എവിടെ നഷ്ടപരിഹാരം
മറന്നോ തയ്യേനിയിലെ ദുരന്തബാധിതരെ

മലവെള്ളപ്പാച്ചിലിൽ തയ്യേനി ഒറ്റക്കുഴി റോഡ് തകർന്ന നിലയിൽ (ഫയൽചിത്രം)
പി കെ രമേശൻ
Published on Aug 30, 2026, 02:29 AM | 2 min read
ചിറ്റാരിക്കാൽ
മലവെള്ളപ്പാച്ചിലിൽ വീടും ജീവനേോപാധിയായ കൃഷിയും ഉൾപ്പെടെ എല്ലാം തകർന്ന് ഒരു മാസം പൂർത്തിയാവാറായിട്ടും ദുരന്തബാധിതർക്ക് ഒരു ചില്ലിക്കാശ് പോലും ധനസഹായം നൽകാതെ സംസ്ഥാന സർക്കാർ. ഓണത്തിനെങ്കിലും സഹായം ലഭിക്കുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്ന തയ്യേനിയിലെ ദുരന്തബാധിതർക്ക് നിരാശയായിരുന്നു ഫലം. ആഗസ്ത് ഒന്നിനാണ് ഈസ്റ്റ് എളേരിയുടെ അതിർത്തി ഗ്രാമമായ തയ്യേനിയുടെ സമീപ പ്രദേശങ്ങളെ ഭീതിയിലാഴ്ത്തി മലവെള്ളപ്പാച്ചലുണ്ടായത്. അത്തിയടുക്കം, ഒറ്റക്കുഴി, കൊയിലമ്പാറ, വായിക്കാനം, തയ്യേൻമുണ്ട എന്നിവിടങ്ങളിൽ മലമുകളിൽ നിന്ന് അതിശക്തമായ വെള്ളമാണ് കുത്തിയൊഴുകിയെത്തി നാടിനെ കീറിമുറിച്ചത്. ഇതുവഴിയുള്ള മുഴുവൻ റോഡുകളും കുത്തിയൊഴുകിപ്പോയി. ഓവുചാലുകൾ തകർന്നു. 42 വീടുകൾക്കാണ് നാശം സംഭവിച്ചത്. 12 വീട് ഭാഗികമായും അഞ്ച് വീടുകൾ പൂർണമായും തകർന്നു. നിരവധി വീടുകൾ വാസയോഗ്യമല്ലാതായി. നാട്ടുകാർ ഉണർന്ന് പ്രവർത്തിച്ചതിനാൽ ആർക്കും ജീവൻ നഷ്ടമായില്ല. ദുരന്തത്തെ തുടർന്ന് തയ്യേനി ഗവ. ഹൈസ്കൂളിൽ താൽകാലിക ദുരിതാശ്വസ ക്യാമ്പ് തുറന്ന് 60 ഓളം പേരെ അവിടെ പാർപ്പിച്ചു. ആദ്യ രണ്ട് ദിവസങ്ങളിൽ ക്യാമ്പിൽ ഭക്ഷണം പോലും കൃത്യമായി നൽകാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിച്ചില്ല. രണ്ടാം ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കലക്ടറും ഇടപെട്ടാണ് ഭക്ഷണം കുടുംബശ്രീ മുഖാന്തിരം നൽകാൻ സംവിധാനമൊരുക്കിയത്. പിന്നീടാണ് പരാതിയില്ലാതെ ഭക്ഷണം ക്യാമ്പിലെത്തിയത്. ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ട് ആഴ്ചകൾ കഴിഞ്ഞെങ്കിലും ആർക്കും സർക്കാർ സഹായം ഇതുവരെ ലഭിച്ചില്ല. വീടില്ലാതായ മൂന്ന് കുടുംബം ഇപ്പോഴും വാടകവീട്ടിലാണ്. രണ്ട് കുടുംബം ബന്ധുവീട്ടിലും. വായിക്കാനത്തെ വയോധികരായ കുറ്റ്യാട്ട് ഗോപാലൻ, കുന്നംപുറം ജോസ്, അത്തിയടുക്കത്തെ ഇളയിടത്ത് പാറു എന്നിവരുടെ കുടുംബമാണ് വാടകവീട്ടിൽ കഴിയുന്നത്. മുത്തേടത്ത് രവിയും പ്രായമായ അമ്മ കല്യാണിയും സുഖമില്ലാത്ത കുഞ്ഞ് ഉൾപ്പെടെയുള്ള കുടുംബവും കാണിക്കാരൻ ശ്രീധരനും പ്രായമായ അമ്മ കാർത്യായനിയും കുട്ടികളും ഉൾപ്പെടെയുള്ള കുടുംബവും ബന്ധുവീട്ടിലേക്കും താമസം മാറി. ഇവർ എങ്ങനെ കഴിയുന്നുവെന്ന് പോലും സർക്കാർ അന്വേഷിച്ചിട്ടില്ല. വാടക വീട്ടിൽ കഴിയുന്നവർ മാസം 3500 രൂപ വാടക നൽകണം. അതിന് വഴികാണാതെ പ്രയാസത്തിലാണ് അവർ. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 2024ൽ പ്രളയമുണ്ടായപ്പോൾ തയ്യേനി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിരുന്നു. അന്ന് ക്യാമ്പിൽ കഴിഞ്ഞ ഓരോ കുടുംബത്തിനും 10000 രൂപ സഹായം നൽകി. ഒരു റേഷൻ കാർഡിൽ രണ്ട് പേർക്ക് ദിവസം 300 രൂപ വീതവും നൽകിയിരുന്നു.










0 comments