ad
Deshabhimani

മലയോരത്ത് ഉരുൾപൊട്ടലിന് 
സമാനമായി മലവെള്ളപ്പാച്ചിൽ

തയ്യേനി അത്തിയടുക്കം ഒറ്റക്കുഴി പ്രദേശത്തുണ്ടായ മലവെള്ളപ്പാച്ചിൽ
വെബ് ഡെസ്ക്

Published on Aug 02, 2026, 02:30 AM | 1 min read

ചിറ്റാരിക്കാൽ

കനത്തമഴയിൽ മലയോരത്ത് ഉരുൾപൊട്ടലിന് സമാനമായി മലവെള്ളപ്പാച്ചിൽ. നാലോളം മലവെള്ളപ്പാച്ചിലാണുണ്ടായത്‌. ഇതോടെ തേജസ്വിനി പുഴ കരകവിഞ്ഞു. നിരവധി കുടുംബംഗങ്ങളെ മാറ്റിപ്പാർപ്പിച്ചു. ശനി പകലാണ്‌ കനത്ത മഴയിൽ മലയോരത്തെ ഭീതിയിലാഴ്ത്തിയ മലവെള്ളപ്പാച്ചിലുണ്ടായത്. ഈസ്റ്റ്‌ എളേരി പഞ്ചായത്തിൽ തയ്യേനിയുടെ മുകളിലായി അത്തിയടുക്കം, ഒറ്റക്കഴി, വായിക്കാനം- കൊയിലമ്പാറ, തയ്യേൻമുണ്ട എന്നിവിടങ്ങളിൽ ഭൂമിക്കടിയിൽനിന്ന്‌ ശക്തമായി മണ്ണും വെള്ളവും കുത്തിയൊലിച്ചു. ഇത് പള്ളിത്തോട്, ഒറ്റക്കുഴി തോട് എന്നിവവഴി ഒഴുകി തയ്യേനി തോട്ടിൽ സംഗമിച്ചാണ് നാടിനെ നടുക്കുന്ന കുത്തൊഴുക്കായത്‌. കല്ലും മണ്ണും വെള്ളവും ഒഴുകി ഏണിച്ചാൽ തോടുവഴി പുളിങ്ങോം പുഴയിലേക്ക് ചേർന്നു. നാടിനെ വിറപ്പിച്ച് കലങ്ങിമറിഞ്ഞ വെള്ളത്തെ തുടർന്ന്‌ അതീവ ജാഗ്രത തുടർന്നതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി. ഏണിച്ചാൽ പാലം, പുളിങ്ങോം പാലം എന്നിവ മുങ്ങി. തയ്യേനി ടൗൺ പൂർണമായും വെള്ളത്തിലാണ്‌. വേലിക്കകത്ത് ബേബിയുടെ കടയിലും തകിടിയേൽ പീറ്ററിന്റെ ഹോട്ടലിലും വെള്ളം കയറി. തയ്യേനി ലൂർദ് മാതാ പള്ളിയുടെ മതിൽതകർന്നു. ജോസ് വാരിയിൽ കട, തയ്യേനി ബസ്റ്റാൻഡ് എന്നിവിടങ്ങളിൽ വെള്ളം കയറി. കൊയിലമ്പാറയിലെ ഒഴുകയിൽ സജി, കടപ്രയിൽ ബാബു എന്നിവരുടെ വീട്ടിലും വെള്ളം കയറി. കുറ്റ്യാട്ട് സുരേഷിന്റെ വീടിലേക്ക്‌ മണ്ണിടിഞ്ഞ് വീണു. വായിക്കാനം ഉന്നതിയിലെ 10 കുടുംബംങ്ങളിലെ 30 പേരെ തയ്യേനി ഗവ. ഹൈസ്കൂളിൽ താൽകാലികമായി ഉണ്ടാക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഏഴ് കുടുംബംങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റി. മുനയംകുന്നിൽനിന്ന് നാല് കുടുംബംങ്ങളെ കണ്ണിവയൽ ഗവ. യുപി സ്കൂളിലേക്ക് മാറ്റി. തോടുകളും പുഴകളും കരകവിഞ്ഞതിനാൽ ഇവിടുള്ള പാലങ്ങളിലൂടെയൂള്ള യാത്ര തടസ്സെപ്പെട്ടിട്ടുണ്ട്. കൃഷിയിടങ്ങളും നശിച്ചു. അത്തിയടുക്കം -വായിക്കാനം റോഡ്, തയ്യേനി -ഒറ്റക്കുഴി റോഡുകളിൽ മണ്ണിടിച്ചലുണ്ടയിട്ടുണ്ട്. തയ്യേൻമുണ്ട ഒന്ന്, കൊയിലമ്പാറ- വായിക്കാനം റോഡിൽ രണ്ട്, തയ്യേനി -ഒറ്റക്കുഴി റോഡിൽ ഒന്ന് എന്നിങ്ങനെ കലുങ്കുകൾ തകർന്നിട്ടുണ്ട്. ചെറുപുഴ പാലത്തിൽ വെള്ളം കയറി. മലയോരഹൈവേയിൽ ചെറുപുഴ ചിറ്റാരിക്കാൽ റൂട്ടിൽ ഗതാഗതം മുടങ്ങി. നല്ലോംപുഴ തോട് കരകവിഞ്ഞൊഴുകി. തേജസ്വിനി പുഴയിൽ കൊല്ലാട പാലവും വെള്ളത്തിൽ മുങ്ങി ഗതാഗതം തടസ്സപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home