അക്ഷരത്തിരി തെളിച്ച് നാടിനൊപ്പം

തിമിരി നൂഞ്ഞയിലെ ഉദയ വായനശാല ആൻഡ് ഗ്രന്ഥാലയം വനിതാവേദിയുടെ വാദ്യകലാ സംഘം
പി വിജിൻദാസ്
Published on Sep 06, 2026, 02:00 AM | 1 min read
ചെറുവത്തൂർ
ജനകീയാസൂത്രണത്തിന് തുടക്കം കുറിച്ച 1996 ലായിരുന്നു 80 പേർ ചേർന്ന് കയ്യൂർ- ചീമേനി പഞ്ചായത്തിലെ തിമിരി നൂഞ്ഞയിൽ ഒരു വായനശാലയും ഗ്രന്ഥാലയവും സ്ഥാപിക്കണമെന്ന തീരുമാനത്തിലെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ ചെറിയൊരു വായനശാലയും ഗ്രന്ഥാലയവും ഒരുക്കി. 1400 പുസ്‌തകങ്ങളുമായാണ് തുടക്കം. നാടിന്റെ സാംസ്കാരികവും -സാമൂഹികവുമായ ഒത്തുചേരലിന്റെ ഇടമായി ചുരുങ്ങിയ കാലത്തിനകം നൂഞ്ഞയിലെ ഉദയ വായനശാല ആൻഡ് ഗ്രന്ഥാലയം മാറി. ഒരു വായനശാലയെ നാട് എത്രത്തോളം നെഞ്ചേറ്റുന്നുവെന്ന് ഇവിടെയെത്തിയാൽ കാണാനാവും. വളർച്ചയുടെ പടവുകൾ ഒന്നൊന്നായി താണ്ടി നാടിന്റെ സാസ്‌കാരികകേന്ദ്രമായി ഇൗ സ്ഥാപനം വളർന്നു. ലൈബ്രറി കൗൺസിലിന്റെ സഹായവും മുൻ എംഎൽഎ എം രാജഗോപാലന്റെ ആസ്‌തി വികസന ഫണ്ടിൽനിന്ന് ലഭിച്ച തുകയും ഉപയോഗിച്ച് വായനശാലയ്‌ക്ക് മികച്ച കെട്ടിടം നിർമിച്ചു. യു കൃഷ്ണൻ സെക്രട്ടറിയും കെ പി രമേശൻ പ്രസിഡന്റുമായ കമ്മിറ്റിയാണ് ആദ്യത്തേത്. ദൈനംദിന പ്രവർത്തനങ്ങൾക്കൊപ്പം നാടിന്റെ വികസനകാര്യത്തിലും നാട്ടുകാരുടെ പൂർണ പങ്കാളിത്തം വായനശാല ഉറപ്പുവരുത്തുന്നുണ്ട്. വിവിധ കൂട്ടായ്‌മകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വനിതാവേദി പ്രവർത്തകരുടെ സേവനം എടുത്തുപറയേണ്ടതാണ്. ആഴ്‌ചയിൽ ഒരുതവണ വനിതാവേദി പ്രവർത്തകർ വീടുകളിലെത്തി പുസ്‌തകം നൽകുന്നു. 1400 പുസ്‌തകങ്ങളിൽനിന്ന് തുടങ്ങിയ ഗ്രന്ഥശാലയിൽ ഇപ്പോൾ 6400 പുസ്‌തകങ്ങളുണ്ട്. ഡിജിറ്റൽ യുഗത്തിലും വായനയെ ജീവിതശൈലിയാക്കി മാറ്റാൻ ഗ്രന്ഥശാല നിരന്തര ഇടപെടൽ നടത്തുന്നു. ഉദ്യോഗാർഥികൾക്കായി മത്സരപരീക്ഷാ പരിശീലനം, പുസ്തക ചർച്ച, വിദ്യാർഥികൾക്ക് വായന മത്സരം എന്നിവ സംഘടിപ്പിക്കുന്നുണ്ട്. സാഹിത്യ-ചർച്ചകളും കലാ സന്ധ്യകളുമുണ്ട്. പഞ്ചായത്തിലെ സാന്ത്വന പരിചരണരംഗത്തും സജീവമായ ഇടപെടലുണ്ട്. 10 വർഷത്തിലേറെയായി വാദ്യകലാരംഗത്ത് പ്രവർത്തിക്കുന്ന വനിതാവേദി പ്രവർത്തകർ ഇതിനകം അഞ്ചോളം സംസ്ഥാനങ്ങളിൽ തങ്ങളുടെ മികവറിയിച്ചു. കലാരംഗത്തെ പ്രവർത്തനവും ശ്രദ്ധേയം. നാടകം, സംഗീത ശില്പം, കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങൾ തുടങ്ങിയവ നിരവധി വേദികളിൽ അവതരിപ്പിച്ചു. നിലവിൽ ടി വി പവിത്രനാണ് സെക്രട്ടറി. കെ പി രമേശൻ പ്രസിഡന്റുമാണ്.










0 comments