'രക്ഷകരെ കാത്ത്, മരണത്തിലും കെട്ടിപ്പിടിച്ച്'; ഡൽഹി തീപിടിത്തത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർഫോഴ്‌സ്

ന്യൂഡൽഹി: ഡൽഹി മാളവ്യ നഗറിലെ ഹൗസ് റാണിയിലുള്ള ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 21 പേർക്ക് ജീവൻ നഷ്ടപ്പെട്ട ദുരന്തത്തിന് പിന്നാലെ, അനുഭവങ്ങൾ പങ്കുവെച്ച് ഡൽഹി ഫയർ സർവീസ് (DFS) ഉദ്യോഗസ്ഥർ. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഒരു ബാത്ത്റൂമിന്റെ വാതിൽ തല്ലിപ്പൊളിച്ചപ്പോൾ കണ്ടത് മരണത്തിലും ഒന്നിച്ചുനിന്ന ദമ്പതികളുടെ മൃതദേഹങ്ങളായിരുന്നു.
യുവതി ടോയ്‌ലറ്റ് സീറ്റിലും പുരുഷൻ തൊട്ടടുത്തുള്ള കസേരയിലുമായി പരസ്പരം കെട്ടിപ്പിടിച്ച നിലയിലായിരുന്നു. ഒരിക്കലുമെത്താത്ത രക്ഷാപ്രവർത്തകരെയും കാത്ത്, ഒടുവിൽ ശ്വാസം മുട്ടി മരിക്കുമ്പോഴും അവർ പരസ്പരം കൈവിട്ടിരുന്നില്ല.
'ഫസ്റ്റ് ഫ്ലോറിലെ ബാത്ത്റൂമിന്റെ വാതിൽ ഞങ്ങൾ തല്ലിപ്പൊളിച്ചപ്പോൾ കണ്ട കാഴ്ച നെഞ്ച് തകർക്കുന്നതായിരുന്നു. പുകയിൽ നിന്ന് രക്ഷപെടാൻ അവർ സ്വയം ഉള്ളിൽ പൂട്ടിയിരുന്നതാകാം. അവൾ ടോയ്‌ലറ്റ് സീറ്റിലിരിക്കുകയായിരുന്നു, തൊട്ടടുത്ത് ഒരു കസേരയിൽ അവളെ ചേർത്തുപിടിച്ച് അവനും. പുകയിൽ നിന്ന് രക്ഷപെടാൻ അവർ സ്വയം ഉള്ളിൽ പൂട്ടിയിരുന്നതാകാം എന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മുഹമ്മദ് ശുഐബ് പറഞ്ഞു. തീപ്പൊള്ളലേറ്റല്ല, മറിച്ച് ശ്വാസം മുട്ടിയാണ് ഇവർ മരിച്ചത്. ഉടൻ തന്നെ ഇവർക്ക് സിപിആർ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുക ശ്വസിച്ച് ശരീരമാകെ കരിവാളിച്ച നിലയിലായിരുന്നു.
സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളോ, അവരെ പരിചരിക്കാൻ വന്ന ബന്ധുക്കളോ ആയിരുന്നു ഹോട്ടലിൽ താമസിച്ചിരുന്നവരിൽ ഭൂരിഭാഗവും.
മറ്റൊരു മുറിയിൽ കട്ടിലിന്റെ അരികിലിരുന്ന് പരസ്പരം കെട്ടിപ്പിടിച്ച നിലയിൽ കരിഞ്ഞുപോയ ദമ്പതികളുടെ മൃതദേഹവും കണ്ടെത്തി. സമീപത്തുള്ള മാക്സ് ആശുപത്രിയിലെ ഹെൽത്ത് കെയർ ജീവനക്കാരനായ അഷ്‌റഫ് ഖാൻ കെട്ടിടത്തിനുള്ളിലെ ദാരുണമായ അവസ്ഥ വിവരിച്ചു.
ബേസ്‌മെന്റിലെ റിസപ്ഷന് സമീപം ഇരുപതുകളിലുള്ള ഒരു യുവതിയുടെ പൂർണ്ണമായും കരിഞ്ഞുപോയ മൃതദേഹമാണ് ആദ്യം കണ്ടത്. അതിന് തൊട്ടടുത്തായി ഒരു വീൽചെയറിൽ കരിഞ്ഞുണങ്ങിയ നിലയിൽ മറ്റൊരു പുരുഷന്റെ മൃതദേഹവും ഉണ്ടായിരുന്നു.
ബുധനാഴ്ച രാവിലെ 8:30 ഓടെയാണ് ബേസ്‌മെന്റിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തമുണ്ടാകുന്നത്. 9:05 ഓടെ 17 ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി. എന്നാൽ ബേസ്‌മെന്റിലേക്കുള്ള വലിയ ഷട്ടർ ഇട്ട് പൂട്ടിയ നിലയിലായിരുന്നതിനാൽ രക്ഷാപ്രവർത്തനം കടുത്ത പ്രതിസന്ധിയിലായി.
