ചെങ്കളയിൽ കമ്യൂണിറ്റി ഹാൾ നവീകരണം
നേതാക്കളുടെ അഴിമതിക്കെതിരെ ലീഗിൽ പടയൊരുക്കം

ചെങ്കള പഞ്ചായത്ത് ഓഫീസിനടുത്തുള്ള കമ്യൂണിറ്റി ഹാൾ നവീകരണത്തിന്റെ ഭാഗമായി കോൺക്രീറ്റ് പാളികൾ പൊളിച്ച നിലയിൽ

സ്വന്തം ലേഖകൻ
Published on Oct 01, 2025, 02:00 AM | 1 min read
ചെർക്കള
ചെങ്കള പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ നവീകരണത്തിൽ അഴിമതി ആരോപിച്ച് മുസ്ലിംലീഗ് പ്രവർത്തകർ നിർമാണ പ്രവൃത്തി തടഞ്ഞു. ലീഗ് നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെയാണ് സ്വന്തം പാർടിക്കാർതന്നെ അഴിമതി ആരോപണവുമായി രംഗത്തുവന്നത്. പഞ്ചായത്ത് ഓഫീസിനോടുചേർന്ന് വർഷങ്ങളുടെ പഴക്കമുള്ള.കമ്യൂണിറ്റി ഹാൾ നവീകരിക്കണമെന്ന ആവശ്യത്തിനും ഏറെ പഴക്കമുണ്ട്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഏക കമ്യൂണിറ്റി ഹാളാണിത്. കാലപ്പഴക്കം ചെന്നതിനാൽ നവീകരിക്കുന്നത് സംബന്ധിച്ച് ഭരണസമിതി യോഗം ചർച്ചചെയ്‌ത് തീരുമാനമെടുത്തതാണ്. 90 ലക്ഷം രൂപയ്‌ക്ക് ഹഡ്‌കോയാണ് കരാർ എടുത്തത്. ഇതിന്റെ പ്രവൃത്തി തുടങ്ങിയ ഉടൻ ലീഗ് പ്രാദേശിക നേതാക്കൾ സംഘടിച്ചെത്തി പണി തടയുകയായിരുന്നു. നവീകരണമല്ല ആവശ്യമെന്നും പൊളിച്ച് പുതിയത് പണിയണമെന്നുമാണ് ഇവരുടെ ആവശ്യം. നവീകരണത്തിന്റെ മറവിൽ ലക്ഷങ്ങളുടെ അഴിമതി നടത്തിയിട്ടുണ്ടെന്നും അതാണ് പുതിയത് പണിയാത്തതിന് പിന്നിലെന്നുമാണ് ഇവർ ആരോപിക്കുന്നത്. പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻകൂടിയായ എരുതുംകടവ് സ്വദേശി പുതിയ കാർ വാങ്ങിയത് ഇൗ അഴിമതിപ്പണം ഉപയോഗിച്ചാണെന്നും വാട്‌സ്‌ആപ് സന്ദേശം ഓരോ ഗ്രൂപ്പിലും പ്രചരിക്കുന്നുണ്ട്. ജില്ലാ നേതാക്കൾ ഉൾപ്പെട്ട വാട്‌സ്‌ആപ് ഗ്രൂപ്പുകളിൽപോലും അണികളുടെ പ്രതിഷേധം ഉയർന്നിട്ടും മുതിർന്ന നേതാക്കളാരും ഇതുവരെ പ്രതികരിച്ചില്ല. ഇതുസംബന്ധിച്ച് ചെങ്കളയിലെ ലീഗിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന് അഴിമതിക്കെതിരെ രംഗത്തെത്തിയവർ പറയുന്നു. പഞ്ചായത്തിലെ മൂന്ന് സർക്കാർ സ്‌കൂളുകൾക്ക് ഫർണിച്ചർ വിതരണം ചെയ്‌തെങ്കിലും ഇതിന്റെ മറവിൽ സ്വന്തം വീട്ടിലേക്കും ഫർണിച്ചർ കടത്തിയെന്നും ആരോപണമുയർന്നിട്ടുണ്ട്. കുടിവെള്ള വിതരണത്തിൽ മാത്രം നാലുകോടിയുടെ അഴിമതിയാണ് നടന്നതെന്നും ചോദിക്കാനും പറയാനും ആരുമില്ലെങ്കിൽ പഞ്ചായത്തിലെ മുഴുവൻ ആസ്‌തിയും ഇക്കൂട്ടർ കൊള്ളയടിക്കുമെന്നുമാണ് അഴിമതിയെ എതിർക്കുന്നവർ പറയുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ചിലർ വിജിലൻസിന് പരാതിയും നൽകിയിട്ടുണ്ട്.










0 comments