ad
Deshabhimani

ജില്ലയിൽ പലയിടത്തും കനത്ത നാശനഷ്‌ടം

കലിതുള്ളി കാറ്റും മഴയും

ആവുള്ളക്കോട്ടെ ബാലകൃഷ്ണന്റെ വീടിന് മുകളിൽ മരം വീണ നിലയിൽ

ആവുള്ളക്കോട്ടെ ബാലകൃഷ്ണന്റെ വീടിന് മുകളിൽ മരം വീണ നിലയിൽ

avatar
സ്വന്തം ലേഖകർ

Published on Jul 08, 2026, 02:33 AM | 2 min read

കാസർകോട്‌

തിങ്കളാഴ്ച രാത്രിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അപകടങ്ങളും കനത്ത നാശനഷ്‌ടങ്ങളും സംഭവിച്ചു. പലയിടത്തും മരങ്ങൾ കടപുഴകി വീണു. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി തൂണുകൾ തകർന്ന് പരക്കെ വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിരുന്നു. കിനാനൂർ-, കരിന്തളം ഉൾപ്പെടെയുള്ള മേഖലകളിൽ ഉയർന്ന മഴയാണ് രേഖപ്പെടുത്തിയത്. തിങ്കൾ രാത്രിയുണ്ടായ ശക്തമായ കാറ്റിൽ കാഞ്ഞങ്ങാട് സൗത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റ മേൽക്കൂര പറന്നു പോയി. 8 ക്ലാസ് മുറികൾക്ക് മുകളിലുള്ള റൂഫിങ് ഷീറ്റാണ് പാറി വീണത്. ഷീറ്റ് ഉൾപ്പെടെയുള്ള ഭാഗം തെങ്ങിന്റെ മുകളിൽ കുടുങ്ങി. ചൊവ്വാഴ്‌ച രാവിലെ ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ, കാഞ്ഞങ്ങാട് ആർഡി ഒ പി സുധീപ്, ഹൊസ്‌ദുർഗ് തഹസിൽദാർ രമേശൻ പൊയിനാച്ചി, കാഞ്ഞങ്ങാട് വില്ലേജ് ഓഫീസർ ഹരികൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു. മടക്കരയിൽനിന്ന്‌ മീൻപിടിക്കാൻപോയ വള്ളം നീലേശ്വരം അഴിത്തല പുലിമുട്ടിൽ തട്ടി തകർന്നു. തിങ്കൾ രാവിലെയായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന ഒഡിഷ സ്വദേശികളായ അഞ്ച് തൊഴിലാളികൾ നിസ്സാര പരിക്കേറ്റു. രാജപുരത്ത്‌ കള്ളാർ പഞ്ചായത്തിലെ 9–-ാം വാർഡിൽ വണ്ണാത്തിക്കാനത്ത് പറയകോണത്ത് എം എൽ ചാക്കോയുടെ ഉടമസ്ഥതയിലുള്ള വീട്‌ തെങ്ങുവീണ്‌ തകർന്നു. പിഞ്ചുകുഞ്ഞടക്കം വാടകയ്‌ക്കുണ്ടായിരുന്ന കുടംബാംഗങ്ങൾ അത്ഭുതകരമായാണ്‌ രക്ഷപെട്ടത്‌. വള്ളിപ്പായിൽ ജിജോയും കുടുംബവുമാണ് താമസിച്ചിരുന്നത്. മൂന്ന് മാസം പ്രായമായ കൈക്കുഞ്ഞ് അടക്കം അഞ്ച്‌ പേർ വീട്ടിലുണ്ടായിരുന്നു. അടുക്കളയിൽ ഭക്ഷണം കഴിക്കുന്ന സമയത്താണ് അപകടം നടന്നത്. രണ്ടു കിടപ്പുമുറികൾ പൂർണമായും തകർന്നു. കരിന്തളം നാന്തിയടുക്കത്ത്‌ വീടിന് മുകളിൽ മരം പൊട്ടിവീണ് വയോധികയ്ക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച രാത്രി 8ന് വീശിയടിച്ച കാറ്റിലും മഴയിലും കെ ജാനകിയുടെ വീടാണ്‌ തകർന്നത്‌. ഓട് മേഞ്ഞ വീടിന് മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീഴുകയായിരുന്നു. ഓട് ദേഹത്തുവീണ് ജാനകിയുടെ അമ്മ കെ മാണിക്ക് (90)ആണ്‌ പരിക്കേറ്റത്‌. നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തി. കിനാനൂർ-–കരിന്തളം പഞ്ചായത്ത് പ്രസിഡന്റ്‌ എം രാജൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പാറക്കോൽ രാജൻ, പഞ്ചായത്തംഗം എൻ രമണൻ എന്നിവർ സ്ഥലം സന്ദർശിച്ചു. വെള്ളരിക്കുണ്ടിൽ മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു. പ്ലാച്ചിക്കര ആവുള്ളക്കോട് അങ്കണവാടിക്ക് സമീപത്തെ തോട്ടിനക്കരവീട്ടിൽ ബാലകൃഷ്ണന്റെ ഓടിട്ട വീടാണ് തകർന്നത്. ചൊവ്വ പുലർച്ചെ നാലിനാണ്‌ അപകടം. വീടന് സമീപത്തെ തൊഴുത്തും മരം വീണ് തകർന്നു. ബാലകൃഷ്‌ണനും ഭാര്യ ടി വി ശാരദയും തൊട്ടടുത്തുള്ള മകളുടെ വീട്ടിലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ​കാഞ്ഞങ്ങാട്‌ സ്‌കൂളിന്‌ 
1 കോടി രൂപയുടെ 
നാശനഷ്ടം തിങ്കൾ രാത്രിയിലുണ്ടായ ചുഴലിക്കാറ്റിൽ കാഞ്ഞങ്ങാട്‌ സ‍ൗത്ത്‌ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന്‌ ഒരു കോടി രൂപയുടെ നാശനഷ്ടം. വിദ്യാലയത്തിന്റെ രണ്ട്‌ കെട്ടിടങ്ങളുടെ മുകളിൽ നിർമിച്ച ഇരുന്പുഗാർഡറിലെ ഷീറ്റുപാകിയ മേൽക്കൂരയാണ്‌ തകർന്നത്‌. 60 ശതമാനം ഷിറ്റുകളും തരിപ്പണമായി. ഫിറ്റസ്‌ ട്രെയിനിങ്‌ സെന്റർ, ജിഎസ്‌ടി അസിസ്‌റ്റൻഡ്‌ കോഴ്‌സ്‌ ഹാൾ എന്നിവ പുർണമായി തകർന്നു. മഴവെള്ളം കയറി ഉപകരണങ്ങളും നശിച്ച്‌ 11 ലക്ഷം ര‍‍ൂപയുടെ നാശനഷ്‌ടമുണ്ടായി. ഇരു കെട്ടിടങ്ങളുടെയും വൈദ്യുതികരണവും നശിച്ചു. 15 ഫാനുകൾ കാറ്റിൽ പതിച്ചു. സംഭവസ്ഥലം കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ അടിയന്തര അറ്റകുറ്റപ്പണി നടന്നു വരുന്നുണ്ട്. എൽപി യുപി വിഭാഗങ്ങൾക്കും 8, 9 ക്ലാസുകൾക്കും ബുധനാഴ്ചയും അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home