'ഒരു റെസ്ക്യൂ ഓപ്പറേഷനിൽ ഓരോ മിനിറ്റും അത്രമേൽ വിലപ്പെട്ടതാണ്. പക്ഷേ ഈ കെട്ടിടത്തിന്റെ ബേസ്‌മെന്റിലേക്കുള്ള വഴി ഒരു വലിയ ഷട്ടർ ഇട്ട് പൂട്ടിയ നിലയിലായിരുന്നു. ആ ഷട്ടർ മുറിച്ചുമാറ്റാൻ മാത്രം ഞങ്ങൾക്ക് മൂന്ന് മുതൽ നാല് മിനിറ്റോളം എടുക്കേണ്ടി വന്നു.' ഡിവിഷൻ ഓഫീസർ രവീന്ദർ സിങ് പറഞ്ഞു. അതിനുശേഷമാണ് ഉള്ളിൽ കുടുങ്ങിയ എട്ട് പേരെ ജീവനോടെ പുറത്തെടുക്കാനായത്.
സുരക്ഷാ ഉപകരണങ്ങൾ ഒന്നുമില്ലാതെയാണ് നാട്ടുകാരായ മുഹമ്മദ് ശുഐബ്, അഫ്സൽ, വസീം രാജ, അഷ്‌റഫ് എന്നിവർ ഫയർഫോഴ്‌സിനൊപ്പം ഉള്ളിലേക്ക് ചാടിയത്. ഹോട്ടലിന്റെ പ്രധാന ഗോവണിപ്പടി നടുവിലായതിനാലും എമർജൻസി എക്സിറ്റ് ഇല്ലാത്തതിനാലും പുക കെട്ടിടമാകെ വിഴുങ്ങി. കടുത്ത പുക കാരണം ശ്വാസം മുട്ടിയും ടൈലുകൾ ഇളകിമാറിയ തറയിലൂടെ നടന്ന് കാൽപാദങ്ങൾ മുറിഞ്ഞുമാണ് ഇവർ ആളുകളെ ബെഡ്ഷീറ്റുകളിൽ കെട്ടി പുറത്തെത്തിച്ചത്. പുറത്തുനിന്ന നാട്ടുകാർ ജനാലകൾ തല്ലിപ്പൊട്ടിച്ച് ആളുകളോട് താഴേക്ക് ചാടാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു. റിയാസുദ്ദീൻ മൻസൂരി എന്ന വ്യക്തിയും മകനും ചേർന്ന് സ്വന്തം കടയിലെ 20-ഓളം മെത്തകൾ താഴെ വിരിച്ചാണ് കെട്ടിടത്തിൽ നിന്നും ചാടിയ പലരുടെയും ജീവൻ രക്ഷിച്ചത്. ഇതിലൂടെ ഇവർക്ക് രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി.
'ഞങ്ങളെത്തുമ്പോൾ അവർ എട്ടുപേരും ശ്വാസം കിട്ടാതെ പിടയുകയായിരുന്നു. ഗോവണിപ്പടി മുഴുവൻ കനത്ത പുക നിറഞ്ഞതുകൊണ്ട് അവർക്ക് പുറത്തേക്ക് കടക്കാൻ വേറെയൊരു വഴിയുമില്ലായിരുന്നു.' രവീന്ദർ സിങ് പറഞ്ഞു.
കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിൽ ഉണ്ടായിരുന്ന പലർക്കും ബോധമുണ്ടായിരുന്നെങ്കിലും താഴത്തെ നിലകളിൽ ഉണ്ടായിരുന്നവർക്ക് രക്ഷപെടാൻ സമയം ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
'മുകളിലത്തെ നിലയിലുള്ള പലർക്കും ബോധമുണ്ടായിരുന്നു, അവർ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയായിരുന്നു. വാതിലുകൾ പലതും തുറന്നു കിടന്നിരുന്നതിനാൽ ഞങ്ങൾക്ക് പെട്ടെന്ന് ഉള്ളിൽ കയറാൻ കഴിഞ്ഞു. കുറച്ചുപേരെ ബോധത്തോടെ രക്ഷപെടുത്തിയെങ്കിലും താഴത്തെ നിലകളിലുള്ള ഭൂരിഭാഗം പേരും പുക ശ്വസിച്ച് അതിനോടകം തന്നെ ബോധരഹിതരായി വീണിരുന്നു.' ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഏകദേശം മൂന്ന് മണിക്കൂറിലധികം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് ഉച്ചയ്ക്ക് 12:12 ഓടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. എല്ലാ തീപിടിത്തങ്ങളും വെല്ലുവിളി നിറഞ്ഞതാണ്, പക്ഷേ ഇത്രയും വലിയ തോതിലുള്ള ഒരു ദുരന്തം ഈ അടുത്ത കാലത്തൊന്നും ഞങ്ങൾ നേരിട്ടിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഫയർ എൻഒസി (No Objection Certificate) പോലുമില്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. വെറും 6 മുറികൾക്ക് മാത്രം അനുമതിയുള്ള കെട്ടിടത്തിൽ 25 മുറികളാണ് ഇവർ പ്രവർത്തിപ്പിച്ചിരുന്നത്. ദുരന്തത്തിന് പിന്നാലെ ഡൽഹിയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന കർശനമായ ഫയർ സേഫ്റ്റി പരിശോധനകൾക്ക് സർക്കാർ ഉത്തരവിട്ടു.










0 comments