പ്രതിഷേധം ശക്തം
ജില്ലയിലെ റെയിൽവേ പാഴ്‌സൽ സർവീസിന് പൂട്ട്

കാസർകോട് റെയിൽവേ സ്‌റ്റേഷനിലെ പാഴ്‌സൽ ഓഫീസിന് സമീപം കയറ്റിയയക്കാൻ വച്ച ഇരുചക്രവാഹനങ്ങൾ

സ്വന്തം ലേഖകൻ
Published on Jul 25, 2026, 02:46 AM | 2 min read
കാസർകോട്
കാസർകോട് റെയിൽവേ സ്‌റ്റേഷനിലെ പാഴ്‌സൽ സർവീസ് അവസാനിപ്പിക്കാനുള്ള ദക്ഷിണറെയിൽവേ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. ശനി മുതലാണ് സർവീസ് പ്രവർത്തനരഹിതമാവുക. കാസർകോട്, തലശേരി സ്റ്റേഷനുകളിൽ പാഴ്സൽ സർവീസ് നിർത്തുന്നതായി ദക്ഷിണ റെയിൽവേ ചീഫ് കൊമേഴ്സ്യൽ മാനേജർ ചൊവ്വാഴ്‌ച ഉത്തരവിറക്കിയിരുന്നു. കേന്ദ്രസർക്കാർ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ സ്റ്റേഷനിലാണ് സംഭവമെന്നതാണ് വിചിത്രമായ കാര്യം. കോടികൾ ചെലവിട്ട് വികസിപ്പിക്കുന്നുവെന്ന് പറയുന്ന സ്‌റ്റേഷനിൽ അവശ്യസൗകര്യങ്ങൾ ഇല്ലാതാക്കുന്നത് സ്വകാര്യവൽക്കരണം ഉൾപ്പെടെയുള്ള പല ലക്ഷ്യവും മുന്നിൽക്കണ്ടാണെന്ന ആക്ഷേപവുമുയർന്നു. റെയിൽവേ സ്റ്റേഷനുകളിൽ ജില്ലയിലുള്ള ഏക പാഴ്സൽ സർവീസിനാണ് അധികൃതർ പൂട്ടിട്ടത്. കാസർകോട് സ്റ്റേഷനിലേക്കുള്ളതും ഇവിടെ നിന്നുള്ളതുമായ പാർസൽ ഗതാഗതമാണ് അവസാനിക്കുന്നത്. ലാഭകരമല്ലെന്നാണ് അധികൃതരുടെ ന്യായം. എന്നാൽ റെയിൽവേ സ്‌റ്റേഷനിൽ പാഴ്സൽ ഇനത്തിൽമാത്രം ദിവസത്തിൽ 6000 മുതൽ 10,000 രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് റെയിൽവേയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. പാർസൽ സർവീസ് നിർത്തിവയ്ക്കാനുള്ള തീരുമാനത്തിൽ പൊതുജനങ്ങൾക്കും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കുമുണ്ടാകുന്ന തിരിച്ചടി ചൂണ്ടിക്കാട്ടി കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ, പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ തുടങ്ങിയവർക്ക് കത്തയച്ചു. കഴിഞ്ഞദിവസം സ്‌റ്റേഷനിൽ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. നീക്കം ഉപേക്ഷിക്കണമെന്ന് മർച്ചന്റ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചു മിനിറ്റിലേറെ സമയം ട്രെയിനുകൾ നിർത്തുന്ന സ്റ്റേഷനുകളിൽ മാത്രമാണ് പാഴ്സൽ സർവീസ് ഉണ്ടാവുകയുള്ളൂ എന്നാണ് റെയിൽവേ പറയുന്നത്. കാസർകോട് സ്‌റ്റേഷനിൽ 3 മിനിറ്റിൽതാഴെ മാത്രമാണ് യാത്രാ ട്രെയിനുകൾ നിർത്തുന്നത്. തലശേരിയിലും ഇതേ സ്ഥിതിയാണ്. ഇക്കാര്യംകൂടി പറഞ്ഞാണ് രണ്ടിടങ്ങളിലെയും സർവീസ് നിർത്തുന്നത്. വിദ്യാർഥികൾ, ജീവനക്കാർ, ഉദ്യോഗസ്ഥർ എന്നിങ്ങനെ നിരവധിപേർ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ കൊണ്ടുപോകാൻ നിലവിൽ കാസർകോട്ടെ പാഴ്‌സൽ സർവീസിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. സർവീസ് നിർത്തിയാൽ ജില്ലയിലുള്ളവർക്ക് ഇനി കണ്ണൂർ, മംഗളൂരു സ്‌റ്റേഷനുകളെ ആശ്രയിക്കേണ്ടിവരും. ഇത് വലിയ സമയ–സാമ്പത്തിക നഷ്ടമാണുണ്ടാക്കുക. പോർട്ടർമാർ ഉൾപ്പെടെയുള്ളവരുടെ ജോലിയും ഇല്ലാതാകുമെന്ന ആശങ്കയും ഉയർന്നു. വ്യാപാരികളെയും ചെറുകിടക്കാരെയും ഇത് ദുരിതത്തിലാക്കും. നീക്കം ഏകപക്ഷീയം 25-ന് പൂർണമായും സേവനം നിർത്തുമെന്ന അറിയിപ്പ് 21നാണ് റെയിൽവേ പുറപ്പെടുവിച്ചത്. ബന്ധപ്പെട്ടവർക്ക് സാവകാശംനൽകിയില്ലെന്നുമാത്രമല്ല വ്യാപാരികൾക്കും പൊതുജനങ്ങൾക്കും കാര്യങ്ങൾ ആസൂത്രണംചെയ്യാനുള്ള സമയവുമില്ലാതായി. പാലക്കാട് ഡിവിഷനിലെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിലൊന്നിൽ പാർസൽ സേവനങ്ങൾ നിർത്തുന്നത് സാമ്പത്തികമായോ ഭരണപരമായോ ഒട്ടും ന്യായീകരിക്കാനും സാധിച്ചിട്ടില്ല.









0 comments