വായിച്ചു വിജയിച്ചു; പറന്നുയർന്നു

വായനച്ചലഞ്ച് വിജയികളെ യാത്രയയക്കാൻ കണ്ണൂർ വിമാനത്താവളത്തിലെത്തിയ വി കെ സനോജ് എംഎൽഎ കുട്ടികൾക്കൊപ്പം സെൽഫിയെടുക്കുന്നു
സ്വന്തംലേഖകൻ
Published on Aug 24, 2026, 02:49 AM | 1 min read
പിണറായി
ടിക്കറ്റ് കൈയിൽ കിട്ടിയതുമുതൽ കാത്തിരിപ്പായിരുന്നു. വിമാനം എപ്പോഴെത്തും, എങ്ങനെയായിരിക്കും ആദ്യ പറക്കൽ എന്ന കൗതുകം. ഒടുവിൽ വിമാനം ആകാശത്തേക്ക് ഉയർന്നപ്പോൾ 64 കുട്ടികളുടെ മുഖത്ത് തെളിഞ്ഞത് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. വായനച്ചലഞ്ചിൽ നേടിയ വിജയത്തിനുള്ള സമ്മാനമായി ലഭിച്ച ആദ്യ വിമാനയാത്രയായിരുന്നു അത്. തലശേരി താലൂക്ക് ലൈബ്രറി കൗൺസിൽ വേനലവധിക്കാലത്ത് സംഘടിപ്പിച്ച വായനച്ചലഞ്ചിൽ വിജയിച്ച 64 കുട്ടികളാണ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത്. കണ്ണൂർ വിമാനത്താവളത്തിൽ നടന്ന യാത്രയയപ്പിൽ വി കെ സനോജ് എംഎൽഎ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി. കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സി സജീവൻ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി പ്രദീപൻ സംസാരിച്ചു. തിരുവനന്തപുരത്തെത്തിയ സംഘം ബാലാവകാശ കമീഷൻ ആസ്ഥാനം, നിയമസഭാ മന്ദിരം, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ലുലുമാൾ, കോവളം ബീച്ച് എന്നിവ സന്ദർശിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു, ബാലാവകാശ കമീഷൻ ആക്ടിങ് ചെയർപേഴ്സൺ സിസിലി ജോസഫ്, കമീഷൻ അംഗം പി മോഹൻകുമാർ എന്നിവർ കുട്ടികളുമായി സംവദിച്ചു. പഴയിടത്തിന്റെ ഓണസദ്യയും യാത്രയ്ക്ക് രുചികരമായ ഓർമയായി. വായനയിൽനിന്ന് ലഭിച്ച അറിവിനൊപ്പം പുതിയ കാഴ്ചകളും അനുഭവങ്ങളും സ്വന്തമാക്കി കുട്ടികൾ നാട്ടിലേക്ക് മടങ്ങി. കണ്ണൂർ എക്സ്പ്രസിൽ തിങ്കൾ രാവിലെ 7.30 ന് മടങ്ങിയെത്തുന്ന സംഘത്തിന് തലശേരി റെയിൽവേ സ്റ്റേഷനിൽ കാരായി രാജൻ എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. എൻ സുധൻ, യു ബ്രിജേഷ്, ടി പി സനീഷ് കുമാർ, ഗിരിജ കല്യാടൻ, കെ സുരേന്ദ്രൻ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.










0 comments