പാചക വാതകം ലാഭിക്കാം ചൂടാറാപ്പെട്ടിയുണ്ട്

കാഞ്ഞങ്ങാട്ടെ പരിഷത്ത് ഭവനിൽ ചൂടാറാപ്പെട്ടിയുമായി ഓഫീസ് സെക്രട്ടറി

സ്വന്തം ലേഖകൻ
Published on Mar 21, 2026, 02:00 AM | 1 min read
ചെറുവത്തൂർ
ഒരുവശത്ത് തെരഞ്ഞെടുപ്പ് ചൂട്. മറുവശത്ത് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലൂടെ ഉടലെടുത്ത കടുത്ത പാചക വാതക ക്ഷാമം. അസഹനീയമായ മീനച്ചൂട് വേറെയും. ഇതില്‍ ഏതാണ് ഏറ്റവും രൂക്ഷമെന്ന് ചോദിക്കുമ്പോള്‍ വീട്ടമ്മമാര്‍ക്കാകെ ഒറ്റ മറുപടി. പാചകവാതകക്ഷാമം തന്നെ. ഈ സാഹചര്യത്തിൽ കേരളത്തിലെ വിവേകമതികളായ വീട്ടമ്മമാര്‍ ഇന്ധനം കുറച്ച് ഉപയോഗിച്ച് എങ്ങനെ കൂടുതല്‍ പാചകം ചെയ്യാമെന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഗവേഷണ വിഭാഗമായ ഐആര്‍ടിസി രൂപകല്‍പ്പന ചെയ്‌ത ചൂടാറാപ്പെട്ടി എന്ന ബദല്‍ മാര്‍ഗങ്ങൾ തേടുകയാണ് മിക്കവരും. പുകയില്ലാത്ത അടുപ്പ് എന്ന പേരില്‍ പരിഷത്ത് നടപ്പിലാക്കിയ അടുപ്പുകള്‍ മലയാളിക്ക് സുപരിചിതമാണ്. എന്നാല്‍ 40 വര്‍ഷത്തിലേറെയായി പരിഷത്ത് വിപണിയിലെത്തിക്കുന്ന ചൂടാറാപ്പെട്ടിയെപ്പറ്റി ഏറെപ്പേര്‍ക്കും അറിയില്ലായിരുന്നു. എല്‍പിജി ക്ഷാമം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ വലിയതോതില്‍ ചൂടാറാപ്പെട്ടിയെപ്പറ്റി ചര്‍ച്ചചെയ്യുകയും ഇവ തേടി പ്പോവുകയും ചെയ്യുന്നു. വീട്ടമ്മമാര്‍ക്ക് ആശ്വാസത്തിന്റെ വക നല്‍കുന്ന പരിഷത്തിന്റെ ചൂടാറാപ്പെട്ടി ആവശ്യപ്പെട്ട് നിരവധിയാളുകളാണ് പരിഷത്ത് ഭവനുകളില്‍ എത്തുന്നത്. ചൂടാറാപ്പെട്ടി എവിടെ കിട്ടുമെന്ന് ആരാഞ്ഞ് ഫോണ്‍ കോളുകളുമുണ്ട്. ഊര്‍ജ ലാഭം, പരിസ്ഥിതി സൗഹൃദം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി നേരത്തെ വീട്ടകങ്ങളില്‍ സ്ഥാനം പിടിച്ച ചൂടാറാപ്പെട്ടിക്കുവേണ്ടി പരിഷത്ത് ഭവനുകളില്‍ വീട്ടമ്മമാര്‍ എത്തിക്കൊണ്ടിരിക്കയാണ്. മലയാളിയുടെ പാചക ശീലം കണക്കിലെടുത്ത് ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്‍റര്‍ രൂപ കൽപന ചെയ്‌തതാണ് ചൂടാറാപ്പെട്ടി. പ്രത്യേക തരത്തിലുളള പോളിസ്‌റ്ററീന്‍ കൊണ്ട് നിര്‍മിച്ചതാണിത്. ഒരു കിലോ അരി പാചകം ചെയ്യുമ്പോള്‍ 80 ഗ്രാം പാചക വാതകം ലാഭിക്കാന്‍ കഴിയുന്നുവെന്നതാണ് ചൂടാറാപ്പെട്ടിയുടെ പ്രത്യേകത.











0 comments