ചരിത്രംകുറിച്ച് അസ്‌ഹറുദീൻ
കെഎസിഎല്ലിൽ കാസർകോടൻ പവർ

മുഹമ്മദ് അസ്‌ഹറുദീൻ
സ്വന്തം ലേഖകൻ
Published on Aug 30, 2026, 02:28 AM | 2 min read
കാസർകോട്
തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വ്യാഴാഴ്ച അക്ഷരാർഥത്തിൽ ഒരു കാസർകോടൻ പടയോട്ടത്തിനാണ് സാക്ഷ്യംവഹിച്ചത്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഉയർത്തിയ പടുകൂറ്റൻ ലക്ഷ്യം മറികടന്ന് ആലപ്പി റിപ്പിൾസ് വിജയത്തേരേറുന്നു, ഒപ്പം കാസർകോടിന്റെ സ്വന്തം മുഹമ്മദ് അസ്‌ഹറുദീൻ കേരള ക്രിക്കറ്റ് ലീഗിൽ 1000 റൺസ് തികയ്‌ക്കുന്ന ആദ്യ താരവുമായി. ലീഗ് സീസൺ 3–-ൽ നടന്ന മത്സരത്തിലാണ് അസ്‌ഹറുദീന്റെ ചരിത്രനേട്ടം. 60 പന്തിൽനിന്ന് പുറത്താകാതെ 112 റൺസ് നേടി സെഞ്ചുറിയോടെയാണ് 1000 റൺസ് ക്ലബിൽ ഇടംപിടിച്ചത്. മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് 213 റൺസ് ഉയർത്തി. അസ്‌ഹറുദ്ദീന്റെ അത്യുഗ്രൻ സെഞ്ചറിയുടെ മികവിലാണ് ഗ്ലോബ് സ്റ്റാർസിനെ ആലപ്പി റിപ്പിൾസ് മലർത്തിയടിച്ചത്. ടീമിന്റെ ഉപനായകൻകൂടിയായിരുന്നു അസ്‌ഹറുദ്ദീൻ. സീസണിൽ നാലാം ജയം കുറിച്ച ആലപ്പി പോയിന്റ് പട്ടികയിൽ ഒന്നാമതുമെത്തി. 10 കൂറ്റൻ സിക്‌സറുകളും 5 ബൗണ്ടറികളുമാണ് അസ്ഹറിന്റെ മികവിൽ പിറന്നത്. ഇതോടെ 7 മത്സരങ്ങളിൽനിന്ന് മൂന്ന് സെഞ്ചുറികളും 3 അർധ സെഞ്ച്വറികളുമായി 526 റൺസെടുത്ത് റൺവേട്ടക്കാരുടെ പട്ടികയിലും അസ്ഹറുദ്ദീൻ മുന്നിലായി. 203.44 സ്ട്രൈക്ക് റേറ്റുള്ള അസ്ഹറുദ്ദീൻ അവിസ്‌മരണീയ ബാറ്റിങ് മികവുമായാണ് കെസിഎല്ലിൽ മുന്നേറുന്നത്. മൂന്നു സെഞ്ചുറികളും മൂന്ന് അർധ സെഞ്ചുറികളുമായി ഈ പട്ടികയിലും ഒന്നാമതാണ്. 42 സിക്‌സറുകളാണ് അടിച്ചുകൂട്ടിയത്. ക്രിക്കറ്റിന്റെ നായകരിലേക്ക് കാസർകോട് അരുമയോടെ എഴുതിച്ചേർത്തതാണ് അസ്‌ഹറുദീനെന്ന പേര്. ദുലീപ് ട്രോഫിയിൽ സൗത്ത് സോണിനെ നയിച്ചിരുന്നു. പിന്നീട് രഞ്‌ജി ട്രോഫിയിൽ നായകനായി. വിക്കറ്റ് കീപ്പറായും ബാറ്ററായും തിളങ്ങി. 2021ൽ സയ്യദ് മുഷ്‌താഖ് അലി ടൂർണമെന്റിൽ മുംബൈയ്‌ക്കെതിരെ 11 സിക്‌സും 9 ഫോറുമായി നിറഞ്ഞാടി, 54 പന്തിൽ 137 റണ്ണടിച്ചു. സിക്‌സറോടെ കേരളത്തിന് തകർപ്പൻ വിജയം നൽകി. തളങ്കര കടവത്ത് പരേതരായ ബി കെ മൊയ്‌തുവിന്റെയും നഫീസയുടെ എട്ടാമത്തെ മകനാണ് അസ്‌ഹറുദീൻ. അജ്‌മലെന്ന പേര് മുൻ ഇന്ത്യൻ നായകനോടുള്ള ആരാധന മൂത്ത് മുഹമ്മദ് അസറുദീൻ എന്നാക്കിയതാണ്. വീടിനടുത്തുള്ള തളങ്കര ക്രിക്കറ്റ് ക്ലബ്ബാണ് (ടാസ്) കളി പഠിപ്പിച്ചത്. 2013ൽ അണ്ടർ 19 കേരള ടീം അംഗം. അണ്ടർ 23 ടീം അംഗമായപ്പോൾ മഹാരാഷ്‌ട്രയ്‌ക്കും സൗരാ ഷ്‌ട്രയ്‌ക്കുമെതിരെ മൂന്ന് സെഞ്ചുറിയടിച്ച് അസ്‌ഹർ വരവറിയിച്ചതാണ്. 2016, 17, 18 വർഷങ്ങളിൽ മികച്ച വിക്കറ്റ് കീപ്പർക്കുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ അനിൽ പണിക്കർ സ്‌മാരക പുരസ്‌കാര ജേതാവാണ്.










0 comments