കാന്തിലോട്ട് തെക്ക്-വടക്ക് നഗറില്‍ ഇനി വികസന വെളിച്ചം

കാന്തിലോട്ട് തെക്ക്-വടക്ക് നഗര്‍ വികസന പദ്ധതി മന്ത്രി ഒ ആര്‍ കേളു ഉദ്‌ഘാടനംചെയ്യുന്നു
കാസർകോട്
അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പടന്ന പഞ്ചായത്തിലെ കാന്തിലോട്ട് തെക്ക്-വടക്ക് നഗറിൽ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി ഒ ആര്‍ കേളു ഉദ്‌ഘാടനംചെയ്‌തു. ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ നൂറോളം 'ഉന്നതി'കളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 25 വീടുകളെങ്കിലുമുള്ള ഉന്നതികളെയാണ് പദ്ധതിക്കായി തിരഞ്ഞെടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലിന്റെ ശുപാര്‍ശ പ്രകാരം 99,21,082 രൂപ ചെലവഴിച്ചാണ് കാന്തിലോട്ട് നഗറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ജില്ലാ നിര്‍മിതികേന്ദ്രം മുഖേന ഉന്നതിയിലെ 57 വീടുകളുടെ അറ്റകുറ്റപ്പണികളും റോഡ് കോണ്‍ക്രീറ്റിങ്ങും നടത്തി. ടൈല്‍ വിരിക്കല്‍, പെയിന്റിങ്, തേപ്പ് തുടങ്ങിയ ജോലികളിലൂടെ വീടുകള്‍ക്ക് പുതുജീവന്‍ നല്‍കിയതിനൊപ്പം യാത്രാക്ലേശം പരിഹരിക്കാന്‍ റോഡുകളും നവീകരിച്ചു. എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ നിര്‍മിതി കേന്ദ്രം പ്രൊജക്ട് എൻജിനിയർ വി സജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം മീനാകുമാരി, ജില്ലാ പഞ്ചായത്തംഗം ഡോ. സെറീന സലാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി സുധാകരന്‍, സ്ഥിരംസമിതി അധ്യക്ഷരായ കെ പൂമണി, പി കൈരളി, പി വി അശ്വതി, കെ അസൈനാര്‍ എന്നിവര്‍ സംസാരിച്ചു. പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി സി സുബൈദ സ്വാഗതവും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഒ പി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.










0 comments