ad
Deshabhimani

കിഴക്കേമുറി-– അച്ചാംതുരുത്തി നടപ്പാലം തകർന്നു

തേജസ്വിനിപ്പുഴയിലെ കുത്തൊഴുക്കിൽ തകർന്ന കിഴക്കേമുറി അച്ചാംതുരുത്തി നടപ്പാലം

തേജസ്വിനിപ്പുഴയിലെ കുത്തൊഴുക്കിൽ തകർന്ന കിഴക്കേമുറി അച്ചാംതുരുത്തി നടപ്പാലം

avatar
സ്വന്തം ലേഖകൻ

Published on Aug 03, 2026, 02:54 AM | 1 min read

ചെറുവത്തൂർ

കനത്തമഴയിൽ തേജസ്വിനിപ്പുഴയിലുണ്ടായ കുത്തൊഴുക്കിൽപ്പെട്ട്‌ കിഴക്കേമുറി– -അച്ചാംതുരുത്തി നടപ്പാലം തകർന്നു. ശനി രാത്രിയോടെയാണ്‌ സംഭവം. ആളുകളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. 2008ലാണ് ജില്ലാ പഞ്ചായത്ത് കിഴക്കേമുറിയെയും അച്ചാംതുരുത്തി ദ്വീപിലെ പുറത്തേമാടിനെയും ബന്ധിപ്പിപ്പിച്ച് നടപ്പാലം നിർമിച്ചത്. കാലപ്പഴക്കംകൊണ്ട്‌ ബീമുകൾ ദ്രവിച്ചുതുടങ്ങിയിരുന്നു. തൂണുകൾ ഇളകി. ഇരുകരകളിലേക്കും കടക്കുന്നത് കൂടുതൽ പ്രയാസമായിക്കൊണ്ടിരിക്കുകയായിരുന്നു. 2019ലെ പ്രളയകാലത്താണ് പാലം കൂടുതൽ അപകടാവസ്ഥയിലായത്. കുത്തൊഴുക്കുണ്ടായപ്പോൾ പുഴയിലൂടെ ഒഴുകിവന്ന മരങ്ങൾ പാലത്തിന്റെ തൂണിൽതട്ടി കേടുപാടുകൾ വന്നു. തുടർന്ന് പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പൂർണമായും നന്നാക്കാൻ കഴിഞ്ഞില്ല. തകർന്ന കോൺക്രീറ്റ് തൂണുകൾക്കുപകരം തെങ്ങിൻതടി സ്ഥാപിച്ചും പ്ലാസ്റ്റിക് കയർകൊണ്ട് കെട്ടിയുമാണ്‌ ഇരുകര താണ്ടിയിരുന്നത്. കിഴക്കേമുറി, കാരിയിൽ, പതിക്കാൽ, കുണ്ടുപടന്ന, കുറ്റിവയൽ, മീൻകടവ് പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് അച്ചാംതുരുത്തി എയുപി സ്‌കൂൾ, കോട്ടപ്പുറം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ എത്താൻ എളുപ്പവഴിയായിരുന്നു നടപ്പാലം. കോട്ടപ്പുറം റോഡ് പാലംവഴി നീലേശ്വരത്ത് എളുപ്പത്തിൽ എത്തിച്ചേരാനും ഉപകരിക്കുന്നതായിരുന്നു. അച്ചാംതുരുത്തി ദ്വീപിലെ രോഗികൾഉൾപ്പെടെയുള്ളവർ എളുപ്പത്തിൽ കാരിയിലുള്ള തുരുത്തി കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തുന്നതും ഇതുവഴിയാണ്. ഇനി നാട്ടുകാർക്ക്‌ കിലോമീറ്റർ കറങ്ങി സഞ്ചരിക്കേണ്ട അവസ്ഥയാണ്. തകർന്ന നടപ്പാലത്തിന് പകരം റോഡുപാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സന്ദീപ് വാര്യർ എംഎൽഎ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ടി നാരായണൻ, ജില്ലാ പഞ്ചായത്തംഗം ഡോ. സെറീനാ സലാം, സിപിഐ എം നേതാക്കളായ പി വി കൃഷ്‌ണൻ, പി വി ജയചന്ദ്രൻ, എം പി രാജേഷ്‌, കെ പി വസന്തൻ എന്നിവർ സ്ഥലം സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home