ചുപാലം. പലിയേരിയെ ഓലാട്ടുമായി ബന്ധിപ്പിക്കുന്ന ‘റ’ മാതൃകയിലുള്ള ആർച്ച് പാലത്തിന് ഇന്നും ബാക്കിയുണ്ട് യൗവനം. പണ്ടുകാലത്തെ എൻജിനീയറിങ് മികവിന്റെയും ശിൽപഭംഗിയുടെയും തലപ്പൊക്കമുണ്ട് പാലത്തിന്. ചെങ്കല്ലിൽ പടുത്ത കമാനാകൃതിയിലുള്ള പാലത്തിനടിയിലൂടെയാണ് കവ്വായിപ്പുഴയിലേക്ക് ചെങ്കൽപ്പാറകളിൽനിന്ന് ചാലിട്ടൊഴുകുന്ന നീരുറവകൾ എത്തുക. കണ്ണൂർ –- കാസർകോട് ജില്ലകളെയും പഴയ മലബാർ, തെക്കൻ കർണാടകത്തെയും വേർതിരിക്കുന്ന തോടിനുകുറുകെയാണ് പാലം. കരിവെള്ളൂർ മുതൽ തൃശൂർ നാട്ടികവരെ നീളുന്ന ദേശപ്പെരുമയാണ് പഴയ മലബാർ. തലസ്ഥാനം കോഴിക്കോട്. കൊടക്കാട് ഓലാട്ട് മുതൽ ഉഡുപ്പി വരെയാണ് ദക്ഷിണ കർണാടകം. ആസ്ഥാനം മംഗളൂരു. രാജഭരണകാലത്ത് ചിറക്കൽ രാജ്യത്തെയും അള്ളട രാജ്യത്തെയും വേർതിരിച്ച തോടാണിത്. ചിറക്കലിന്റെ വടക്കേ അതിർത്തി പലിയേരിയും അള്ളട രാജ്യത്തിന്റേത് ഓലാട്ടും. വില്ലേജ്, റവന്യൂ ഉദ്യോഗസ്ഥരുടെ പേരുകൾ പഴയകാലത്ത് പാലത്തിനിപ്പുറവും അപ്പുറവും വെവ്വേറെ. മലബാറിന്റെ ഭാഗമായ കരിവെള്ളൂരിൽ മേനോനും അധികാരിയും കോയിക്കാരനുമാണെങ്കിൽ തെക്കൻ കർണാടക പ്രദേശമായ കൊടക്കാട്ട് പട്ടേലരും ഉഗ്രാണിയും ചേനപ്പറും. യുവക് സംഘത്തിന്റെ പാലം; തോട്ടോൻ ചിണ്ടന്റെയും 1934 ഏപ്രിൽ 13 ന് കരിവെള്ളൂർ മണക്കാട് വന്നലക്കോട് വയൽക്കരയിൽ എ വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട കേരളത്തിലെ ആദ്യ സംഘടിത യുവജന പ്രസ്ഥാനമായ അഭിനവ് ഭാരത് യുവക് സംഘത്തിന്റെ പ്രവർത്തകരാണ് പാലം നിർമാണത്തിന് പിന്നിൽ. ഇടവഴികളും കിണറുകളും വൃത്തിയാക്കൽ, റോഡുകളും പാലങ്ങളും നിർമിക്കൽ, പുര മേഞ്ഞുകൊടുക്കൽ, രോഗികൾക്ക് മരുന്നും ഭക്ഷണവും,നിരക്ഷരർക്ക് വിദ്യാഭ്യാസം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ യുവക് സംഘം സജീവമായിരുന്നുവെന്ന് കലാഗവേഷകനും അധ്യാപകനുമായ പി മുരളീധരൻ പറഞ്ഞു. ജാതിവിവേചനവും ജന്മിമാരുടെ അതിക്രമവും ചെറുക്കാനും മുന്നിൽ നിന്നു. യുവക് സംഘം പ്രവർത്തകനും ചെങ്കൽ നിർമിതിയിൽ വിദഗ്ധനുമായ തോട്ടോൻ ചിണ്ടന്റെ നേതൃത്വത്തിൽ 1939ലാണ് പലിയേരി പാലം നിർമിച്ചത്. 86 വർഷം കഴിഞ്ഞിട്ടും കാലത്തെ അതിജീവിച്ച് ചരിത്രത്തിന്റെ മായാമുദ്രയായി പാലം അവശേഷിക്കുന്നു.








0 comments