നാട്ടുകാരെ വട്ടം‘കറ’ക്കി; മരത്തടിക്കറ

മുള്ളേരിയ
മരത്തടികളിലെ തോലിൽനിന്ന് ഒഴുകിവരുന്ന കറയിൽ പൊറുതിമുട്ടി പൂവടുക്ക നിവാസികൾ. മരത്തോൽ ചെത്തിനീക്കി തടി കയറ്റി അയക്കുന്ന സ്ഥലത്ത് കൂട്ടിയിട്ട കൂറ്റൻ കൂനകളിൽ നിന്നാണ് മഴയിൽ കറ ഒഴുകിവരുന്നത്. കറുത്തനിറത്തിലുള്ള കറ കൊണ്ട് നാട് മലിനമായിരിക്കുകയാണ്. പൂവടുക്കയിൽ ചെർക്കള -ജാൽസൂർ സംസ്ഥാനപാതയരികിലാണ് മരവ്യാപാരികൾ തടിയെത്തിച്ച് തോലുരിച്ചെടുത്ത് മരത്തടികൾ വിൽക്കുന്നത്. വൻതോതിൽ മരത്തടികളുടെ തോൽ കൂട്ടിയിട്ടിരിക്കുകയാണിവിടെ. മഴയത്ത് തോലിന്റെ കറ ഒഴുകി ക്ലബ് കെട്ടിടത്തിന് സമീപത്തുകൂടെ പൂവടുക്ക സ്നേഹ എംസിആർസി പരിസരത്തെത്തുന്നു. ബഡ്‌സ് സ്കൂൾ കഴിഞ്ഞാൽ കോണല മേഖലയിൽ നൂറുകണക്കിന് വീടുകളുണ്ട്. കറുത്ത വെള്ളം കെട്ടിക്കിടക്കുന്നതും കുടിവെള്ളത്തിൽ കലരുന്നതും ഇവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മലയോരത്തിലെ വിവിധ മേഖലയിൽനിന്നും കർണാടകയിൽ നിന്നുമെത്തുന്ന മരത്തടികൾ പൂവടുക്കയിൽ എത്തിച്ച് യന്ത്ര സഹായത്തോടെ തോൽ നീക്കി തമിഴ്നാട്ടിലേക്കും മറ്റും കയറ്റി അയക്കുകയാണ്. ടൺ കണക്കിന് മരത്തടികൾ അയച്ചപ്പോൾ തോൽ പരിസരത്ത് കൂടിയിട്ടു. മുമ്പിത് കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. പരിസവാസികൾ പഞ്ചായത്തിൽ പരാതി നൽകിയതോടെ കത്തിക്കുന്നത് നിർത്തിവെച്ചു. മെഷീനിൽ തോലെടുക്കുമ്പോൾ അരഞ്ഞ് വരുന്നതിനാൽ കറ മഴവെള്ളത്തിൽ എളുപ്പത്തിൽ കലരുന്നു. പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് ജീവനക്കാർ പരിസരം സന്ദർശിച്ചിരുന്നു. ഭിന്നശേഷി കുട്ടികളിലെ സ്ഥാപനത്തിന് പരിസരത്തുള്ള മാലിന്യകൂന ഉടൻ ഒഴിവാക്കണമെന്നും കറ ഒഴുകിവരുന്നത് ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.










0 comments