ad
Deshabhimani

ഓർമകളുടെ 
കടലാണ്‌ തെരഞ്ഞെടുപ്പുകൾ

ബീംബുങ്കാലിലെ ടി വി കുഞ്ഞമ്പു

ബീംബുങ്കാലിലെ ടി വി കുഞ്ഞമ്പു

avatar
ഡി വിൻലാൽ

Published on Dec 02, 2025, 02:30 AM | 1 min read

ബേഡകം

84ാം വയസ്സിൽ തെരഞ്ഞെടുപ്പ് ഓർമകളുടെ കടലിരമ്പുന്നുണ്ട് ബീംബുങ്കാലിലെ ടി വി കുഞ്ഞമ്പുവേട്ടനിൽ. വായിക്കാൻ അറിയാവുന്ന കാലം മുതൽ സ്ഥിരമായി ദേശാഭിമാനി പത്രം വായിക്കാറുണ്ടായിരുന്നു. പത്ര വായനക്കായി കുണ്ടംകുഴിയിൽ കടയിലെത്തുന്ന വിദ്യാർഥിയെ സിപിഐ എം നേതാവ് ടി ടി കുഞ്ഞിരാമൻ നോട്ടിമിട്ടു. പൊതുപ്രവർത്തന രംഗത്തേക്കുള്ള കൈപിടിച്ചുയർത്തലായി അത്‌ മാറി. ​1963-–64 കാലത്ത്‌ ബേഡകം വില്ലേജ് പഞ്ചായത്തിലേക്ക് ഇടതുപക്ഷം മത്സരിക്കവേയാണ്‌ ആദ്യമായി ടി വി കുഞ്ഞമ്പു തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമായത്. അന്ന് ടി ടി കുഞ്ഞിരാമനായിരുന്നു ബേഡകം വാർഡിലെ സ്ഥാനാർഥി. കുഞ്ഞമ്പുവേട്ടന്റെ കയ്യിൽ വോട്ടർപട്ടിക നൽകി സ്ഥാനാർഥി ഒപ്പം കൂട്ടി. അന്നത്തെ ബേഡകം വാർഡ്‌ എന്നാൽ പെരിങ്ങാനം മുതൽ കുണ്ടംകുഴി വരെയുള്ള വിശാലം. ദീർഘദൂരം നടന്നുവേണം വോട്ട് ചോദിക്കാൻ. പുലർച്ചെ പുറപ്പെട്ടാൽ രാത്രി വൈകിയാകും തിരിച്ചെത്തുക. കഷ്ടപ്പാടുകൾ സഹിച്ച്‌ പ്രചാരണ പ്രവർത്തനം നടത്തിയിട്ടും ചെറിയ വോട്ടിന്‌ ടി ടി കുഞ്ഞിരാമൻ പരാജയപ്പെട്ടു. അത് കുഞ്ഞമ്പുവേട്ടനും പ്രവർത്തകർക്കും വലിയ വിഷമമുണ്ടാക്കി. ജനങ്ങൾക്ക് വേണ്ടിയുള്ള ഇടപെടൽ തുടർന്നു. ​അക്കാലത്ത് ബീംബുങ്കാൽ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. പരിഹാരം കാണാൻ പഞ്ചായത്ത് പ്രസിഡന്റായ ‌ബേഡകം വി കെ ഗോവിന്ദൻ നായർക്ക് നിവേദനം നൽകി. ബീംബുങ്കാൽ എ കെ ജി ഭവന് മുമ്പിൽ ഇപ്പോഴുള്ള കിണർ ആ ഇടപെടലിൽ സാധ്യമായതാണ്. ബേഡകം മുതൽ ബീംബുങ്കാൽ വരെ കുടിവെള്ള പൈപ്പിടാൻ പാർടി പ്രവർത്തകരുമായി അധ്വാനിച്ചതും കുഞ്ഞമ്പുവേട്ടൻ ഇന്നലെയെന്ന പോലെ ഓർക്കുന്നു. പിഎസ്‌പി, കോൺഗ്രസ്‌ ഗുണ്ടകളുടെ നിരവധി അക്രമങ്ങളിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട നേതാവാണ്‌ ടി വി കുഞ്ഞമ്പു. കർഷക തൊഴിലാളി യൂണിയൻ അവിഭക്ത കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി, കെഎസ്‌വൈഎഫ്‌ കാസർകോട് താലൂക്ക് കമ്മറ്റിയംഗം എന്നീ ചുമതലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ സിപിഐ എം തോരോത്ത് ബ്രാഞ്ചംഗമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home