ad
Deshabhimani

print edition സ്പെഷ്യാലിറ്റിയിൽ ഉറപ്പ്‌ പാലിച്ചില്ല: പകരം ഡോക്ടർമാരില്ലാതെ പുനർവിന്യാസം

no doctor in speciality
വെബ് ഡെസ്ക്

Published on Sep 06, 2026, 02:46 AM | 1 min read

തിരുവനന്തപുരം: ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനത്തിന്‌ ആവശ്യത്തിന്‌ ഡോക്ടർമാരെ നിയമിക്കുമെന്ന ഉറപ്പ്‌ പാലിക്കാതെ സർക്കാർ. സ്പെഷ്യാലിറ്റി സേവനപരിഷ്‌കാരം ആദ്യഘട്ടം നടപ്പാക്കുന്ന പുനലൂർ താലൂക്ക്‌ ആശുപത്രിയിലും ആവശ്യത്തിന്‌ ഡോക്ടർമാരെ നിയമിച്ചിട്ടില്ല. ഡോക്ടർമാരെ പുനർവിന്യസിച്ച ആശുപത്രികളിൽ പകരം നിയമനവുമില്ല.


രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ നേരിട്ടും ശേഷം ഫോണിലും സ്പെഷ്യാലിറ്റി സേവനം എന്നതാണ്‌ സർക്കാർ വാഗ്‌ദാനം. ഡോക്ടർമാരുടെ കുറവ്‌ നികത്താതെയുള്ള നീക്കത്തിൽ കെജിഎംഒഎ പ്രതിഷേധിച്ചു. തുടർന്ന്‌ നടന്ന ചർച്ചയിൽ ഓരോ സ്പെഷ്യാലിറ്റിയിലും ഒമ്പത് ഡോക്ടർമാരെ വീതം നിയമിക്കുമെന്ന്‌ മന്ത്രി ഉറപ്പുനൽകിയത്‌. എന്നാൽ ഒരുവിഭാഗത്തിലും ഡോക്ടർമാരെ പൂർണമായി നിയമിച്ചില്ല. ജനറൽ മെഡിസിനിൽ ആറും മറ്റുവിഭാഗങ്ങളിൽ നാലും ഡോക്ടർമാരെമാത്രമാണ്‌ പുതുതായി നിയമിച്ചത്‌.


കൂടുതൽ രോഗികൾക്ക്‌ ആശ്രയമായ കൊല്ലം ജില്ലാ ആശുപത്രി, നെടുങ്ങോലം, കുണ്ടറ താലൂക്ക് ആശുപത്രികൾ, നീണ്ടകര സിഎച്ച്സി, തേവലക്കര എഫ്എച്ച്സി എന്നിവിടങ്ങളിൽനിന്നാണ്‌ ഇവരെ പുനർവിന്യസിച്ചത്‌. പകരം ഡോക്ടർമാരെ നിയമിക്കാതെയുള്ള നടപടിയിൽ രോഗികൾ പ്രതിസന്ധിയിലായി. കുണ്ടറയിൽനിന്ന്‌ പീഡിയാട്രിഷ്യൻ വിഭാഗത്തിലെ ഏക ഡോക്ടറെ മാറ്റി നിയമിക്കുകയും ചെയ്തു. ഇതിനെതിരെ കോൺഗ്രസ്‌ ജനപ്രതിനിധികൾ ഉൾപ്പെടെ എതിർപ്പുയർത്തി.


പുനർവിന്യസിക്കുന്ന സ്പെഷ്യാലിറ്റി ഡോക്ടർമാർക്കുപകരം മറ്റ്‌ ഡോക്ടർമാരെ നിയമിക്കാനുള്ള നീക്കത്തിലും പ്രതിഷേധം ഉയരുന്നുണ്ട്‌. ഒഴിവുകളിൽ എൻഎച്ച്‌എം മുഖേന കരാർ നിയമനം നടത്തുമെന്നാണ്‌ ആരോഗ്യവകുപ്പ്‌ അറിയിച്ചത്‌. ഇതിനായി അഡ്‌ഹോക്‌ കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്ന്‌ പറഞ്ഞെങ്കിലും തുടർനടപടിയുണ്ടായില്ല. പരീക്ഷ, അഭിമുഖം എന്നിവ കഴിഞ്ഞ്‌ ഡോക്ടർമാരെ നിയമിക്കുമ്പോൾ കാലതാമസമുണ്ടാകും. ഒഴിവുകളിൽ കോൺഗ്രസ്‌ അനുകൂലികളെ നിയമിക്കാനാണ്‌ നീക്കമെന്നും ആക്ഷേപമുണ്ട്‌. ഡോക്ടർമാരെ നിയമിക്കാത്തതിൽ പ്രതിഷേധമറിയിച്ച്‌ കെജിഎംഒഎ മന്ത്രിക്ക്‌ വീണ്ടും കത്ത്‌ നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home