പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ രാത്രികാല ഒപി നിർത്തി


സ്വന്തം ലേഖകൻ
Published on Jan 11, 2026, 01:15 PM | 1 min read
രാജപുരം
ഡോക്ടർമാർ ഉപരിപഠനത്തിനുപോയതിനാൽ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ രാത്രികാല ഒപി നിലച്ചു. ആശുപത്രിയിലെ നാല് ഡോക്ടർമാർ ഉപരിപഠനത്തിനായി വിടുതൽ ചെയ്തുപോയതിനാലാണ് ഡോക്ടർമാരുടെ കുറവ് വന്നത്. പകരം ഡോക്ടർമാരെ നിയമിക്കും മുമ്പ് നിലവിലുള്ളവരെ ഉപരിപഠനത്തിന് വിട്ടതാണ് ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിലാക്കിയത്.15 ഡോക്ടർമാർ വേണ്ടിടത്ത് ഇപ്പോൾ മെഡിക്കൽ ഓഫീസർ ഉൾപ്പെടെ അഞ്ചുപേരാണുള്ളത്. നിലവിൽ രാത്രികാല സേവനം നൽകാൻ ഡോക്ടർമാർ തികയില്ല. ഇപ്പോൾ രാത്രി എട്ട് വരെയാണ് ഡോക്ടർമാരുടെ സേവനം. 24 മണിക്കൂറും ഒപിയിൽ സേവനം നൽകിയ സ്ഥാനത്താണ് ഇപ്പോൾ എട്ടുവരെയായി ചുരുക്കുന്നത്. പുതിയ ഡോക്ടർമാർ വരുന്നത് വരെ തൽക്കാലം രാത്രി എട്ടിനുശേഷമുള്ള സേവനം നൽകാൻ സാധിക്കില്ലെന്നാണ് മെഡിക്കൽ ഓഫീസർ പറയുന്നത്. മലയോര മേഖലയിൽ നൂറുകണക്കിന് ആദിവാസി വിഭാഗങ്ങളുള്ള പ്രദേശത്തെ ഏക സർക്കാർ ആശുപത്രിയിലാണ് ഡോക്ടർമാർ ഇല്ലെന്ന കാരണം പറഞ്ഞ് രാത്രികാല സേവനം നിർത്തുന്നത്. രാത്രി ഏറെ വൈകിയും രോഗികൾ ചികിത്സക്കായി ഈ ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്. ഡോക്ടർമാരുടെ കുറവു കാരണം അഡ്മിറ്റ് ചെയ്യുന്ന രോഗികളുടെ എണ്ണത്തിലും കുറവു വരുത്തിയിട്ടുണ്ട്. അഡ്മിറ്റ് ചെയ്ത രോഗികൾക്ക് രാത്രി അടിയന്തര ചികിത്സ നൽകേണ്ടി വന്നാൽ പോലും ഡോക്ടർമാരുടെ സേവനം കിട്ടാത്ത സ്ഥിതി.










0 comments