ചരിത്രസ്‌മൃതികളെ കാത്തുവയ്‌ക്കണം
വേണം കാസർകോടിനും മ്യൂസിയം

ടി കെ നാരായണൻ
Published on Oct 17, 2025, 02:30 AM | 1 min read
കാഞ്ഞങ്ങാട്
‘സ്വസ്തി ശ്രീ ഭാസ്കര രവിവർമരായ മനുകുലാദിത്യൻ രാജ്യഭാരം തുടങ്ങി അമ്പത്തെട്ടാം വർഷത്തിൽ കർക്കിടകത്തിൽ വ്യാഴം നിൽക്കെ ആട്ടൈക്കോൾ കൊടുത്തു.അവർ ഏർപ്പെടുത്തിയത് മൂന്നു കഴഞ്ചു പൊന്ന്. കൽപന പ്രകാരം കൊടവലത്ത് ഊരാളർ കല്ലെഴുതി നാട്ടിച്ചു’. പുല്ലൂർ കൊടവലം മഹാവിഷ്ണുക്ഷേത്രത്തിലെ വട്ടെഴുത്തിന്റെ മലയാള പരിഭാഷയാണിത്. ചരിത്രകാരന്മാരായ എം ജി എസ് നാരായണനും എം ആർ രാഘവവാരിയരും വായിച്ചെടുത്ത ശിലാസനം. ആയിരമാണ്ടുകൾ പിന്നിട്ട ഇൗ ലിഖിതമടക്കം പതിനായിരക്കണക്കിന് പുരാരേഖകളുടെ ഇടമായ കാസർകോട് മ്യൂസിയം സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു. നിരവധി ചരിത്രസ്‌മാരകങ്ങളും കോട്ടകളും പുരാലിഖിതങ്ങളും ഉണ്ടെങ്കിലും ഇവിടെ കേരള പുരാവസ്തുവകുപ്പിന്റെ മ്യൂസിയമില്ല. 1019–-20 കാലത്തെ ശിലാശാസനമാണ് കൊടവലത്തേതെന്ന് എം ജി എസ് നാരായണൻ പറഞ്ഞിരുന്നു. ഇന്നത്തെ കൊടുങ്ങല്ലൂർ (മഹോദയപുരം) ആസ്ഥാനമാക്കി കേരളം ഭരിച്ച പെരുമാൾ രാജവംശത്തിലെ ഭാസ്‌കരൻ രവിവർമന്റെ കൽപന ബ്രഹ്മി ലിപിയിലുള്ള വട്ടെഴുത്തിലാണ് എഴുതിവച്ചത്. കേരളോൽപ്പത്തിയുമായി ബന്ധപ്പെട്ട രേഖ കണ്ടെടുത്തത് ചെറുവത്തൂരിനടുത്ത നെല്ലിക്കാതുരുത്തി കഴകത്തിന് സമീപത്തുനിന്നാണ്. എറ്റവും പഴക്കം ചെന്ന തമിഴ് ബ്രാഹ്‌മി ലിഖിതം ജില്ലയിലെ വിവിധ വനാന്തരങ്ങളിലും പാറകളിലുമായി ചിതറിക്കിടക്കുന്നു. ബേക്കൽ കോട്ടയിലെ ഖനനവേളയിൽ കണ്ടെടുത്ത വിലപ്പെട്ട പുരാവസ്‌തുക്കൾ, ജില്ലയിലാകെ ചിതറികിടക്കുന്ന ശിലാ ലിഖിതങ്ങളും താളിയോല ഗ്രന്ഥങ്ങളും ആയുധങ്ങളും നന്നങ്ങാടികളും പോയ കാലത്തിന്റെ കഥ പറയുന്ന സ്മരണികകളായി ജില്ലയിലുണ്ട്. കുറെ പുരാവസ്‌തുക്കൾ പടന്നക്കാട് നെഹ്‌റുകോളേജിലെ ചരിത്രവിഭാഗം മേധാവിയായിരുന്ന ഡോ. സി ബാലനും സഹപ്രവർത്തകരും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെടുത്ത് കോളേജിലെ ചരിത്രമ്യൂസിയത്തിൽ സംരക്ഷിച്ചിട്ടുണ്ട്. ജില്ലയിൽ മ്യൂസിയം പല പുരാരേഖകളും ചരിത്ര ശേഷിപ്പുകളും സംരക്ഷിക്കാനാകും. കയ്യൂർ രക്തസാക്ഷികളെയും ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളെയും തടവിൽ പാർപ്പിച്ച ജയിലടങ്ങിയ പഴയ ഹോസ്‌ദുർഗ് താലൂക്ക് ഓഫീസ് കെട്ടിടം മ‍്യൂസിയമായി മാറ്റാനാവും. ഇൗ കെട്ടിടത്തിന്റെ മുകൾ നിലയിൽ തന്നെ പതിനായിരത്തോളം പുരാരേഖകൾ പൊടിപിടിച്ചുകിടക്കുന്നുണ്ട്.








0 comments