ad
Deshabhimani

ആധിയൊഴിഞ്ഞു, സന്തോഷം നിറഞ്ഞു

സർക്കാർ തണലുണ്ട്‌.... വീടുമുണ്ട്‌

കല്ലപ്പള്ളി ബട്ടോളിയിൽ ഒരുങ്ങുന്ന വീടുകളിലൊന്ന്

കല്ലപ്പള്ളി ബട്ടോളിയിൽ ഒരുങ്ങുന്ന വീടുകളിലൊന്ന്

avatar
എ കെ രാജേന്ദ്രന്‍

Published on Mar 03, 2025, 02:30 AM | 1 min read

രാജപുരം

മഴയും കാറ്റും വരുമ്പോൾ ഈ കുടുംബങ്ങൾക്ക്‌ എന്നും ആധിയായിരിക്കും. സമാധാനത്തോടെ ഉറങ്ങാനാകില്ല. ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും കല്ലപ്പള്ളി ബട്ടോളി പത്തുകുടിയിലെ പത്ത്‌ കുടുംബങ്ങൾ നിരവധിതവണയാണ്‌ കുടിയൊഴിഞ്ഞത്‌. എന്നാൽ ഇന്നിവർക്ക്‌ ഭീതിയില്ല. സംസ്ഥാന സർക്കാരിന്റെ തണലിൽ സുരക്ഷിതരാണിവർ. ഇവരുടെ ദുരിതം ബ്ലോക്ക് പഞ്ചായത്തംഗം അരുൺ രംഗത്തുമലയും, പഞ്ചായത്തംഗം കെ രാധകൃഷ്ണ ഗൗഡയും ഭരണസമിതിയും സർക്കാർ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ സർക്കാർ ഇവർക്ക് സ്ഥലവും വീടും നൽകാൻ തീരുമാനിച്ചു. സ്ഥലം അനുവദിച്ച് പട്ടയം നൽകിയതോടെ വീട് നിർമിക്കാനും പണം അനുവദിച്ചു. നിർമാണം അവസാനഘട്ടത്തിലാണ്. തോരാമഴയും മണ്ണിടിച്ചിലുമുണ്ടായാൽ പത്തുകുടിയിലെ സരസ്വതിക്കും ചില്ലിക്കുമൊന്നും ഇനി വീടൊഴിയേണ്ട. സുരക്ഷിത സ്ഥലത്ത് അടച്ചുറപ്പും സൗകര്യവുമുള്ള വീടുകൾ ഒരുങ്ങിയതോടെ ഇവരുടെ മുഖത്ത്‌ സന്തോഷം. മലക്കുടിയ വിഭാഗത്തിൽപ്പെട്ട 10 ആദിവാസി കുടുംബങ്ങൾക്കാണ് കല്ലപ്പള്ളി ബട്ടോളിയിൽ സർക്കാർ സുരക്ഷിത വീടുകൾ ഒരുക്കിയത്. ബട്ടോളിയിൽ റവന്യു വകുപ്പ് ഒരേക്കർ ഭൂമി അനുവദിക്കുകയായിരുന്നു. അതിൽ നിന്നും കുടുംബങ്ങൾക്ക് ആറു സെന്റ്‌ വീതമുള്ള പട്ടയവും കൈമാറി. അവിടെയാണിപ്പോൾ പട്ടിക വർഗ വകുപ്പിന്റെ ആദിവാസി പുനരധിവാസ വികസന മിഷൻ പദ്ധതിയിൽ വീടൊരുക്കിയത്. ആറുലക്ഷം രൂപ വീതം ചെലവിലാണ് ഓരോ കുടുംബത്തിനും 560 ചതുരശ്രയടി വിസ്തീർണമുള്ള വീടുകൾ ഒരുക്കിയത്. രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള, ശൗചാലയം, സിറ്റൗട്ട് തുടങ്ങിയവയുണ്ട്‌. ആറു സെന്റ് കമ്യൂണിറ്റി ഹാളിനായും നീക്കിവച്ചു. ബാക്കി 34 സെന്റ് കുടുംബങ്ങളുടെ പൊതുആവശ്യങ്ങൾക്കായി വിനിയോഗിക്കും. കുടിവെള്ളം ബ്ലോക്ക് പഞ്ചായത്തൊരുക്കും. പഞ്ചായത്ത്‌ ചെലവിൽ വൈദ്യുതീകരണം പൂർത്തിയാക്കുന്നതും പരിഗണനയിലുണ്ട്. ബട്ടോളി -കമ്മാടി റോഡിന്റെ പണി അവസാനഘട്ടത്തിലാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home