വിത്തുഗുണം, പത്തുഗുണം

കാസർകോട് കറന്തക്കാട്ടെ സീഡ് ഫാമിൽ വിത്തുകൾക്കായി പടവലങ്ങ വിളവെടുക്കുന്നു. ഫോട്ടോ : സുരേന്ദ്രൻ മടിക്കൈ
കെ വി രഞ്‌ജിത്
Published on Mar 14, 2025, 03:00 AM | 2 min read
കാസർകോട്
നല്ല വിളവിനുവേണം നല്ല വിത്ത് എന്നാണല്ലോ പറയാറ്... കൃഷിക്കായും വീട്ടുതൊടിയിലേക്കും ടെറസിലേക്കും പച്ചക്കറി കൃഷിക്കായി നല്ല വിത്തും തൈയും ലഭിക്കണമെങ്കിൽ കാസർകോട് കറന്തക്കാടെ സീഡ് ഫാമിലേക്ക് പോന്നോളൂ. നഗരത്തിരക്കിനിടയിൽ സമൃദ്ധമായി വിത്തുൽപാദിപ്പിക്കുകയാണ് ജില്ലാപഞ്ചായത്തിന്റെ സംസ്ഥാന വിത്തുൽപാദന കേന്ദ്രം. കാസർകോട്, കണ്ണൂർ ജില്ലകളിലേക്ക് ഉൽപാദിപ്പിക്കുന്നത് അഞ്ച് ക്വിന്റൽ പച്ചക്കറി വിത്തിനം. പുറമെ ആതിര, ശ്രേയസ്, പൗർണമി ഇനത്തിൽ 20 ടൺ നെൽവിത്തും. പച്ചക്കറി തൈ, വിത്ത്, റെഡ് ലേഡി പപ്പായ, കറിവേപ്പില തൈ, കപ്പത്തണ്ട് എന്നിവയൊക്കെ കറന്തക്കാട്ടെ ഫാമിൽ നന്നായി വളരുന്നു. 25 ഏക്കറിൽ ചീര, പാവൽ, പടവലം, വെള്ളരി, പയർ, മത്തൻ, കുമ്പളം, വെണ്ട, നരമ്പൻ തുടങ്ങിയ പച്ചക്കറികൾക്ക് മികച്ച വിളവുണ്ടായി. ഇവയിൽനിന്ന് വിത്തുകൾ വേർതിരിക്കുന്ന പ്രവൃത്തി തുടങ്ങി. രാസവളങ്ങളുടെ അമിതപ്രയോഗം ആവശ്യമില്ലാത്ത വിത്തിനങ്ങളാണ് ഉൽപാദിപ്പിച്ചത്. വിളകളിൽനിന്ന് വിത്ത് ശേഖരണം നടത്തുമ്പോൾ മൂപ്പ്, വലിപ്പം എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് കൃഷി അസിസ്‌റ്റന്റ് കെ കരുണാകരൻ പറഞ്ഞു. കായകൾ ശരിയായ മൂപ്പത്തുമ്പോൾ പറിച്ചെടുക്കുക എന്നതാണ് പ്രധാനം. നല്ല വെയിൽ കിട്ടുന്നിടമായതിനാൽ ഫാമിൽ പച്ചക്കറികൾ തഴച്ചുവളരും. പച്ചക്കറി ഇനങ്ങിൽ ഓരോന്നിന്റെയും നാടനും ഹൈബ്രിഡും പ്രാധാന്യത്തോടെ പരിപാലിക്കും. ഉൽപാദന മികവാണ് മാനദണ്ഡം.ഇതിനാൽ നാടൻ ഇനമായ ആനക്കൊമ്പൻ വെണ്ട (സൽകീർത്തി)യും ജ്യോതിക പയറും പച്ചമുളകുമെല്ലാം നന്നായി വിളയുന്നു. വിളവിൽ ഭൂരിഭാഗവും വിത്തിനാണ്. റെഡ് ലേഡി പപ്പായയാണ് മറ്റൊരു പ്രധാന കൃഷിയിനം. വിളവെടുത്താലും എളുപ്പം പഴുത്തുപോകാത്ത ഇനമാണിത്. കാസർകോട് കുള്ളൻ ഉൾപ്പെടെ നിരവധി പശുക്കളുള്ള തൊഴുത്തുമുള്ളതിനാൽ ജൈവവളമത്രയും കൃഷിയിടത്തിലുണ്ട്. ജൈവ കീടനാശിനികളും മിത്രകീടങ്ങളും ഇവിടെത്തന്നെ തയ്യാറാകുന്നതും വിളവിന് ഗുണമാണ്. വരുന്നു സീഡ് ഫാം ഫെസ്‌റ്റ് വിളവിനൊപ്പം ഫാമിലേക്ക് കൃഷിക്കാരെയും പൊതുജനങ്ങളയെും അകർഷിക്കാനുള്ള പദ്ധതികളും ആവിഷ്‌കരിക്കുന്നു. ജില്ലാ പഞ്ചായത്ത് ബജറ്റിൽ 70 ലക്ഷം രൂപയുടെ പദ്ധതികളാണ് അവതരിപ്പിച്ചത്. ഇതിന്റെ ഭാഗമായി സീഡ് ഫാം ഫെസ്‌റ്റും നടക്കുമെന്ന് ഫാം സീനിയർ അഗ്രിക്കൾച്ചർ ഓഫീസർ ജി നിഷ പറഞ്ഞു. പത്തുലക്ഷം രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. കൂടുതൽ തൈകളും വിത്തും ഉത്‌പാദിപ്പിക്കൻ 20 ലക്ഷവും ഫാം വിപുലീകരണത്തിന് 40 ലക്ഷം രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്.








0 comments