വീണ് കാലൊടിയാതെ സൂക്ഷിക്കുക
ഇവിടെയുണ്ട് മേഘയുടെ വാരിക്കുഴി

പെരിയ
ദേശീയപാതയില്‍ സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഓവുചാല്‍ നിര്‍മാണം പാതിവഴിയില്‍. പെരിയ അടിപ്പാതക്ക് സമീപം കിഴക്കുഭാഗത്തെ സര്‍വീസ് റോഡിനോട് ചേര്‍ന്ന ഓവുചാലിന്റെ നിര്‍മാണ പ്രവൃത്തി രണ്ടുമാസമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ദേശീയപാത കരാര്‍ കന്പനിയായ മേഘയുടെ നേതൃത്വത്തിലാണ് ഇവിടെ ഓവുചാല്‍ നിര്‍മാണം നടത്തുന്നത്. പൈപ്പിടാന്‍ വേണ്ടിയെടുത്ത കുഴി അതേപടി കിടക്കുന്നത് വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയായി. കാസര്‍കോട്, ബന്തടുക്ക ഭാഗങ്ങളില്‍നിന്നും കല്യോട്ട്, മൂന്നാംകടവ് ഭാഗത്തുനിന്നും വരുന്ന ബസുകള്‍ക്ക് കാത്തിരിക്കുന്നവര്‍ കൂടി നില്‍ക്കുന്ന ഭാഗത്താണ് വാരിക്കുഴിയുള്ളത്. മുന്പ് ഇവിടെ ബസ് സ്റ്റോപ്പുണ്ടായിരുന്നെങ്കിലും ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി പൊളിച്ചുനീക്കുകയായിരുന്നു. അടുത്തുള്ള ബേക്കറിയുടെ വരാന്തയിലും മറ്റുമായാണ് ആളുകള്‍ ബസ് കാത്തുനില്‍ക്കുന്നത്. ബസുകള്‍ നിര്‍ത്തുന്നത് ഈ കുഴിക്ക് സമീപം. ആളുകള്‍ ശ്രദ്ധിക്കാതെ ബസിലേക്ക് ഓടിക്കയറുന്പോള്‍ ചിലര്‍ ഈ കുഴിയില്‍ വീണ് പരിക്കേല്‍ക്കുന്നത് പതിവ്. കൂര്‍ത്ത കന്പികള്‍ തള്ളിനില്‍ക്കുന്നതിനാല്‍ വീഴ്ചയില്‍ ഗുരുതരമായി പരിക്കേല്‍ക്കാനുള്ള സാധ്യതയേറെയാണ്. വീതി കുറഞ്ഞ സര്‍വീസ് റോഡാണ് ഇവിടെയുള്ളത്. ബസുകള്‍ വരുന്പോള്‍ കുഴിയില്‍ വീഴാതിരിക്കാന്‍ ഡ്രൈവര്‍മാര്‍ പാടുപെടുകയാണ്. ഇവിടെയെത്തുന്പോള്‍ വാഹനങ്ങള്‍ വേഗത കുറച്ചില്ലെങ്കില്‍ അപകടം സംഭവിക്കും. മഴ വന്നാല്‍ കുഴിയില്‍ വെള്ളം നിറഞ്ഞ് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.










0 comments