print edition പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കൽ: ജീവനക്കാർ മംഗളൂരുവിൽ ‘കുടുങ്ങി’

കണ്ണൂർ: ടെർമിനൽ, പിറ്റ് ലൈൻ സൗകര്യങ്ങൾ നഷ്ടമായതോടെ മംഗളൂരുവിലുള്ള പാലക്കാട് ഡിവിഷനിലെ മെക്കാനിക്കൽ ജീവനക്കാർക്ക് നാട്ടിലേക്കുള്ള സ്ഥലംമാറ്റം അസാധ്യമായി. നൂറ്റന്പതിലധികം മലയാളി ജീവനക്കാർക്ക് മൈസൂരു ഡിവിഷനിൽ ജോലി തുടരേണ്ടിവരും. ഹൂബ്ബള്ളിക്കടുത്ത് കർജരിവരെയും ബല്ലാരിക്കടുത്ത് റായ്ദുർഗവരെയും ഹോസ്‌പേട്ടിനടുത്ത് ഹർപ്പനഹള്ളിവരെയും വ്യാപിച്ചുകിടക്കുന്ന ഡിവിഷനിലേക്കാവും ഇവർക്ക് പോകേണ്ടിവരിക.
ജീവനക്കാർ എവിടെയാണോ ഉള്ളത് അവിടെത്തന്നെ തുടരണമെന്നാണ് റെയിൽവേ ഇറക്കിയ ഉത്തരവ്. മലയാളി ജീവനക്കാർക്ക് സ്ഥലംമാറ്റത്തിന് അപേക്ഷ നൽകാമെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്. എന്നാൽ, ടെർമിനൽ, പിറ്റ്‌ലൈൻ സൗകര്യങ്ങളുള്ള മംഗളൂരു നഷ്ടമായതോടെ സാങ്കേതിക വിഭാഗം തസ്‌തികകളും കൂട്ടത്തോടെ പാലക്കാടിന് ഇല്ലതായി. പാലക്കാടും ഷൊർണൂരും സാങ്കേതിക തസ്‌തിക സൃഷ്ടിച്ച് ജീവനക്കാരെ സംരക്ഷിക്കണമെന്നാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ 2006-ൽ സേലം ഡിവിഷൻ രൂപീകരിച്ചപ്പോൾ കോയമ്പത്തൂർ, ഇൗറോഡ്, സേലം മേഖലകളിൽ തുടരേണ്ടിവന്ന മലയാളി ജീവനക്കാരുടെ അവസ്ഥയാകും ഉണ്ടാകുക.
കണക്കെടുപ്പിനും മറ്റുമായി മൈസൂരു ഡിവിഷൻ ഉദ്യോഗസ്ഥർ മംഗളൂരുവിലുണ്ട്. ജീവനക്കാരുടെ കാര്യങ്ങൾ ഏതുരീതിയിൽ പരിഹരിക്കുമെന്നതിൽ മാനദണ്ഡമൊന്നും റെയിൽവേ പുറത്തിറക്കിയിട്ടില്ല. അടുത്തമാസം ഒന്നിനാണ് മഞ്ചേശ്വരത്തിനപ്പുറം ഉള്ളാൾമുതലുള്ള ഭാഗം സൗത്ത് വെസ്‌റ്റേൺ റെയിൽവേയിലേക്ക് മാറുന്നത്. നിലവിൽ മംഗളൂരുവിലെ 35 ടിടിഇമാരെ പാലക്കാട് ഡിവിഷനിലേക്ക് സ്ഥലംമാറ്റി.
11 പേരെ കണ്ണൂരിലേക്കും 20 പേരെ ഷൊർണൂരേക്കും രണ്ടുപേരെ വീതം പാലക്കാട് സ്‌ക്വാഡിലേക്കുമാണ് മാറ്റിയത്. ലോക്കോ പൈലറ്റുമാരുടെ കണക്ക് എടുത്തുവരികയാണ്. ഇവരുടെ സ്ഥലംമാറ്റവും ഉടനുണ്ടാകും. ഡിവിഷൻ വെട്ടിമുറിച്ചതിലും ജീവനക്കാരുടെ സ്ഥലംമാറ്റത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാത്തതിലും പ്രതിഷേധിച്ച് ഡിആർഇയു ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലാണ്.










0 comments