മറക്കാനാകില്ല വിഷം തീണ്ടിയ കാലം

പി കരുണാകരൻ
avatar
പി പി സതീഷ്‌കുമാർ

Published on Jun 25, 2025, 02:30 AM | 2 min read

കാസർകോട്‌

ലാത്തിയടിയേറ്റ്‌ ചോര കല്ലിച്ച അടയാളങ്ങൾ ഇപ്പോഴുമുണ്ട്‌ പി കരുണാകരന്റെ ദേഹത്ത്‌. ഏറ്റവും മനോഹരമായ കൈയക്ഷരത്തിന്‌ ഉടമയായിരുന്ന സഖാവിന്റെ വലതുകൈ അമ്പതാണ്ടിനിപ്പുറം ഇന്നോളവും ഒരെഴുത്തിനും പാകമായിട്ടില്ല. അടിയന്തരാവസ്ഥക്കാലത്തെ അർധ ഫാസിസ്‌റ്റ്‌ വാഴ്‌ചയുടെ കനലോർമകളുള്ള നേതൃപരമ്പരയിലെ മുതിർന്ന കണ്ണികളിലൊരാളാണ്‌ സിപിഐ എം മുൻ കേന്ദ്രകമ്മിറ്റി അംഗമായ പി കരുണാകരൻ. ജയിൽവാസവും കൊടിയ മർദനവും ഒളിവുജീവിതവും കേസും ഉൾപ്പെടെ പീഡനങ്ങളുടെ കനൽക്കാലമാണത്‌. ഒളിവിലും തെളിവിലുമല്ലാതെ ജനാധിപത്യത്തിന്‌ സർപ്പദംശനമേറ്റ കാലമെന്നാണ്‌ അടിയന്തരാവസ്ഥയെ പി കരുണാകരൻ വിശേഷിപ്പിക്കുന്നത്‌. ‘അനുഭവങ്ങൾ, ഓർമകൾ’ എന്ന ആത്മകഥയുടെ രണ്ടാംഭാഗത്തിലെ ആദ്യ അധ്യായത്തിന്റെ പേരാണിത്‌. ഒളിവുജീവിതത്തിനിടെ പാമ്പുകടിയേറ്റപ്പോൾ ചികിത്സ സാധ്യമാവാതെ വേദന താണ്ടിയ അനുഭവമാണ്‌ രേഖപ്പെടുത്തുന്നത്‌. ഒളിവിലും തെളിവിലും അല്ലാത്ത ‘സെമി അണ്ടർ ഗ്രൗണ്ട്‌’ രീതിയിൽ പ്രവർത്തിക്കാനായിരുന്നു ആദ്യനാളുകളിൽ പാർടി നിർദേശം. ഒളിവിലല്ല, എന്നാൽ പരസ്യപ്രവർത്തനംവേണ്ട എന്നതാണ്‌ ഈ സംവിധാനം. പരസ്യമായി പ്രവർത്തിക്കുന്ന സഖാക്കളും ഒളിവിലിരുന്നു പ്രവർത്തിക്കുന്നവരും ചേർന്ന രീതി അങ്ങനെ നിലവിൽവന്നു. കണ്ണൂർ ജില്ലയിൽ ചടയൻ ഗോവിന്ദനും പിണറായി വിജയനും എം വി രാഘവനും പാട്യം ഗോപാലനും പാച്ചേനി കുഞ്ഞിരാമനും സി പി നാരായണനും ഐ വി ശിവരാമനുമൊപ്പം പി കരുണാകരനും സെമി യുജി പ്രവർത്തകനായി നിയോഗിക്കപ്പെട്ടു. സ്വന്തം വീട്ടിൽ താമസിക്കരുത്‌. രാത്രികാലങ്ങളിൽ മാത്രമാവണം യാത്രകൾ എന്നിവയാണ്‌ പ്രധാന നിഷ്‌കർഷത. മിക്ക യാത്രയും കാൽനടയായിമാത്രം. കാലിൽ 
