വട്ടം കറക്കുന്ന നിയന്ത്രണം, ഏച്ചിക്കൊവ്വൽ ഒറ്റപ്പെട്ടു

അപകടങ്ങൾ പതിയിരിക്കുന്ന ചൂരികൊവ്വൽ റോഡിനോട് ചേർന്ന ദേശീയപാത.
പിലിക്കോട്
കാലിക്കടവിൽ ദേശീയപാത രണ്ടു വശങ്ങളിലും തുറന്നുകൊടുത്തതോടെ ഏച്ചികൊവ്വൽ ഗ്രാമം തീർത്തും ഒറ്റപ്പെട്ടു. ആണൂർ പാലത്തിന് സമീപത്തെ റോഡിലൂടെയുള്ള യാത്രക്കാരാണ് എങ്ങോട്ട് പോകണമെന്നറിയാതെ ദേശീയപാത അതോറിറ്റി വട്ടം കറക്കുന്നത്. കാലിക്കടവ് പെട്രോൾ പമ്പിന് സമീപം വെള്ളി രാവിലെ ഉണ്ടായ അപകടത്തിൽ ടിപ്പർ ലോറിയിടിച്ച് മുൻ പഞ്ചായത്ത് ജീവനക്കാരൻ ചുരിക്കൊവ്വലിലെ പി വി കൃഷ്ണൻ മരിക്കാനിടയായത് നിർമാണത്തിലെ അശാസ്ത്രീയത മൂലമാണ്. ചുരിക്കൊവ്വലിൽ നിന്നും കാലിക്കടവിലേക്ക് സ്‌കൂട്ടറിൽ വരുമ്പോഴാണ് അപകടം. ചൂരികൊവ്വലിൽ നിന്നുള്ള യാത്രക്കാർ രണ്ട് വശത്തേക്കുള്ള ദേശീയപാത മറികടന്ന് വേണം സർവീസ് റോഡ് വഴി കാലിക്കടവിലെത്താൻ. കരക്കക്കാവ് കളിയാട്ടത്തിന്റെ ഭാഗമായാണ് തിരക്ക് നിയന്ത്രിക്കാൻ രണ്ട് ഭാഗത്തേക്കുള്ള റോഡ് തുറന്നത്. ഈ ഭാഗത്തുള്ളവർക്ക് കാലിക്കടവിൽ എത്തണമെങ്കിൽ നാല് കിലോമീറ്റർ ചുറ്റിക്കറങ്ങി ഓണക്കന്നിലെ അടിപ്പാത വഴി മാത്രമാണ് കാലിക്കടവിലേക്ക് എത്താനാവൂ. നിർമാണ പ്രവർത്തി നടക്കുന്നതിനാൽ വേഗത നിയന്ത്രിക്കുന്നതിന് ബാരലുകൾ സ്ഥാപിച്ചിരുന്നെങ്കിലും ലോറിയുടെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയത്. പിലിക്കോട് പഞ്ചായത്തിന്റെയും മുൻ എംഎൽഎ എം രാജഗോപാലിന്റെയും ഇടപെടലിന്റെ ഭാഗമായി കാലിക്കടവ്- ഏച്ചികൊവ്വൽ റോഡിന്റെ നടപടി പൂർത്തിയായിട്ടുണ്ട്. ഈ റോഡ് യാഥാർത്യമാകുന്നത് വരെ ദേശീയപാതയിലെ വേഗത നിയന്ത്രിക്കുന്നതിന് നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ കഴിഞ്ഞ കാലവർത്തിൽ കാലിക്കടവ് നഗരം വെള്ളകെട്ട് രൂക്ഷമായതിനെ തുടർന്ന് വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയിരുന്നു. കെഎസ്ഇബി ജങ്ഷൻ മുതൽ കാലിക്കടവ് വരെ ഓവുചാൽ നിർമാണം പാതി വഴിയിലാണ്.










0 comments