മടിക്കൈ–പുളിക്കാൽ പാലം
മലയോരത്തേക്കൊരു വികസനപ്പാലം

മടിക്കൈ–പുളിക്കാൽ പുതിയ പാലം
സുരേഷ് മടിക്കെെ
Published on Mar 26, 2026, 02:00 AM | 1 min read
മടിക്കൈ
അപകടാവസ്ഥയിലായ പാലത്തിലൂടെ ജീവൻ പണയംവച്ച് യാത്രചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു എരിക്കുളം, കാഞ്ഞിരപ്പൊയിൽ, പുളിക്കാൽ പ്രദേശത്തെ ജനങ്ങൾക്ക് അക്കാലം മാറി. ജലസേചന വകുപ്പ് നിർമിച്ച കാലപ്പഴക്കം വന്ന വീതി കുറഞ്ഞ വിസിബി സ്ട്രക്ചർ പൊളിച്ചുനീക്കി പുതിയ പാലം പണിതു. പഴയപാലം പൊളിച്ച് 3 കോടി 29 ലക്ഷം രൂപ ചിലവിലാണ് പുതിയ പാലം നിർമിച്ചത്. ദേശീയപാതയിൽ പടന്നക്കാട് നിന്നും കിഴക്കൻ മലയോര മേഖലയിലേക്ക് എളുപ്പത്തിൽ എത്താവുന്ന നിർദിഷ്ട പടന്നക്കാട് - വെള്ളരിക്കുണ്ട് റോഡ് വികസന പദ്ധതിയുടെ ഭാഗമായാണ് പാലം പുതുക്കിനിർമിച്ചത്. നിലവിലുള്ള റോഡ് വീതികൂട്ടി, കയറ്റവും ഇറക്കവും വളവും കുറച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മടിക്കെെ, കോടോം -ബേളൂർ, കിനാനൂർ -കരിന്തളം പഞ്ചായത്തുകളിലൂടെ റോഡ് കടന്നുപോകും. പടന്നക്കാടുനിന്ന് തുടങ്ങി നമ്പ്യാർക്കാൽ, ഉപ്പിലിക്കൈ ചതുരക്കിണർവഴി കൂലോം റോഡിലേക്കും അവിടെനിന്ന് മൂന്നുറോഡ്, മയ്യങ്ങാനം പാലംവഴി കാലിച്ചാനടുക്കം ടൗണിലുമെത്തും. തുടർന്ന് ആനപ്പെട്ടി, ബാനം, പന്നിത്തടം വഴി വെള്ളരിക്കുണ്ടിൽ എത്തുന്ന വിധം 32 കിലോമീറ്റർ പാതയാണ് പദ്ധതിയിൽ. 2018ലെ ബജറ്റിൽ 60 കോടി അനുവദിച്ച പടന്നക്കാട്–-വെള്ളരിക്കുണ്ട് റോഡ് വികസനപദ്ധതിയിൽ ഉൾപ്പെട്ടതാണ് പുളിക്കാൽ പാലം പുതുക്കിപ്പണിയൽ. പുളിക്കൽ ചാലിന് കുറുകെ പാലം വന്നു. കൂടാതെ കാർഷിക മേഖലയ്ക്ക് ജലസേചന സൗകര്യത്തിനായി പുതിയ ബിസിബിയും നിർമിച്ചു. 2024ൽ മന്ത്രി പി എ മുഹമ്മദ് റിയാസ് പാലം നാടിനായി സമർപ്പിച്ചപ്പോൾ അതൊരു ആഘോഷമായിരുന്നു. പുളിക്കാലിൽ കിഫ്ബി പദ്ധതിയിൽ നിർമിച്ച റോഡ് പാലം മടിക്കൈയുടെ മലയോര മേഖലയിലേക്കുള്ള വികസന പാതയാണ്. പടന്നക്കാട് ദേശീയപാതയിൽനിന്ന്- വെള്ളരിക്കുണ്ടിലേക്കുള്ള നിർദിഷ്ട റോഡ് പദ്ധതിയിൽ നിർമിച്ച ആദ്യ പാലമാണ് പുളിക്കാലേത്.









0 comments