ad
Deshabhimani

ദേശീയപാത: കുണ്ടടുക്കം, പുലിക്കുണ്ട് പ്രദേശത്ത്‌ ദുരിതം

ആശങ്കയ്‌ക്ക്‌ പരിഹാരമില്ല; കണ്ണടച്ച്‌ അധികാരികൾ

ചെർക്കളയിൽ ദേശീയപാത നിർമാണത്തിനായി നീക്കിയിട്ട മണ്ണ്‌ കനത്ത മഴയിൽ കുണ്ടടുക്കം പ്രദേശത്തേക്ക് ഒഴുകുന്നു ​

ചെർക്കളയിൽ ദേശീയപാത നിർമാണത്തിനായി നീക്കിയിട്ട മണ്ണ്‌ കനത്ത മഴയിൽ കുണ്ടടുക്കം പ്രദേശത്തേക്ക് ഒഴുകുന്നു ​

avatar
സ്വന്തം ലേഖകൻ

Published on Jul 02, 2026, 02:52 AM | 1 min read

ചെർക്കള

ദേശീയപാത നിർമാണം നടക്കുന്ന ചെർക്കളയ്‌ക്കും ബേവിഞ്ചയ്‌ക്കും ഇടയിലുള്ള കുണ്ടടുക്കം, പുലിക്കുണ്ട് പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കയ്‌ക്ക്‌ ഇതുവരെ പരിഹാരമായില്ല. മഴ വന്നാൽ താഴ്‌ന്ന സ്ഥലമായതിനാൽ ചെർക്കളമുതലുള്ള മുഴുവൻ മണ്ണും ചെളിവെള്ളവും ഈ പ്രദേശങ്ങളിലേക്കാണ് ഒഴുകിയെത്തുന്നത്. റോഡിലും നടവഴികളിലുമെല്ലാം ചെളിനിറയുന്നതോടെ നടക്കാൻപോലും കഴിയാത്ത സ്ഥിതിയാണുള്ളത്. ചെർക്കള ഇന്ദിരാനഗർമുതലുള്ള ചെർക്കളവരെയുള്ളതും ചെർക്കള ട‍ൗണിലെയും മുഴുവൻ വെള്ളവും കുണ്ടടുക്കത്തേക്കാണ്‌ ഒഴുക്കിവിടുന്നത്‌. തോടുകളിലേതുപോലെ കുത്തിയൊഴുകുന്ന വെള്ളപ്പാച്ചിൽകാരണം കുട്ടികളെ ഒറ്റയ്‌ക്ക്‌ സ്‌കൂളിലേക്കുംമറ്റും അയക്കാനാകാത്ത സ്ഥിതിയുമാണ്‌. ചെളിവെള്ളവും മണ്ണും പ്രദേശങ്ങളിലെ കിണറുകളിലും കൃഷിയിടങ്ങളുമെല്ലാം നിറയുന്നത്‌ ഇവിടുത്തുകാരുടെ ആശങ്ക വർധിപ്പിക്കുകയാണ്‌. ചെർക്കളയിലൂടെയെത്തുന്ന മഴവെള്ളം ചന്ദ്രഗിരി പുഴയിലേക്ക് ഒഴുക്കിവിടാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ഇവിടുത്തുകാർ കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോടും എംപി, എംഎൽഎ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നിവരോടും പലതവണ ആവശ്യപ്പെട്ടതാണ്‌. ഉടൻ പരിഹാരം കാണുമെന്ന മറുപടിയുണ്ടാകുന്നുണ്ടെങ്കിലും അതും ഫലംകാണുന്നില്ല. ചെർക്കളട‍ൗൺമുതൽ ചെർക്കള ഗവ. മാപ്പിള യുപി സ്കൂൾവരെ സർവീസ് റോഡും ഓവുചാലും നിർമിക്കണമെന്ന ആവശ്യവും നടപ്പായില്ല. ഇക്കാര്യങ്ങളുന്നയിച്ച്‌ ശക്തമായ പ്രതിഷേധ സമരങ്ങൾക്കൊരുങ്ങുകയാണ്‌ നാട്ടുകാർ. സമരപരിപാടികളുടെ ഭാഗമായി കുണ്ടടുക്കം, പുലിക്കുണ്ട്‌ പ‍ൗരസമിതിക്ക്‌ രൂപംനൽകി. ഭാരവാഹികൾ ദേശീയപാത അതോറിറ്റി അധികൃതരെകണ്ട്‌ ആവശ്യങ്ങൾ ഒരിക്കൽകൂടി ഉന്നയിക്കാൻ തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്തംഗം കെ ജയകുമാരി അധ്യക്ഷയായി. പി ശിവപ്രസാദ്, കെ വി ബാലരാജൻ, പി ചന്തുക്കുട്ടി, കെ വരദരാജ്, ബി മണി എന്നിവർ സംസാരിച്ചു. സുനിൽകുമാർ തോട്ടത്തിൽ സ്വാഗതംപറഞ്ഞു. ഭാരവാഹികൾ: കെ ജയകുമാരി (ചെയർപേഴ്‌സൺ), അജയ്‌കുമാർ കുണ്ടടുക്കം (കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home