മകൾക്കും ബന്ധുവായ പെൺകുട്ടിക്കും നേരെ ആസിഡ് ആക്രമണം

രാജപുരം
മകൾക്കും ബന്ധുവായ പെൺകുട്ടിക്കും നേരെ തിരുവോണ നാളിൽ ആസിഡ് ആക്രമണം. കരിക്കേ ആനപ്പാറയിലെ മനോജാണ് തിരുവോണ ദിവസം പുലർച്ചെ ആസിഡ് അക്രമം നടത്തിയത്. മനോജിന്റെ ഭാര്യയും മകളും പാറക്കടവിലെ അവരുടെ സ്വന്തം വീട്ടിലാണ് താമസം. അവിടെയെത്തിയാണ് മനോജ് ആക്രമണം നടത്തിയത്. പുലർച്ചെ വീട്ടിലെത്തിയ മനോജ് സ്കൂട്ടർ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം നടത്തി. അത് തടഞ്ഞപ്പോഴാണ് മകൾ നിന്നുമോൾ (17), മനോജിന്റെ ഭാര്യാ സഹോദരൻ മോഹനന്റെ മകൾ മന്യ (11) എന്നിവർക്ക് നേരെ റബർ ഷീറ്റ് ഉറ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ആസിഡ് ഉപയോഗിച്ച് ആക്രമിച്ചത്. മനോജ് മദ്യപിച്ച് നിരന്തരം വീട്ടുകാരെ ഉപദ്രവിക്കാറുള്ളതായി പറയുന്നു. തുടർന്നാണ് ഭാര്യ സ്വന്തം വീട്ടിലേക്ക് താമസം മാറിയത്. നാട്ടുകാരും രാജപുരം പൊലീസും സ്ഥലത്തെത്തിയാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. കുട്ടികൾ അപകട നില തരണംചെയ്തു. സംഭവ ശേഷം പ്രതി രക്ഷപ്പെട്ടു. കർണാടകയിലേക്ക് കടന്നതായി സംശയിക്കുന്നു. രാജപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. സിഐ പി രാജേഷിനാണ് അന്വേഷണച്ചുമതല.










0 comments