ad
Deshabhimani

അപകടം പതിയിരിക്കുന്നു തീരദേശപാതയിൽ​ ദുരിതവും 
ഭീഷണിയുമായി വെള്ളക്കെട്ട്

വെള്ളക്കെട്ടിലായ ഉദുമ പള്ളത്തെ തീരദേശപാത
വെബ് ഡെസ്ക്

Published on Jul 01, 2026, 03:00 AM | 1 min read

ഉദുമ മഴ ശക്തമായതോടെ കാസർകോട്–- കാഞ്ഞങ്ങാട് തീരദേശപാതയിലെ ഉദുമ പള്ളം ഭാഗത്തുണ്ടായ വലിയവെള്ളക്കെട്ട് യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതവും ഭീഷണിയുമായി. റോഡിന്റെ ഇരുവശങ്ങളിലും മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽനടയാത്രക്കാരും പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങളും ഏറെ ബുദ്ധിമുട്ടുന്നു. റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞത് കാണാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞയാഴ്ച കണ്ണിക്കുളങ്ങരയിലെ കോൺക്രീറ്റ് മേസ്ത്രി വെണ്ണീർ കുഞ്ഞിരാമൻ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ലോറിയിടിച്ച് മരണപ്പെട്ടത്‌ ഇവിടെവെച്ചാണ്‌. ഈ ഭാഗത്ത് നിരന്തരം അപകടങ്ങൾ ഉണ്ടായിട്ടും സുരക്ഷാ നടപടിയെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. വാഹനങ്ങളുടെ അമിതവേഗതയും അപകടം വരുത്തുന്നുണ്ട്‌. വെള്ളക്കെട്ടുകാരണം റോഡു മുറിച്ചുകടക്കാനോ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് പോകാനോ പ്രയാസമാണ്. വാഹനങ്ങൾ ചീറിപ്പോകുമ്പോൾ റോഡരികിലുള്ള കാൽനടയാത്രക്കാരെ  ചെളിവെള്ളത്തിൽ കുളിപ്പിക്കുന്നതും പതിവാണ്. ചിലപ്പോൾ ഏറെസമയം ഗതാഗതക്കുരുക്കുമുണ്ടാകുന്നു. റോഡരികിലെ ഓടകൾ മണ്ണും മാലിന്യങ്ങളും നിറഞ്ഞ് അടഞ്ഞുകിടക്കുന്നതിനാലാണ് റോഡിലൂടെ വെള്ളമൊഴുകാൻ പ്രധാനകാരണമാവുന്നതെന്ന്‌ നാട്ടുകാർ പറഞ്ഞു.​ റോഡിന്റെ ഉപരിതലം ഉയർത്തി പുനർനിർമിക്കുകയും ​അടഞ്ഞുകിടക്കുന്ന ഓടകൾ അടിയന്തരമായി ശുചീകരിക്കുകയും ​അപകടങ്ങൾ ഒഴിവാക്കാൻ മുന്നറിയിപ്പ് ബോർഡുകളും താൽക്കാലിക സുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബേക്കൽ കോട്ട, ചന്ദ്രഗിരി കോട്ട, ബേക്കൽ ബീച്ച്, കാപ്പിൽ ബീച്ച് തുടങ്ങിയ ടൂറിസം മേഖല ഉൾപ്പെടുന്ന പ്രധാന സംസ്ഥാന ​തീരദേശ പാതയാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home