കിഫ്ബിയുടെ പുതുക്കിയ സാമ്പത്തികാനുമതി രാജാറോഡ് നവീകരണം വൈകില്ല

നീലേശ്വരം കച്ചേരിക്കടവ് പാലം നിർമാണത്തിനും രാജാറോഡ് ഡിബിഎം ആൻഡ് ബിസി ചെയ്ത് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിക്കും കിഫ്ബിയിൽ 52.13 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി ലഭിച്ചതായി എം രാജഗോപാലൻ എംഎൽഎ അറിയിച്ചു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ രാജാ റോഡിന്റെ ആധുനികവൽക്കരണം യാഥാർഥ്യമാവുകയാണ്. തൃക്കരിപ്പൂർ മണ്ഡലത്തിലെ സുപ്രധാന പ്രവൃത്തി ഇതോടെ നിർമാണത്തിലേക്ക് കടക്കും. നേരത്തെ പദ്ധതിക്ക് 40.9 കോടി രൂപയുടെ സാമ്പത്തികാനുമതി കിഫ്ബി നൽകിയിരുന്നു. ഇതിൽ 24.19 കോടി രൂപ കച്ചേരിക്കടവ് പാലം നിർമാണത്തിനും 16.72 കോടി രൂപ രാജാറോഡിന്റെ വികസനത്തിനുമായിരുന്നു നീക്കിവച്ചത്. കച്ചേരിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന് സൗജന്യമായി സ്ഥലം വിട്ടുനൽകിയതിനാൽ നിർമാണം നേരത്തെയാരംഭിച്ച് അതിവേഗത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. രാജാറോഡിന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ നടപടി ആവശ്യമായി വരികയും ഏറ്റേടുക്കേണ്ട ഭൂമിയിലുള്ള 142 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടതിനാലും ഇവയുടെ വാലുവേഷന്‍ സ്റ്റേറ്റേമന്റ് ഓരോന്നും പ്രത്യേകമായി തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പൂർത്തീകരിക്കേണ്ടതിനാലുമാണ് നിർമാണം ആരംഭിക്കാൻ കഴിയാതിരുന്നത്. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുന്ന ഘട്ടത്തിൽ നേരത്തെ അനുവദിച്ച 9.15 കോടി രൂപ മതിയാവാതെ വരികയും ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ 17 കോടി രൂപയും എൽഎ കണ്ടിജൻസി ചാർജ് ഇനത്തിൽ 50 ലക്ഷം രൂപയും ആവശ്യമായിവന്നു. ഇതിന് പുറമേ റേറ്റ് പരിഷ്കരണത്തിന്റെ ഭാഗമായി റോഡ് നിർമ്മാണത്തിന് അനുവദിച്ചിരുന്ന 6.26 കോടി രൂപ 8.39 കോടി രൂപയായും കെഎസ്ഇബിയുടെ യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനായി അനുവദിച്ചിരുന്ന 50 ലക്ഷം രൂപ 51.49 ലക്ഷം രൂപയായും വാട്ടർ അതോറിറ്റിയുടെ യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനായി 2.98 ലക്ഷം രൂപയും ജിഎസ്ടി പരിഷ്കരണത്തിലെ വ്യതിയാനം വന്ന തുകയുൾപ്പെടെ പ്രവൃത്തിക്ക് നേരത്തെ അനുവദിച്ച 16.72 കോടി രൂപ 27.94 കോടി വർധിച്ചു . ഇതെല്ലാമുൾപ്പെടുത്തിയാണ് കിഫ്‌ബി മൊത്തം പദ്ധതിതുകയായ 52.13 കോടി രൂപയ്ക്ക് പുതുക്കിയ സാമ്പത്തികാനുമതി നൽകിയത്. കെആർഎഫ്ബി മുഖേന നടപ്പാക്കുന്ന പ്രവൃത്തിയില്‍ 1.680 കിലോമീറ്റർ റോഡാണ് അഭിവൃദ്ധിപ്പെടുത്തുന്നത്. ഇതിൽ 1.3 കി.മീ. 13.60 വീതിയിൽ നിർമിക്കുന്ന റോഡിൽ 7 മീറ്റർ ക്യാരേജ് വേയും ഇരുവശത്തും1.5 മീറ്റർ പേവ്ഡ് ഷോൾഡർ, ഡ്രയിനേജ്, കൾവർട്ടുകള്‍, യൂട്ടിലിറ്റി ഡക്ട്, നടപ്പാത എന്നിവ നിർമിക്കുമെന്നും എംഎൽഎ അറിയിച്ചു.










0 comments