ആണിയടിച്ച വേദന കരിന്തളം നെല്ലിയടുക്കത്തുനിന്നും മുക്കടയിലെ ചിണ്ടേട്ടന്റെ വീട്ടിലേക്ക് പോയ ദിനം. യുവജന പ്രവർത്തകരായ വി കുഞ്ഞിക്കണ്ണൻ, എൻ കെ നാരായണൻ, വി കെ നാരായണൻ എന്നിവർ ഒപ്പമുണ്ട്. നടപ്പിനിടെ കാലിൽ ആണിയടിക്കുന്നത്‌ പോലൊരു വേദന. ശക്തമായി കുടഞ്ഞപ്പോൾ ചെരുപ്പ് തെറിച്ചു. ചെരുപ്പിനൊപ്പം മറ്റെന്തോകൂടി. പാമ്പ്‌! അവർ തോർത്തുയോഗിച്ച് പിടികൂടി. എന്നെ തൊട്ടടുത്ത വീട്ടിലെത്തിച്ചു. കടിച്ചത് ചുരുട്ടയായിരുന്നു. ആശുപത്രിയിൽ പോകാൻ നിർവാഹമില്ല. എല്ലായിടത്തും പൊലീസിന്റെ ചാരക്കണ്ണുണ്ട്‌. ചാങ്ങാട്ടെ കുഞ്ഞിക്കണ്ണൻ വൈദ്യരെ എത്തിച്ച്‌ ചികിത്സ ആരംഭിച്ചു. പിന്നീട്‌ പുതിയൊരു പ്രശ്നംകൂടി ഉടലെടുത്തു. രണ്ടു ദിവസത്തിൽകൂടുതൽ നിലവിൽ താമസിക്കുന്ന വീട്ടിൽ തങ്ങാനാകില്ല. പ്രവർത്തകർ പി കരുണാകരനെ ചുമന്ന്‌ കെ പി രാഘവന്റെ വീട്ടിലെത്തിച്ചു. ചെറ്റക്കുടിൽ. രാഘവനും ഭാര്യയും കുട്ടികളുമടങ്ങുന്നതാണ്‌ കുടുംബം. ‘കാൽ നീരുവന്ന്‌ വീർത്തിരുന്നു. ഒരടി നടക്കാൻ വയ്യ. പ്രാഥമിക കാര്യങ്ങൾക്കുപോലും പരസഹായം വേണ്ടിവന്നു. രാഘവനും കുടുംബവും ഒരു മടിയും കാണിക്കാതെ കൂടെനിന്നു. 10 ദിവസത്തോളം കുടിലിൽ കഴിഞ്ഞു. കമ്യൂണിസ്‌റ്റ്‌ അനുഭാവികൾ ഉൾപ്പെടെയുള്ളവരുടെ അസാമാന്യ ധീരതയും ത്യാഗവും ചേരുമ്പോഴാണ്‌ അടിയന്തരാവസ്ഥയുടെ പൂർണചിത്രമാവുക’–- കരുണാകരൻ ആ ദിനങ്ങളെ ഓർത്തെടുത്തു. വിവരം പുറത്തറിയാനിടയുള്ളതിനാൽ ചായ്യോത്തെ കെ വി അമ്പൂഞ്ഞിയുടെ വീട്ടിലേക്ക് താമസം മാറ്റണം. ദൂരെയാണത്‌. നടക്കാനോ ചുമക്കാനോ വയ്യ. കാർ സംഘടിപ്പിച്ചു. കാഞ്ഞങ്ങാടെ ബാലനായിരുന്നു ഡ്രൈവർ. അന്ന്‌ കോൺഗ്രസ്‌ ശക്തികേന്ദ്രമായ ചോയ്യങ്കോട് എത്തിയപ്പോൾ ടയർ പഞ്ചർ. അര മണിക്കൂറിനുള്ളിൽ ബാലൻ ടയർ മാറ്റിയിട്ടു. അവിടെ കഴിയേണ്ടി വന്ന അരമണിക്കൂർ തീ തിന്നുകയായിരുന്നു. കോൺഗ്രസുകാരോ സദാ റോന്ത് ചുറ്റുന്ന പൊലീസോ എത്തിയാൽ തീർന്നു കഥ!



Tags
deshabhimani section

Related News

View More
0 comments
Sort by

Home