പ്രതിസന്ധിയിൽ എൻഎച്ച്എം ജീവനക്കാര്‍
കൂട്ടപ്പിരിച്ചുവിടലിന് സര്‍ക്കാര്‍

സ്വന്തം ലേഖിക കോഴിക്കോട് നാഷണൽ ഹെൽത്ത് മിഷനിൽ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി യുഡിഎഫ് സര്‍ക്കാര്‍. 1300–ഓളം കരാര്‍ ജീവനക്കാരും 30 ദിവസ വേതനക്കാരുമാണ് ജില്ലയിലുള്ളത്. ദിവസ വേതനക്കാര്‍ ഏതുനിമിഷവും പിരിച്ചുവിട്ടേക്കാമെന്ന സ്ഥിതിയിലാണ്. ഇതോടെ ആയിരത്തിൽപ്പരം താൽക്കാലിക, കരാര്‍ ജീവനക്കാരുടെ ജീവിതമാണ് തുലാസിലാകുന്നത്. നിപാ, കോവിഡ്, പ്രളയം എന്നിവയുടെ കാലത്ത് മികച്ച സേവനം നടത്തിയ ആരോഗ്യപ്രവർത്തകരെ ദ്രോഹിക്കുന്ന ഉത്തരവിനെതിരെ ആശങ്കയും പ്രതിഷേധവും ഉയരുകയാണ്. സർക്കാരുകൾ മാറിവരുമ്പോൾ ജീവനക്കാരുടെ കാലാവധി ഓരോ വർഷവും മാനദണ്ഡപ്രകാരം പുതുക്കി നൽകുകയാണ് പതിവ്. എന്നാൽ വി ഡി സതീശൻ സര്‍ക്കാര്‍ അധികാരമേറ്റതോടെ കൂട്ടപ്പിരിച്ചുവിടലുണ്ടാകുമെന്ന നിലയിലാണ് കാര്യങ്ങൾ. 30 താൽക്കാലിക ജീവനക്കാരുടെയും കരാര്‍ പുതുക്കിയിട്ടില്ല. ക്ലീനിങ്, ഡ്രൈവര്‍, ഓഫീസ് അറ്റൻഡന്റ് തസ്‌തികകളിലാണ് താൽക്കാലിക ജീവനക്കാരുള്ളത്. 15 വര്‍ഷം സര്‍വീസുള്ളവര്‍ക്ക് ഉൾപ്പെടെയാണ് ജോലി നഷ്ടപ്പെടുന്നത്. തസ്തികകളിലേക്ക് പുതിയ ആളുകളെ നിയമിക്കാൻ എട്ടിന് അഭിമുഖവും വച്ചിട്ടുണ്ട്. പ്രായപരിധി കഴിഞ്ഞവരുൾപ്പെടെ ഉപജീവനമാര്‍ഗം ഇല്ലാതാകുന്നതിന്റെ ആശങ്കയിലാണ്. കരാര്‍ ജീവനക്കാരുടെ സേവന കാലാവധി രണ്ട് മാസത്തേക്കാണ് ആരോഗ്യവകുപ്പ് നീട്ടി നൽകിയത്. പ്രായോഗികമല്ലാത്ത കര്‍ശന നിബന്ധനകൾ ഉൾപ്പെടുന്നതാണ് ഉത്തരവ്. ഇതിനുപിന്നാലെ എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ജില്ലാ പ്രോഗ്രാം മാനേജര്‍ 15–നുള്ളിൽ നൽകുന്ന റിപ്പോര്‍ട്ടനുസരിച്ചായിരിക്കും കരാര്‍ ജീവനക്കാരിൽ ആരൊക്കെ തുടരണമെന്ന് തീരുമാനിക്കുക. ഡോക്ടര്‍മാര്‍ മുതൽ ഓഫീസ് അറ്റൻഡന്റ് വരെയുള്ളവര്‍ കരാറിൽ ജോലി ചെയ്യുന്നുണ്ട്. കേന്ദ്ര-– സംസ്ഥാന ഫണ്ട് വിതരണത്തിലെ സാമ്പത്തിക ഞെരുക്കത്തിന്റെ ഭാരം താഴെത്തട്ടിലെ തൊഴിലാളികളുടെ തലയിൽ കെട്ടിവയ്‌ക്കുന്നതാണ് നിലവിലെ നീക്കം. "15 വര്‍ഷമായി ജോലിയിലുണ്ട്. ആദ്യമായാണ് ഇത്തരമൊരു പിരിച്ചുവിടൽ. 42 വയസ്സുണ്ട്. ഇനി മറ്റൊരു ജോലിയിൽ പ്രവേശിക്കുന്നത് പ്രായോഗികമല്ല. തുഛമായ ശമ്പളമായിരുന്നെങ്കിലും കുടുംബത്തിന്റെ അത്താണിയായിരുന്നു ജോലി. എന്തുചെയ്യുമെന്നറിയില്ല'– എൻഎച്ച്എം ജീവനക്കാരി പറഞ്ഞു.










0 comments