സംരക്ഷണവും വികസനവും വേണം
മനംകവരും നാരത്തുംകൊല്ലി വെള്ളച്ചാട്ടം

സുരേഷ് മടിക്കൈ
Published on Aug 28, 2026, 02:00 AM | 1 min read
നീലേശ്വരം
മഴക്കാലത്ത് മനം കുളിർപ്പിക്കുന്ന കാഴ്‌ചയൊരുക്കി മാനൂരിച്ചാലിലെ നാരത്തുംകൊല്ലി വെള്ളച്ചാട്ടം സജീവമായതോടെ സഞ്ചാരികളുടെ തിരക്കും വർധിച്ചു. കിനാനൂർ -കരിന്തളം, മടിക്കൈ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ചായ്യോത്ത് മാനൂരിയിലാണ് വെള്ളച്ചാട്ടമുള്ളത്. നിരവധി അരുവികൾ സംഗമിച്ച് ഒഴുകിയെത്തുന്ന മാനൂരിച്ചാലിലാണ് വെള്ളച്ചാട്ടം. നൂറുകണക്കിനുപേരാണ് നിത്യേന ഇവിടെയെത്തുന്നത്. വെള്ളച്ചാട്ടത്തിൽ ഉല്ലസിക്കാമെന്നതിനാൽ കുട്ടികളോടും കുടുംബത്തോടുമൊപ്പം ആളുകളെത്തുന്നത്. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമാണ് കൂടുതൽപേർ എത്തുന്നത്. ഓണം അവധി ദിനങ്ങളിൽ ഇവിടെ തിരക്ക് വർധിച്ചിട്ടുണ്ട്. ഇവിടെയെത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങളില്ലാത്തത് പ്രയാസമുണ്ടാക്കുന്നു. വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ കൽപടവുകളും കൈവരിയും തീർത്തിട്ടുണ്ടെങ്കിലും അവ പര്യാപ്തമല്ല. ഏകദേശം അര കിലോമീറ്റർ റോഡ് വൃത്തിയാക്കി അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ മൺസൂൺ കാലത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി ഇവിടം മാറ്റിയെടുക്കാം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം വലിച്ചെറിയുന്നത് പ്രകൃതിക്ക് ഭീഷണിയാവുന്നുണ്ട്. മഴക്കാലത്ത് മാത്രമാണ് ഇൗ വെള്ളച്ചാട്ടം ദൃശ്യമാവുക. കനത്ത മഴയിൽ പാറക്കെട്ടുകളിൽനിന്ന് ഒഴുകിയെത്തുന്ന തെളിനീരിന്റെ സൗന്ദര്യം ആരെയും ആകർഷിക്കും. ഇൗ വെള്ളച്ചാട്ടം ആളുകളുടെ ശ്രദ്ധയിൽപെട്ടിട്ട് ഏതാനും വർഷങ്ങളേ ആയുള്ളൂ. വിസ്തൃതിയിൽ പരന്നൊഴുകുന്നതിനാൽ ഒരേ സമയം കൂടുതൽ പേർക്ക് വെള്ളച്ചാട്ടത്തിന് കീഴെനിന്ന് സുരക്ഷിതമായി കുളിക്കാനാവും. നീലേശ്വരത്തുനിന്ന് എരിക്കുളം മൂന്ന് റോഡ് വഴിയും ചായ്യോത്ത് വഴിയും സഞ്ചരിച്ചാൽ ഇവിടെയെത്താം. റോഡരികിൽ ദിശാബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
മികച്ച ടൂറിസം കേന്ദ്രമായി വളർത്തണം
ഗ്രാമീണ ടൂറിസം വികസനത്തിന് ഏറെ സാധ്യതയുള്ള പഞ്ചായത്താണ് കിനാനൂർ കരിന്തളം. നിലവിൽ മഴക്കാലത്ത് മാത്രം സജീവമാകുന്ന മാനൂരിച്ചാലിലെ നാരത്തുംകൊല്ലി വെള്ളച്ചാട്ടം കാണാൻ ദിവസവും നൂറുകണക്കിനാളുകൾ എത്തുന്നുണ്ട്. പ്രകൃതി രമണീയമായ പ്രദേശത്തെ ജില്ലയിലെ മികച്ച ടൂറിസം കേന്ദ്രമായി വളർത്തേണ്ടതുണ്ട്. പ്രാഥമിക സൗകര്യങ്ങൾ മാത്രമേ പഞ്ചായത്തിന് ചെയ്യാനാവൂ. സംസ്ഥാന ടൂറിസം വകുപ്പും ഡിടിപിസിയും ശ്രദ്ധവച്ചാൽ മികച്ച ടൂറിസം കേന്ദ്രമായി ഉയർത്താനാവും. എം രാജൻ, പ്രസിഡന്റ് കിനാനൂർ കരിന്തളം പഞ്ചായത്ത്










0 comments