പൂരക്കളിയുടെ ഉപാസകൻ, 78ലും സൈക്കിളിൽ യാത്ര

തന്റെ സൈക്കിളുമായി വി കുഞ്ഞിക്കോരൻ പണിക്കർ
ഉദുമ
പരമ്പരാഗത കലകൾ അന്യംനിന്നുപോകുമ്പോൾ, വേറിട്ട ജീവിതശൈലികൊണ്ടും കലയോടുള്ള സമർപ്പണംകൊണ്ടും മാതൃകയാവുകയാണ് വി കുഞ്ഞിക്കോരൻ. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ പൂരക്കളി പണിക്കരായ ഇൗ എഴുപത്തിയെട്ടുകാരൻ കാണികളിലും ശിഷ്യന്മാരിലും ഒരേപോലെ ഊർജ്ജം നിറയ്ക്കുകയാണ്. പ്രായം ശരീരത്തിൽ മാറ്റങ്ങൾ വരുത്തുന്നുണ്ടെങ്കിലും പൂരക്കളി ചുവടുകളിലെ മെയ് വഴക്കത്തോടും പാട്ടിന്റെ ശ്രുതിശുദ്ധിയോടുംകൂടി ഇന്നും അദ്ദേഹം നിലവിളക്കിന് ചുറ്റും കളി നിയന്ത്രിക്കുന്നു. പൂരക്കളിയേ പോലെ കുഞ്ഞിക്കോരന് പ്രിയപ്പെട്ടതാണ് തന്റെ പഴയ സൈക്കിളും അതിലൂടെയുള്ള യാത്രയും. ഈ പ്രായത്തിലും തുടരുന്ന സൈക്കിൾ യാത്ര അദ്ദേഹത്തിന്റെ കായികക്ഷമതയുടെയും മനോഭാവത്തിന്റെയും തെളിവാണ്. തനിമ ചോരാത്ത ചുവടുകൾ തലമുറകളായി കൈമാറിവന്ന പൂരക്കളിയുടെ തനത് ശൈലിയും താളവും കാത്തുസൂക്ഷിക്കുന്നതിൽ അദ്ദേഹം അതീവ ശ്രദ്ധാലുവാണ്. ജില്ലയുടെ തെക്കൻ ഭാഗങ്ങളിൽ പൂരക്കളി ചുവടുകളിൽ മാറ്റങ്ങൾ പ്രകടമാകുമ്പോഴും തനിമ നഷ്ടപ്പെടാതെ ഒരേ താളച്ചുവടുകളിൽ കളി തുടരുന്നതാണ് പാലക്കുന്ന് കഴകത്തിലെ ശൈലി. കുഞ്ഞിക്കോരൻ പണിക്കരുടെ ശിക്ഷണത്തിൽ ഒട്ടനവധി യുവാക്കളാണ് ഇവിടെ പൂരക്കളി അഭ്യസിക്കുന്നത്. പുരസ്കാര നിറവിൽ കലാരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള പൂരക്കളി അക്കാദമിയുടെ 2017-18 ലെ 'ഗുരുപൂജ അവാർഡ്' നൽകി സംസ്ഥാനം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പാലക്കുന്നിന്റെ മണ്ണിൽ പൂരക്കളിയുടെ താളത്തിനൊപ്പം സൈക്കിൾ ചക്രങ്ങളുടെ ചലനവുമായി ഈ കലാകാരൻ തന്റെ ജൈത്രയാത്ര തുടരുകയാണ്.











0 comments