ad
Deshabhimani

നാടിന്റെ ക്ലേശമകറ്റി 
ജനകീയ ബസ്‌ നിരത്തൊഴിഞ്ഞു

കാലിച്ചാനടുക്കം ജനകീയ ബസ് അവസാന സർവീസും പൂർത്തിയാക്കി നീലേശ്വരം ബസ് സ്റ്റാൻഡിൽനിന്ന് പുറത്തിറങ്ങുന്നു

കാലിച്ചാനടുക്കം ജനകീയ ബസ് അവസാന സർവീസും പൂർത്തിയാക്കി നീലേശ്വരം ബസ് സ്റ്റാൻഡിൽനിന്ന് പുറത്തിറങ്ങുന്നു

avatar
സുരേഷ്‌ മടിക്കൈ

Published on Jun 10, 2026, 02:28 AM | 1 min read

നീലേശ്വരം

ഒരു നാടിന്റെ യാത്രാ ക്ലേശത്തിന്‌ പരിഹാരമായി രണ്ടു പതിറ്റാണ്ടുമുന്പ്‌ നാട്ടുകാർചേർന്നു വാങ്ങിയ ബസ്‌ അവസാന സർവീസും പൂർത്തിയാക്കി നിരത്തൊഴിഞ്ഞു. കാലിച്ചനടുക്കം ജനകീയ വികസന സമിതിയുടെ ജനകീയ ബസ് എന്ന നാട്ടുകാരുടെ സ്വന്തം വാഹനമാണ് സർവീസ്‌ അവസാനിപ്പിച്ച്‌ ലേലംചെയ്യാൻ തീരുമാനിച്ചത്‌. പ്രദേശത്തേക്ക് കെഎസ്ആർടിസി ഉൾപ്പെടെ കൂടുതൽ ബസ്‌ സർവീസുകൾ വന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായി. ഇന്ധനവിലയും സ്പെയർപാട്സുകളുടെ വില വർധിച്ചതും പ്രതിസന്ധിയിലാക്കി. ബസ്‌ ബുധൻ വൈകിട്ട് നാലിന് ലേലംചെയ്യും. ജീപ്പ് സർവീസുകളെ മാത്രം ആശ്രയിച്ചിരുന്ന കാലിച്ചാനടുക്കത്തെ യാത്രാദുരിതത്തിന് പരിഹാരമായാണ് നാട്ടുകാരുടെ കൂട്ടായ്മ ബസ് വാങ്ങാൻ തീരുമാനിച്ചത്. കാലിച്ചാനടുക്കം ഹൈസ്‌കൂൾ, കോളേജ്, ചായ്യോത്ത് സ്കൂൾ, രാജപുരം കോളജ് എന്നിവിടങ്ങളിലേക്ക് വിദ്യാർഥികൾ ഏറെ പ്രയാസപ്പെട്ടാണ് യാത്രചെയ്തിരുന്നത്. നീലേശ്വരം ടൗണിലെത്താനും ബസ് സൗകര്യമില്ലായിരുന്നു. 2003ലാണ് ബസ് സർവീസ് ആരംഭിച്ചത്. 185 പേർ ഷെയർ ഉടമകളുണ്ട്‌. 8.60 ലക്ഷത്തിന് ആദ്യ ബസ് വാങ്ങി റോഡിലിറക്കി. 5 ലക്ഷം വായ്‌പയും 3.60 ലക്ഷം ഷെയറായും പിരിച്ചു. ആദ്യം 28 സീറ്റിന്റെ ചെറിയ ബസെടുത്തു. 2011ൽ 203 ഷെയർ ഉടമകളുമായി 20 ലക്ഷം മുടക്കി പുതിയ വലിയ ബസ് വാങ്ങി. ഇതിൽ 8 ലക്ഷം ഷെയറായി പിരിച്ചു. ബാക്കി വായ്പയെടുത്തു. മൂന്നര വർഷംകൊണ്ട് വായ്‌പ അടച്ചുതീർത്തു. ഈ ബസാണ് ഇപ്പോൾ സർവീസ് അവസാനിപ്പിക്കുന്നത്‌. പ്രദേശത്ത്‌ കൂടുതൽ ബസുകൾ സർവീസ് തുടങ്ങിയതോടെ ജനകീയ ബസ്‌ പ്രതിസന്ധിയിലായി. ഇതോടെ ബസ് വിൽക്കാൻ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. കരിച്ചേരി രഘുവാണ് 22 വർഷമായി ബസിലെ കണ്ടക്ടർ. ഡ്രൈവർമാർ പലരും മാറിമാറി വന്നെങ്കിലും തുടക്കം മുതൽ അവസാനം വരെ രഘുവായിരുന്നു കണ്ടക്ടർ. സ്വന്തം വീടുവിട്ട് പോകേണ്ടി വരുന്ന മാനസികാവസ്ഥയിലാണ് രഘു. ഇനി കണ്ടക്ടർ ജോലിക്കില്ലെന്നാണ് രഘു പറയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home