അതിർത്തിയിൽ ഇത്തിരിയല്ല; ഒത്തിരി കാര്യമുണ്ട്

പി പ്രകാശൻ
Published on Mar 06, 2026, 02:30 AM | 2 min read
മഞ്ചേശ്വരം
സപ്‌തഭാഷാ സംഗമഭൂമിയെന്നാണ് ജില്ലയെ വിശേഷിപ്പിക്കുക. ജില്ലയിൽ അത് കൂടുതൽ യോജിക്കുക മഞ്ചേശ്വരത്തിനാണ്. കന്നഡയും തുളുവും ഉറുദുവും ബ്യാരിയും കൊങ്കിണിയും മറാഠിയും മലയാളവും സംസാരിക്കുന്ന ബഹുസ്വര സമൂഹം അധിവസിക്കുന്ന മണ്ണ്. യക്ഷഗാനവും പക്ഷിപ്പാട്ടും പിറവിയെടുത്തതും തുളുനാടൻ മണ്ണിൽതന്നെ. പോയകാലത്ത് അധികാരി വർഗത്തിന്റെയും ജന്മിമാരുടെയും അനീതികൾക്കെതിരെ പ്രക്ഷോഭജ്വാല പടർത്തിയ പൈവളികെയും അംഗടിമുഗറും ഇവിടെയാണ്. ജന്മിത്വത്തിനെതിരെ പോരാടിയാണ് പൈവളികെ സഹോദരങ്ങളായ സുന്ദര ഷെട്ടിയും മഹാബാല ഷെട്ടിയും ചെന്നപ്പ ഷെട്ടിയും ഇൗ മണ്ണിൽ രക്തസാക്ഷികളായത്. മഞ്ചേശ്വരം മണ്ഡലത്തിൽ എൽഡിഎഫും യുഡിഎഫും മാറിമാറി ജയിച്ചിട്ടുണ്ട്. എന്നാൽ ബിജെപിക്ക് ഇവിടെനിന്ന് ജയിച്ച് കയറാനായിട്ടില്ല. 1957ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടക സമിതിയുടെ എം ഉമേഷ് റാവു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 1960ലും 1965ലും 1967ലും കർണാടക സമിതിയുടെ കെ മഹാബല ഭണ്ഡാരിയാണ് വിജയിച്ചത്. 1970ൽ ഐക്യമുന്നണി സ്ഥാനാർഥി സിപിഐയിലെ ബി എം രാമപ്പ വിജയിച്ചു. 1977ലും ബി എം രാമപ്പ തെരഞ്ഞെടുക്കപ്പെട്ടു. 1980ലും 1982ലും എൽഡിഎഫിലെ സിപിഐ സ്ഥാനാർഥി ഡോ. എ സുബ്ബറാവുവാണ് വിജയിച്ചത്. 1987 മുതൽ 2001 വരെ മുസ്ലിംലീഗിലെ ചെർക്കളം അബ്ദുള്ളയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2006ൽ എൽഡിഎഫിലെ സി എച്ച് കുഞ്ഞന്പുവിന്റെ വിജയം സംസ്ഥാനത്തുതന്നെ ശ്രദ്ധിക്കപ്പെട്ടു. 2011ലും 2016ലും ലീഗിലെ പി ബി അബ്ദുൾ റസാഖ് വിജയിച്ചു. അബ്ദുൾ റസാഖ് അന്തരിച്ചതിനെ തുടർന്ന് 2019 ഒക്‌ടോബർ 21 നടന്ന ഉപതെരഞ്ഞെടുപ്പിൽ ലീഗിലെ എം സി ഖമറുദ്ദീനാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2021 ൽ നടന്ന തെരഞ്ഞെടുപ്പിൽ ലീഗിലെ എ കെ എം അഷറഫ് 745 വോട്ടിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ വർഗീയത ഇളക്കിവിട്ടും പണമൊഴുക്കിയുമാണ് എല്ലാ കാലത്തും അവർ മത്സരത്തിനിറങ്ങുക. 2021ൽ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകിയ ബിഎസ്‌പിയിലെ കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി പത്രിക പിൻവലിപ്പിക്കാൻ ഭീഷണിപ്പെടുത്തിയതിന് ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രനെതിരായ കേസ് ഹൈക്കോടതിയിലാണ്. പത്രിക പിൻവലിപ്പിക്കാൻ രണ്ടര ലക്ഷം രൂപയും സ്‌മാർട്ട് ഫോണും കോഴയായി നൽകിയെന്നാണ് കേസ്. കേസിൽ ഒന്നാം പ്രതി കെ സുരേന്ദ്രനെയും മറ്റ് അഞ്ച് ബിജെപി നേതാക്കളെയും കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലാണ് ഹൈക്കോടതി പരിഗണനയിലുള്ളത്. പുത്തിഗെ, പൈവളിഗെ, മീഞ്ച, വോർക്കാടി, എൻമകജെ, കുമ്പള, മംഗൽപാടി, മഞ്ചേശ്വരം പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് മണ്ഡലം. നിലവിൽ എല്ലാ പഞ്ചായത്തും യുഡിഎഫാണ് ഭരിക്കുന്നത്. 2021 ലെ തെരഞ്ഞെടുപ്പിൽ 2,21,682 വോട്ടർമാരായിരുന്നു മണ്ഡലത്തിൽ. ഇത്തവണ അത് 2,27,403 ആയി. 5721 വോട്ടർമാർ വർധിച്ചു. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ആറുവരി ദേശീയപാത ആരംഭിക്കുന്നത് മണ്ഡലത്തിലെ തലപ്പാടിയിൽനിന്നാണ്. നിർമാണം പൂർത്തിയായി വാഹനങ്ങൾ ഓടിത്തുടങ്ങിയ ദേശീയപാതയിലെ ആദ്യ റീച്ചിൽ വലിയഭാഗം മണ്ഡലത്തിലൂടെ കടന്നുപോകുന്നു. മണ്ഡലത്തിലെ ഉക്കിനടുക്കയിൽ പ്രവർത്തിക്കുന്ന കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ എംബിബിഎസ് സീറ്റിൽ പ്രവേശനം ആരംഭിച്ചത് കഴിഞ്ഞ വർഷമാണ്. പുത്തിഗെയിലെ ആധുനിക രീതിയിലുള്ള സ്‌മാർട് കൃഷിഭവൻ, അതിർത്തിദേശമായ ഹൊസങ്കടിയിൽ യാത്രക്കാർക്കായി 35 കോടിയിലേറെ രൂപ ചെലവിൽ നിർമാണം പുരോഗമിക്കുന്ന റസ്‌റ്റ് സ്‌റ്റോപ്പ് (വഴിയോര വിശ്രമ കേന്ദ്രം), നിർമാണം അവസാനഘട്ടത്തിലെത്തിയ മഞ്ചേശ്വരം തുറമുഖം തുടങ്ങി നിരവധി വികസന പദ്ധതികളാണ് എൽഡിഎഫ് സർക്കാർ മണ്ഡലത്തിൽ നടപ്പാക്കിയത്.
ആകെ വോട്ടർമാർ – 2,27,403 പുരുഷൻ – 1,14,570 സ്‌ത്രീ– 1,12,833











0 comments