ദേശീയപാത നിർമാണം
ഗതാഗതയോഗ്യമല്ലാത്ത ഇടങ്ങളിൽ ഉയരപ്പാത വരും

ഗതാഗത യോഗ്യമല്ലെന്ന് കണ്ടെത്തി ഉയരപ്പാത നിർമിക്കുന്ന കാര്യങ്കോട് പാലത്തിനും മയിച്ച പാലത്തിനിടയിലുമുള്ള റോഡ്

സ്വന്തം ലേഖകൻ
Published on Jul 24, 2026, 02:44 AM | 1 min read
ചെറുവത്തൂർ
പുതുതായി നിർമിക്കുന്ന ദേശീയപാതയിലെ നീലേശ്വരം- തളിപ്പറമ്പ് റീച്ചിൽ ഉൾപെടുന്ന, പണി പൂർത്തിയായ ഗതാഗത യോഗ്യമല്ലാത്ത ഇടങ്ങളിൽ ഉൾപെടെയുള്ള സ്ഥലങ്ങളിൽ ഉയരപ്പാത ഒരുക്കും. മയ്യിച്ച, പെരുമ്പ, കീഴാറ്റൂർ എന്നിവിടങ്ങളിൽ ഉയരപ്പാത നിർമിക്കാനുള്ള അംഗീകാരം ലഭിച്ച് കഴിഞ്ഞു. ചതുപ്പായതിനാൽ ഗതാഗതയോഗ്യമല്ലെന്ന് മണ്ണ് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് മയ്യിച്ചയിൽ ദേശീയപാതാ അതോറിറ്റി 310 മീറ്റർ നീളത്തിൽ ഉയരപ്പാത പണിയാൻ നിർദേശം നൽകിയത്. പണിപൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്ത കാര്യങ്കോട് പാലം മുതൽ മയ്യിച്ച പാലംവരെ പൊളിച്ചുമാറ്റിയാണ് ഉയരപ്പാത പണിയുക. ദേശീയപാതയിൽ പയ്യന്നൂർ പെരുമ്പ ബൈപ്പാസിൽ നേരത്തെ നിശ്ചയിച്ച പാതയിലും മാറ്റംവരും. പെരുമ്പയിൽ പാലത്തിനിരുവശത്തുമായാണ് ഉയരപ്പാത നിർമിക്കുക. 68 വർഷം പഴക്കമുള്ള കാലാവധി കഴിയാറായ കുപ്പംപാലം അഞ്ചു വർഷത്തിനകം പൊളിച്ചുപണിയണം. ഈ സാഹചര്യത്തിൽ ദേശീയപാതയുടെ പണിക്കൊപ്പം പുതിയപാലം പണിയാനുള്ള രൂപരേഖ അംഗീകാരത്തിനായി സമർപ്പിച്ചിണ്ടുണ്ടെന്ന് മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രസ്ട്രക്ചർ കമ്പനി അധികൃതർ പറഞ്ഞു.










0 comments