പഴയ വീടുണ്ടോ? താമസത്തിന് പുതിയ ആൾക്കാരുണ്ട്

ടി കെ നാരായണൻ
Published on Mar 11, 2025, 02:30 AM | 1 min read
കാഞ്ഞങ്ങാട്
നാലുകെട്ട് മാതൃകയിൽ പണിത 50 വർഷത്തോളം പഴക്കമുള്ള വീട് വെറുതേ അടച്ചിട്ടിരിക്കുകയാണോ? അത് പരിപാലിക്കാൻ പാടുപെടുന്നുണ്ടോ? എങ്കിൽ വിനോദസഞ്ചാര പദ്ധതിയിൽ ഉൾപ്പെടുത്തി, അവിടെ താമസിക്കാൻ പുതിയ അതിഥികളെത്തും. വീട് പുഴയുടെയോ വയലിന്റെയോ മലനിരകളുടെയോ സമീപത്താണെങ്കിൽ സാധ്യതയേറെ. അത്തരം വീടുകളിൽ സഞ്ചാരികളെ താമസിപ്പിക്കാനുള്ള ടൂറിസം വകുപ്പിന്റെ സംവിധാനമാണ് ഗൃഹസ്ഥലി. അരനൂറ്റാണ്ട് പഴക്കമുള്ള വീടുകൾ സ്വന്തം അല്ലെങ്കിൽകൂടി ലീസിനെടുത്ത് ടൂറിസ്‌റ്റുകളെ താമസിപ്പിക്കാനും ഗൃഹസ്ഥലി പദ്ധതിയിൽ അവസരമുണ്ട്. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ 10,000 രൂപ വരെയും വീട് നന്നാക്കാൻ അഞ്ചുലക്ഷം വരെയും സബ്‌സിഡി കിട്ടും. ടൂറിസം ഡയറക്ടറുടെ പേരിൽ 1250 രൂപയുടെ ഡിഡി എടുത്ത് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ലീസിന്റെ രേഖകൾ, കെട്ടിടത്തിന്റെ പ്ലാൻ, ലൊക്കേഷൻ പ്ലാൻ, സൈറ്റ് പ്ലാൻ, വീട് നന്നാക്കുന്നുണ്ടെങ്കിൽ എൻജിനീയർ തയ്യാറാക്കിയ എസ്റ്റിമേറ്റ്, അതിന്റെ പ്ലാൻ, സബ്സിഡിക്കുള്ള പ്രോജക്ട് റിപ്പോർട്ട്, കെട്ടിടത്തിന്റെ വിവിധ ഫോട്ടോ എന്നിവ തിരുവനന്തപുരം പാർക്ക് വ്യൂവിലെ ടൂറിസം ഡയറക്ടർ ഓഫീസിൽ എത്തിച്ചാൽ മതി. ടൂറിസം വകുപ്പ് പരിശോധനാ സംഘത്തെ അയക്കും. നിബന്ധനയൊക്കെ പാലിച്ചാൽ ഗൃഹസ്ഥലിയുടെ കീഴിൽ നിങ്ങൾക്കും ഒരു ടൂറിസ്റ്റ് അക്കോമഡേഷൻ സംവിധാനമായി. ഇനിയിത് വിൽക്കാനാണ് ആഗ്രഹമെങ്കിൽ ടൂറിസം വകുപ്പിൽ കെട്ടിടം രജിസ്റ്റർ ചെയ്തിടാം. കൂടുതൽ പണം അടക്കാനോ അല്ലെങ്കിൽ വാങ്ങാനോ താൽപര്യമുള്ളവരുമുണ്ടാകും. പഴമയുടെ ഗന്ധം നുണഞ്ഞ് കഥകളുറങ്ങുന്ന വീടുകളിൽ താമസിക്കാൻ കൊതിക്കുന്ന ധാരാളം വിനോദസഞ്ചാരികളുണ്ട്. അവർ, വന്ന് ഇഷ്ടപ്പെട്ടാൽ വീട് വാങ്ങാനും ഇടയുണ്ട്.








0 comments