രക്ഷാപ്രവർത്തനത്തിന് നാട് ഒന്നിച്ചിറങ്ങി

പാലായിയിൽ വീടുകളിൽ വെള്ളം കയറിയപ്പോൾ
നീലേശ്വരം
കിനാനൂർ കരിന്തളത്തെ താഴ്ന്ന പ്രദേശങ്ങളിൽ ശനി രാത്രി കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. പുലിയന്നൂർ, അണ്ടോൾ, വേളൂർ പാറക്കോൽ, കീഴ്മാല, കിനാനൂർ, കണിയാട എന്നിവിടങ്ങളിൽനിന്ന് നൂറോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കിനാനൂർ ജിഎൽപി സ്കൂൾ, അണ്ടോൾ ദേശസേവിനി വായനശാല എന്നിവിടങ്ങളിലാണ് മാറ്റിപ്പാർപ്പിച്ചത്. ഞായർ രാവിലെ ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ തുടങ്ങിയവർ വെള്ളം കയറിയ വീടുകളും ദുരിതാശ്വാസ ക്യാമ്പുകളിലും സന്ദർശിച്ചു. കാര്യങ്കോട് പുഴ കരകവിഞ്ഞതിനെ തുടർന്ന് നീലേശ്വരം നഗരസഭയിലെ ചാത്തമത്തെ 15 കുടുംബങ്ങളെ ശനി അർധരാത്രി മാറ്റിപ്പാർപ്പിച്ചിരുന്നു. 46 ആളുകളെയും ചാത്തമത്ത് പാടാർകുളങ്ങര ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലേക്കാണ് മാറ്റിയത്. വീട്ടുമൃഗങ്ങളെയും കന്നുകാലികളെയും മാറ്റിപ്പാർപ്പിച്ചിരുന്നു. നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി, കൗൺസിലർ സുബാഷ് ചാത്തമത്ത്, പി മനോഹരൻ എന്നിവർ മാറ്റിപ്പാർപ്പിക്കുന്നതിന് നേതൃത്വം നൽകി. ദുരന്തമുഖത്ത് ഒരുമയോടെ രക്ഷാപ്രവർത്തനം നടത്തുന്നതിന് ചാത്തമത്തെ യുവജനങ്ങൾ ഒറ്റക്കെട്ടായി രാത്രിയെ പകലാക്കി മാറ്റി നടത്തിയ രക്ഷാപ്രവർത്തനങ്ങൾ ശ്രദ്ധേയമായി. രക്ഷാപ്രവർത്തനങ്ങൾക്ക് പൊലീസിന്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും സേവനം ഇല്ലാതെ പോയത് പ്രതിഷേധത്തിനിടയാക്കി. ഞായറാഴ്‌ച രാവിലെ വെള്ളം ഇറങ്ങിയതിനെ തുടർന്ന് കുടുംബങ്ങൾ വീടുകളിലേക്ക് തിരിച്ചെത്തി. ചെളിവെള്ളം കയറിയതിനാൽ വീടിനകം മുഴുവൻ ചെളി നിറഞ്ഞിരിക്കുകയാണ്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വെള്ളം കയറിയ വീടുകൾ വൃത്തിയാക്കി.










0 comments