സമ്പൂർണ പത്താംതരം തുല്യത
വരുന്നു പത്തേമാരി

കാസർകോട്
പഠിക്കാൻ പ്രായം തടസമെന്ന് കരുതി ആരും മാറിനിൽക്കേണ്ടതില്ല. ഏത് പ്രായത്തിലുള്ളവർക്കും തുടർപഠനത്തിന് അവസരമൊരുക്കുകയാണ് ജില്ലാ പഞ്ചായത്ത്. ജില്ലയിലെ മുഴുവൻ പേർക്കും പത്താംതരം വിദ്യാഭ്യാസം നൽകുന്നതിനുള്ള സമഗ്ര തുല്യതാ പരിപാടിയാണ് പത്തേമാരിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം പറഞ്ഞു. ജില്ലാ പഞ്ചായത്ത് നേതൃത്വത്തിലുള്ള പദ്ധതിയിൽ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും പങ്കാളികളാകും. പത്താംതരം തുല്യതാകോഴ്സിലേക്ക് ചേരാനുള്ള ഫീസ് തുക തദ്ദേശ സ്ഥാപനങ്ങൾ ഇപ്പോൾതന്നെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു പഠിതാവിന് 1950 രൂപയാണ് ഫീസ്. പഞ്ചായത്തുകൾ പദ്ധതിയിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്യുന്ന പഠിതാക്കളുടെ ഫീസിനത്തിൽ 500 രൂപ ജില്ലാ പഞ്ചായത്ത് നൽകും. പഞ്ചായത്തുകൾ ഒരു പഠിതാവിന് 1450 രൂപ പ്രകാരം ചെലവഴിച്ചാൽ മതിയാകും. ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ആദ്യഘട്ടത്തിൽ വകയിരുത്തിയിട്ടുണ്ട്. നഗരസഭകൾ തനതായി പദ്ധതി ഏറ്റെടുക്കും. 50 വയസിന് താഴെയുള്ളവർക്കാണ് കൂടുതൽ ഊന്നൽ നൽകുന്നത്. പ്രായമുള്ളവർക്കും പദ്ധതിയുടെ ഭാഗമാകാം. മൂന്നുവർഷം കൊണ്ട് ജില്ലയിലെ 50 വയസിൽ താഴെയുള്ള മുഴുവൻ പേരെയും പത്താംതരം വിജയിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ, ആശ, ഹരിത കർമസേന, അങ്കണവാടി ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരും ഈ പദ്ധതിയുടെ ഭാഗമാകും. രജിസ്റ്റർ ചെയ്യുന്നവർക്ക് അതത് പ്രദേശങ്ങളിലെ സ്കൂളുകളിൽ സമ്പർക്ക പഠന ക്ലാസ് ആരംഭിക്കും. ഞായറാഴ്ചകളിൽ മാത്രമാകും ക്ലാസ്. ഓൺലൈൻ വഴിയും ക്ലാസുണ്ടാകും. സാക്ഷരതാ പ്രേരക്മാർ വഴി തുല്യതാ കോഴ്‌സിലേക്ക് രജിസ്ട്രേഷൻ നടത്താം. അടുത്ത രജിസ്ട്രേഷൻ കാലയളവിൽ ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും സംഘാടക സമിതി രൂപീകരിച്ച് വിപുലമായ പ്രചാരണ പരിപാടികളോടെ രജിസ്ട്രേഷൻ പ്രവർത്തനം സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.









0 comments