ആരോഗ്യം കാക്കും കയ്യൂർ മാതൃക

ചാലക്കാട് നടന്ന വയോജന മേളയിൽനിന്ന് (ഫയൽ ചിത്രം)
പി വിജിൻദാസ്
Published on Feb 18, 2026, 02:00 AM | 2 min read
കയ്യൂർ
മികച്ച ചികിത്സാ സൗകര്യം ഒരുക്കി നാടിന് താങ്ങായി കയ്യൂർ കുടുംബാരോഗ്യകേന്ദ്രം. ഇവിടത്തെ സേവനം അനുഭവിക്കുന്ന സാധാരണക്കാരുടെ എണ്ണം വലുതാണ്. സർക്കാർ നിയമിച്ച മൂന്ന് ഡോക്ടർമാരുടെയും പഞ്ചായത്ത് നിയമിച്ച ഒരു ഡോക്ടറുടെയും സേവനമാണ് ആശുപത്രിയിൽ ലഭിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇവിടെ നടപ്പാക്കിയ ജനോപകാര പദ്ധതികൾ സംസ്ഥാനത്തിന്റെ തന്നെ ശ്രദ്ധ പിടിച്ച് പറ്റി. നിരവധി അംഗീകാരങ്ങളും കുടുംബാരോഗ്യ കേന്ദ്രത്തെ തേടിയെത്തി. ആരോഗ്യത്തിൽ ജാഗ്രത പഞ്ചായത്തിൽ കൊതുകു ജന്യരോഗങ്ങളും ജലജന്യ രോഗങ്ങളും രോഗപകർച്ചയും പൂർണമായും കുറച്ചു കൊണ്ടുവരാൻ സാധിച്ചു. സ്നേഹ സ്പർശം പരിപാടിയുടെ ഭാഗമായി അഞ്ച് വർഷമായി വാർഡ്തല വയോജന ക്ലബ്ബുകളും അവയുടെ കീഴിൽ ക്ലസ്റ്റർ കമ്മറ്റികളും പ്രവർത്തിക്കുന്നു. 16 വാർഡുകളിലും വയോജന സംഗമങ്ങൾ, മേളകൾ, പഞ്ചായത്ത് തല വയോജനമേള എന്നിവ ഇടക്കിടെ സംഘടിപ്പിക്കുന്നു. കണ്ണ്, ഇഎൻടി, ഡെന്റൽ വിഭാഗത്തിലെ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകളുടെ ഗുണഫലം അനുഭവിച്ചവർ നിരവധി. വയോജന ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഉല്ലാസത്തിനായി ഹൗസ് ബോട്ട് യാത്രകൾ, കയാക്കിങ്, വിനോദ യാത്രകൾ, വിമാന യാത്രകൾ എന്നിവയെല്ലാം വയോജനങ്ങളുടെ മാനസികോല്ലാസത്തിന് വഴി തെളിച്ചു. മുകുളം പദ്ധതി നടപ്പിലാക്കിയതോടെ മുഴുവൻ കൗമാരപ്രായക്കാർക്കും ജീവിത നൈപുണ്യ വിദ്യാഭ്യാസം, ലഹരി, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണം നൽകിയത് ഏറെ പ്രയോജനം ചെയ്‌തു. ചേർത്തുപിടിക്കാൻ ഹമാര മെഹ്മാൻ ഹമാര മെഹ്മാൻ പദ്ധതിയിലൂടെ മുഴുവൻ അതിഥി തൊഴിലാളികൾക്കും ആരോഗ്യ കാർഡ്, ആരോഗ്യ പരിശോധന, മാനസിക ഉല്ലാസത്തിന് തൊഴിലാളി സംഗമം (പ്യാർ കി ആവാസ്) കലാപരിപാടി എന്നിവ സംഘടിപ്പിക്കുന്നതിലൂടെ കുറ്റകൃത്യ വാസനകൾ ഇല്ലാക്കാനും കേരളത്തിന്റെ കരുതൽ ബോധ്യപ്പെടുത്താനും പദ്ധതി സഹായകമായി. കേരളത്തിന്റെ ശുചിത്വ ശീലങ്ങൾ, ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള ആരോഗ്യ പരിരക്ഷ, ലഹരി ഉപയോഗത്തിന്റെ അപകടം എന്നിവയെക്കുറിച്ചുള്ള ഹിന്ദി ഭാഷയിലുള്ള ക്ലാസുകൾ, കുറ്റകൃത്യ വാസന രൂപപ്പെടാതിരിക്കാനുള്ള മാനസിക തലത്തിലുള്ള ഇടപെടൽ പദ്ധതിയിലൂടെ നടപ്പാക്കുന്നു. കിടപ്പുരോഗികൾക്ക് ആശ്വാസമെത്തിക്കുന്നു ഡോക്ടർ, നഴ്‌സ് ആശാ പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘമെത്തി കിടപ്പ് രോഗികൾക്ക് ആശ്വാസം നൽകാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഹോം കെയർ സേവനത്തിനപ്പുറം പുനരധിവാസ പ്രവർത്തനത്തിലൂടെ സ്വയം തൊഴിൽ പരിശീലനം നൽകി സാമ്പത്തിക സ്വയം പര്യാപ്തത ഉണ്ടാക്കുന്നു എന്നതും പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്നുണ്ട്.










0 comments