തെരുവിൽ യുവാക്കളുടെ അക്രമം
ശക്തമായ ഇടപെടൽ വേണമെന്ന് ആവശ്യം

മുള്ളേരിയ
മുള്ളേരിയ ടൗണിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ ഒരാഴ്ചക്കാലമായി നടക്കുന്ന യുവാക്കളുടെ തെരുവ് യുദ്ധം അവസാനിപ്പിക്കാൻ പൊലീസിന്റെയും അധികൃതരുടെയും ശക്തമായ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാകുന്നു. കാറഡുക്ക പഞ്ചായത്തിലെ ആദൂർ സി എ നഗറിലെയും മുള്ളേരിയ ടൗൺ കേന്ദ്രീകരിച്ചുള്ള യുവാക്കളുമാണ് കഴിഞ്ഞ ഒരാഴ്ചയിൽ മൂന്ന് തവണ പരസ്യമായി ഏറ്റുമുട്ടിയത്. ഏറ്റവുമൊടുവിൽ വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് ആദൂർ സി എ നഗറിലെ അമ്പതോളം ചെറുപ്പക്കാർചേർന്ന് നടത്തിയ ആൾക്കൂട്ട ആക്രമണം നാടിനെ നടുക്കി. ഇരുമ്പ് പൈപ്പ്, കത്തി, വടി എന്നിവയുമായിട്ടാണ് ആൾക്കൂട്ടം മുള്ളേരിയ ടൗണിലെത്തിയത്. മുപ്പത് പേർ ചേർന്ന് ആസൂത്രിതമായി മൂന്ന് ചെറുപ്പക്കാരെ ആക്രമിച്ചു. രണ്ട് പേർ ഓടി രക്ഷപെട്ടു. ഒരാൾ ബോധരഹിതനായി വീണപ്പോഴാണ് ആക്രമണം നടത്തിയത്. ഇവരെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുള്ളേരിയയിലെ സാബിത്, ഫാരിസ്, പ്രീധിൻ എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇതിൽ ഫാരിസിന്റെ പുറകുവശത്തും തലയ്ക്കും കത്തികൊണ്ട് ഉണ്ടാക്കിയ ആഴത്തിലുള്ള മുറിവുണ്ട്. കളിക്കളങ്ങളിൽ അടി കബഡി, ക്രിക്കറ്റ്, ഫുട്‍ബോൾ ടൂർണമെന്റുകൾ തമ്മിൽ തല്ലാനുള്ള വേദിയാക്കുന്നുവെന്നാണ് പലരുടെയും പരാതി. യുവതയുടെ ഇഷ്ട കായിക വിനോദത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സര സ്ഥലങ്ങളിൽ നിസാര കാരണങ്ങൾ പറഞ്ഞാണ് തമ്മിൽ തല്ല്. തല്ല് തീർക്കാനും പ്രശ്നക്കാരെ ഓടിക്കാനും പലപ്പോഴും സംഘാടകർതന്നെ മുൻകൈയ്യെടുക്കുന്ന സംഭവം നിരവധിയാണ്. കഴിഞ്ഞ ദിവസം മുള്ളേരിയ ടൗണിലെ കബഡി മത്സരത്തിന്റെ ഭാഗമായി തുടങ്ങിയ അടിയാണ് ആൾക്കൂട്ട അക്രമത്തിലേക്ക് മാറിയത്. പിന്നിൽ ആദൂരിലെ ലീഗ് നേതാവും പ്രശ്നങ്ങൾക്ക് കോപ്പ് കൂട്ടാനും ആക്രമങ്ങൾക്ക് ഒത്താശ ചെയ്യാനും ആദൂരിലെ ലീഗ് നേതാവാണ് മുന്നിൽ. ലീഗ് നേതാവിന് ആദൂർ പൊലീസ് സ്റ്റേഷനിലെ ചില പൊലീസുകാരുടെ സഹായവുമുണ്ട്. ചെറിയ പ്രശ്നങ്ങൾ വന്നപ്പോൾ പൊലീസിലെ ഒരു വിഭാഗംചെയ്ത സഹായവും അക്രമികൾക്ക് പ്രോത്സാഹനമായി. യുദ്ധം വാട്സ്ആപ് ഗ്രൂപ്പിൽ ചെറിയ പ്രശ്നങ്ങളെ വലുതാക്കി മനസ്സാക്ഷി പോലുമില്ലാതെ ആക്രമിക്കുന്ന രീതിയിലേക്ക് യുവാക്കളെ എത്തിക്കുന്നതിൽ വാട്സ് ഗ്രൂപ്പുകൾക്കുള്ള പങ്ക് ചെറുതല്ല. ചെറിയ വിഷയങ്ങൾ ഊതി വീർപ്പിച്ച് അവരുടെ പ്രാദേശിക ഗ്രൂപ്പിൽ ഒരാൾ അവതരിപ്പിക്കും. പ്രവാസികൾ ഉൾപ്പെടെയുള്ളവർ അതോടെ വൈകാരികമായി പ്രതികരിക്കും. പിന്നീട് ആക്രമ ആഹ്വാനവും നടക്കും. ശക്തമായ നടപടിയെടുക്കും മുള്ളേരിയയിലെ ആൾക്കൂട്ട ആക്രമത്തിൽ ശക്തമായി നടപടി സ്വീകരിക്കുമെന്നും അക്രമികളെ നിലയ്ക്ക് നിർത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആദൂർ പൊലീസ് വ്യക്തമാക്കി. പ്രതികൾക്ക് എതിരെ വധശ്രമം ഉൾപ്പെടെയുള്ളവ വകുപ്പുകൾ ചേർത്തു. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി അന്വേഷണം കാര്യക്ഷമമാക്കിയെന്നും പൊലീസ് പറഞ്ഞു. കർശന നടപടിവേണം: - ഡിവൈഎഫ്ഐ മുള്ളേരിയ ടൗണിൽ നടന്ന ആൾക്കൂട്ട ആക്രമണം നാടിന്റെ സമാധാന അന്തരീക്ഷം നശിപ്പിക്കുന്ന രീതിയിലേക്കായെന്നും ഇക്കാര്യത്തിൽ പൊലീസ് ഉൾപ്പെടെയുള്ള അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥ അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ മുള്ളേരിയ മേഖലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.










0 comments