ad
Deshabhimani

കരുതൽ തണലിൽ പുഞ്ചിരിവെട്ടം

ബട്ടോളി പത്തുകുടിയിലെ കുടുംബങ്ങള്‍ പുതിയ വീടുകള്‍ക്ക് മുന്നില്‍
avatar
എ കെ രാജേന്ദ്രന്‍

Published on Sep 15, 2025, 03:01 AM | 2 min read

രാജപുരം ​കാലവര്‍ഷം കനത്താൽ സ്വന്തം വീടൊഴിഞ്ഞ്‌ ദുരിതാശ്വാസ ക്യാമ്പില്‍ അഭയംതേടുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് സുരക്ഷിതകേന്ദ്രത്തില്‍ സ്വന്തമായി ഭൂമിയും വീടുംനല്‍കി പുതുജീവിതം നൽകിയ പഞ്ചായത്താണ് പനത്തടി. കമ്മാടി പത്തുകുടിയിലെ കുടുംബങ്ങളിൽ പുഞ്ചിരി നിറയ്‌ക്കാൻ നടത്തിയ ചെറുതല്ലാത്ത ജാഗ്രതയാണ്‌ പഞ്ചായത്ത്‌ ഭരണസമിതിയെ വ്യത്യസ്‌തമാക്കുന്നത്‌. കനത്ത മഴയും കാറ്റും വരുമ്പോള്‍ ഈ കുടുംബങ്ങള്‍ക്ക് ആധിയായിരുന്നു. ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും കല്ലപ്പള്ളി ബട്ടോളി പത്തുകുടിയിലെ പത്ത് കുടുംബങ്ങള്‍ നിരവധി തവണയാണ് കുടിയൊഴിഞ്ഞ് പോകേണ്ടിവന്നത്. ഓരോ മഴക്കാലത്തും റവന്യൂ അധികൃതര്‍ വാഹനവുമായെത്തും. പക്ഷെ ഇന്നിവര്‍ക്ക് ഭീതിയില്ല. സംസ്ഥാന സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും തണലില്‍ സുരക്ഷിതരാണിവർ. ഇവര്‍ക്ക് സൗജന്യമായി സ്ഥലവും അതില്‍ വീടും നിർമിച്ച്‌ നല്‍കി. നാടറിഞ്ഞ 
വികസന വെളിച്ചം കര്‍ണാടകവുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്ത് വികസന കാര്യത്തില്‍ ഇന്നും മുമ്പിലാണ്. മലകുടിയന്‍, ആദിവാസി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്തില്‍ സാധാരണക്കാരുടെ അടിസ്ഥാന വികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. ജില്ലയില്‍ പകര്‍ച്ചപ്പനി പടരുന്ന പഞ്ചായത്തുകളില്‍ ഒന്നാണെങ്കിലും സുരക്ഷ ഉറപ്പാക്കാനുള്ള പഞ്ചായത്തിന്റെ പരിശ്രമം ചെറുതല്ല. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെട്ട് ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ചു. റാണിപുരം വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്ന പഞ്ചായത്ത് എന്ന നിലയില്‍ ടൂറിസം മേഖലയിലും വേണ്ട ഇടപെടല്‍ നടത്തുന്നു. ലൈഫ് പദ്ധതിയില്‍ 681 വീട് പൂര്‍ത്തീകരിച്ചു. ഭരണസമിതിയുടെ ശക്തമായ ഇടപ്പെടലിന്റെ ഭാഗമായി 40 ലക്ഷം രൂപ മുടക്കി രണ്ടേക്കർ സ്ഥലം വാങ്ങി കളിസ്ഥലം ഒരുക്കുന്നു. ഇതിനായി ഒരുകോടി രൂപയാണ് യുവജന ക്ഷേമ വകുപ്പും പഞ്ചായത്തും മാറ്റിവച്ചത്‌. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പഠനം നടത്തുന്നതിനായി 72 ലക്ഷം രൂപ ചിലവില്‍ പനത്തടിയില്‍ ബഡ്‌സ്‌ സ്‌കൂളും സ്ഥാപിച്ചു. ഗതാഗത മേഖലയിലെ ഇടപെടലും ചെറുതല്ല. പാണത്തൂര്‍ പരിയാരം കല്ലപ്പള്ളി റോഡിന് 10 ലക്ഷം രൂപയും കമ്മാടി റോഡിന് അഞ്ചുകോടിയും പാറക്കടവ് റാണിപുരം റോഡിന് നാലുകോടിയും അനുവദിച്ചു. ചിറക്കടവ് ചെക്ക്ഡാമിന് ആറുകോടി രൂപയാണ്‌ പഞ്ചായത്ത്‌ ഇടപ്പെടലിൽ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്‌. ക്ഷീരഗ്രാമം പദ്ധതിക്കായി 20 ലക്ഷവും കാര്‍ഷിക മേഖലയില്‍ കേരഗ്രാമം പദ്ധതിക്ക് ഒരു കോടിയും അനുവദിച്ചു. വന്യമൃഗ ശല്യം തടയാൻ വൈദ്യുതി വേലിക്കായി ചെര്‍ണ്ണൂര്‍ പവിത്രംകയത്ത്‌ 50 ലക്ഷവും കമ്മാടി കല്ലപ്പള്ളിയിൽ 47 ലക്ഷം രൂപയും അനുവദിച്ചു. ബാപ്പുങ്കയം, മാപ്പിളശേരി, കുണ്ടുപ്പള്ളി ഉന്നതി വികസനത്തിന് ഒരു കോടി രൂപ വീതവും അനുവദിച്ചു.ബട്ടോളി പത്തുകുടിയിലെ കുടുംബങ്ങള്‍ പുതിയ വീടുകള്‍ക്ക് മുന്നില്‍



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home