മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു

മുക്കാളി റെയിൽവേ പ്ലാറ്റ്ഫോമിനോട് ചേർന്ന് റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞ ടിപ്പർ
അഴിയൂർ മുക്കാളി റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിലേക്ക് ലോറി മറിഞ്ഞു. അപകടത്തെത്തുടർന്ന് ഇരുഭാഗത്തേക്കുമുള്ള ട്രെയിന്‍ തടസ്സപ്പെട്ടു. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. സ്റ്റേഷന്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി മണ്ണുമായി എത്തിയ ടിപ്പർ ലോറിയാണ് പിന്നോട്ട് എടുക്കുമ്പോൾ റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞത്. മറിഞ്ഞ ലോറിയുടെ പിൻഭാഗം ട്രാക്കിലും മുൻഭാഗം പ്ലാറ്റ്ഫോമിലുമായിരുന്നു. പരുശുറാം എക്സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടുമുമ്പായിരുന്നു അപകടം. ലോറി മറിഞ്ഞതോടെ കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്കുള്ള റെയിൽ ഗതാഗതം പൂർണമായും നിലച്ചു. പരശുറാം എക്സ്പ്രസ് മാഹി റെയിൽവേ സ്റ്റേഷനിൽ ഒരുമണിക്കൂറും വന്ദേഭാരത് തലശേരി റെയിൽവേ സ്റ്റേഷനിൽ 20 മിനിറ്റും കണ്ണൂർ–- ഷോർണൂർ പാസഞ്ചർ എടക്കാട് റെയിൽവേ സ്റ്റേഷനിൽ 23 മിനിറ്റും പിടിച്ചിട്ടു. മണ്ണുമാന്തി എത്തിച്ച് ടിപ്പർ ട്രാക്കിൽനിന്ന് പുറത്തേക്കുമാറ്റിയാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. ലോറി ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യംവന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി വിവരങ്ങൾ ശേഖരിച്ചു. ആർപിഎഫും സ്ഥലത്ത് പരിശോധന നടത്തി. ചോമ്പാല പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി.










0 comments