ഡോക്ടർമാരില്ല; വലഞ്ഞ് രോഗികൾ

ജനറൽ ആശുപത്രിയിൽ ഞായർ വൈകീട്ട് കൗണ്ടർ 9ലെ രോഗികളുടെ തിരക്ക്
കാസർകോട്
ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവുമൂലം ഞായറാഴ്‌ച രോഗികൾ ദുരിതത്തിലായി. വൈകീട്ട് ചികിത്സ ലഭ്യമാകാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവന്നു. ഒപിയിൽമാത്രം 250ലധികം രോഗികളുണ്ടായിരുന്നു. ഉച്ചയ്‌ക്കുശേഷം ജില്ലാ ആസ്ഥാനത്തെ പ്രധാന ആശുപത്രിയുടെ ഒപിയിൽ ഒരു കൗണ്ടർമാത്രമാണ് പ്രവർത്തിച്ചത്. രണ്ടു ഡോക്ടർമാർമാത്രമാണ് രോഗികളെ പരിശോധിക്കാനുണ്ടായിരുന്നത്. വെറൽപനിയും മറ്റും പിടിപെട്ട്, ജില്ലയുടെ പല ഭാഗത്തുനിന്ന് എത്തിയവരുണ്ടായിരുന്നു. ഫാർമസിയിലും വലിയ തിരക്കായിരുന്നു. ഏറെ വൈകിയാണ് മരുന്നുകൾ ലഭ്യമായത്. പകൽ മൂന്നിന് വരിനിന്ന് വൈകീട്ട് അഞ്ചോടെയാണ് ഡോക്ടറെ കാണാനായതെന്ന് ഒരുരോഗി പറഞ്ഞു. ജില്ലയിലെ പ്രധാന സർക്കാർ ആരോഗ്യസ്ഥാപനമായ ജനറൽ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും നിയമിക്കാതെ അലംഭാവം തുടരുകയാണ് ആരോഗ്യ വകുപ്പ്. പ്രതിദിനം 1000 മുതൽ 1500വരെ രോഗികൾ ചികിത്സയ്ക്കായി എത്തുന്ന ആശുപത്രിയിലാണ് വലിയ ശതമാനം ഡോക്ടർമാരുടെ അഭാവം നിലനിൽക്കുന്നത്. രോഗികൾക്ക് സമയബന്ധിത ചികിത്സയാണ് നിഷേധിക്കുന്നത്. തീരദേശത്തെയും മലയോരമേഖലയിലെയുമുൾപ്പെടെ ജില്ലയുടെ നാനാഭാഗത്തെ സാധാരണക്കാരുടെ പ്രധാന ആശ്രയകേന്ദ്രമാണ് ആശുപത്രി. ഡങ്കിപ്പനി, എലിപ്പനി, വൈറൽ പനികൾ എന്നിവയുൾപ്പെടെ ബാധിച്ച് നിരവധിപേരാണ് ദിവസവും ആശുപത്രിയിൽ എത്തുന്നത്. അടിയന്തരമായി കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാൻ ആരോഗ്യ വകുപ്പ് തയ്യാറാവണമെന്ന ആവശ്യം ശക്തമാണ്. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കണം.










0 comments